ഇടുക്കി: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ആസ്ഥാനമായുള്ള സീറോ മലബാര്‍ രൂപതയുടെ മൂന്നാമത്തെ മെത്രാനായി സി.എസ്.റ്റി. സന്യാസ സമൂഹാംഗമായ ഫാ. മാത്യു നെല്ലിക്കുന്നേലിനെ സീറോ മലബാര്‍ സഭയുടെ മുപ്പത്തിയൊന്നാം സിനഡിന്റെ മൂന്നാം സമ്മേളനം തെരഞ്ഞെടുത്തു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം 2023 ആഗസ്റ്റ് 26-ാം തിയതി ശനിയാഴ്ച ഇറ്റാലിയന്‍ സമയം ഉച്ചയ്ക്ക് 12 മണിക്കു വത്തിക്കാനിലും ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞു 03.30ന് കാക്കനാട് മൗണ്ട് സെന്റ് തോമസിലും നടത്തപ്പെട്ടു.
സഭയുടെ ആസ്ഥാന കാര്യാലയത്തില്‍ സീറോ മലബാര്‍ സഭയുടെ മെത്രാന്‍ സിനഡ് അംഗങ്ങളുടെ സാന്നിധ്യത്തില്‍ നടത്തിയ പൊതു സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ചു ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. തുടര്‍ന്നു മേജര്‍ ആര്‍ച്ചുബിഷപ്പും ഗോരഖ്പൂര്‍ രൂപതയുടെ സ്ഥാനമൊഴിയുന്ന മെത്രാന്‍ മാര്‍ തോമസ് തുരുത്തിമറ്റവും ചേര്‍ന്നു നിയുക്ത മെത്രാനെ സ്ഥാനചിഹ്നങ്ങള്‍ അണിയിച്ചു. സിനഡുപിതാക്കന്മാരും സഭാകാര്യാലയത്തിലെ വൈദികരും സമര്‍പ്പിതരും നിയുക്ത മെത്രാന് അഭിനന്ദനങ്ങളും ആശംസകളുമറിയിച്ചു.
ഇടുക്കി രൂപതയിലെ മരിയാപുരം ഇടവകയില്‍ നെല്ലിക്കുന്നേല്‍ വര്‍ക്കി മേരി ദമ്പതികളുടെ മൂത്തമകനായി 1970 നവംബര്‍ 13-നാണ് ഫാ. മാത്യു ജനിച്ചത്. ഹൈസ്‌കൂള്‍ പഠനത്തിനുശേഷം സി.എസ്.റ്റി. സന്യാസസമൂഹത്തിന്റെ പഞ്ചാബ് രാജസ്ഥാന്‍ പ്രോവിന്‍സില്‍ ചേര്‍ന്നു ഗോരഖ്പൂരിലുള്ള മൈനര്‍ സെമിനാരിയില്‍ വൈദിക പരിശീലനം ആരംഭിച്ചു. 1990-ല്‍ ആദ്യവൃതം ചെയ്ത അദ്ദേഹം 1996-ല്‍ നിത്യവൃതവാഗ്ദാനം നടത്തി. വൈദിക പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ അദ്ദേഹം 1998 ഡിസംബര്‍ മുപ്പതാം തിയതി കോതമംഗലം രൂപതയുടെ മുന്‍ മെത്രാന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ പിതാവില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു.
പൗരോഹിത്യ സ്വീകരണത്തിനുശേഷം അസി. നോവിസ് മാസ്റ്റര്‍, മൈനര്‍ സെമിനാരി റെക്ടര്‍, ഇടവകവികാരി, സ്‌കൂള്‍ മാനേജര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഫാ. മാത്യു 2005-ല്‍ ഉപരിപഠനത്തിനായി റോമിലേക്കുപോയി. റോമിലെ അഞ്ചേലിക്ക യൂണിവേഴ്‌സിറ്റിയില്‍ നിന്നു തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം ആലുവ ലിറ്റില്‍ ഫ്‌ളവര്‍ മേജര്‍ സെമിനാരിയില്‍ അധ്യാപകനായി നിയമിതനായി. തുടര്‍ന്നു ജര്‍മനിയിലെ റേഗന്‍സ്ബുര്‍ഗ് രൂപതയില്‍ അജപാലനശുശ്രൂഷചെയ്തു.
2015 മുതല്‍ 2018 വരെ പഞ്ചാബ്- രാജസ്ഥാന്‍ ക്രിസ്തു ജയന്തി പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യാളായി സേവനമനുഷ്ഠിച്ചു. 2018-ല്‍ ആലുവ ലിറ്റില്‍ ഫ്‌ളവര്‍ മേജര്‍ സെമിനാരിയുടെ റെക്ടറായി ശുശ്രൂഷ നിര്‍വഹിച്ചുവരവേയാണു ഗോരഖ്പൂര്‍ രൂപതയുടെ വൈദിക മേലദ്ധ്യക്ഷനാകാനുള്ള നിയോഗം അദ്ദേഹത്തെ തേടിയെത്തുന്നത്. ഇംഗ്ലീഷ്, ഹിന്ദി, ജര്‍മന്‍, ഇറ്റാലിയന്‍ എന്നീ ഭാഷകളില്‍ പ്രാവീണ്യമുണ്ട്. ഇടുക്കി രൂപതയുടെ അധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പിതാവിന്റെ ജേഷ്ഠ സഹോദരനാണ് നിയുക്ത മെത്രാന്.