Advertisment

ഖുര്‍ആന്‍ സന്ദേശങ്ങള്‍ സമാധാന ജീവിതം സാധ്യമാക്കും : കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍

വിശുദ്ധ ഖുര്‍ആന്റെ മാനവിക-സാഹോദര്യ-നവീകരണ സന്ദേശങ്ങള്‍ സമാധാന ജീവിതം സാധ്യമാക്കാന്‍ പര്യാപ്തമാണെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍.

New Update
kantha puram 1

കോഴിക്കോട്: വിശുദ്ധ ഖുര്‍ആന്റെ മാനവിക-സാഹോദര്യ-നവീകരണ സന്ദേശങ്ങള്‍ സമാധാന ജീവിതം സാധ്യമാക്കാന്‍ പര്യാപ്തമാണെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. ഖുര്‍ആന്‍ പ്രമേയമായി നടക്കുന്ന കേരളത്തിലെ ഏറ്റവും വലിയ വൈജ്ഞാനിക മത്സരമായ മര്‍കസ് ഖുര്‍ആന്‍ ഫെസ്റ്റ്(എം.ക്വു.എഫ്) രണ്ടാം എഡിഷന്റെ സമാപന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Advertisment

ഈ സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് മര്‍കസിലെ ഖുര്‍ആന്‍ പഠിതാക്കള്‍ പ്രവര്‍ത്തിക്കുന്നതെന്നും കേരളത്തില്‍ ഖുര്‍ആന്‍ പഠന മേഖല വികസിപ്പിക്കുന്നതില്‍ മര്‍കസ് വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മര്‍കസ് അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ മൂന്നു ദിവസമായി വ്യത്യസ്ത സെഷനുകളായി നടന്ന മത്സരങ്ങള്‍ക്കും വിജ്ഞാന സദസ്സുകള്‍ക്കുമാണ് ഇന്നലെ തിരശ്ശീല വീണത്. ഫെസ്റ്റിന്റെ ഫൈനല്‍ മത്സരങ്ങളില്‍ മര്‍കസ് സെക്ടര്‍ ഓവറോള്‍ ചാമ്പ്യന്മാരായി.

സമാപന ചടങ്ങില്‍ മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി വിജയികളെ പ്രഖ്യാപിച്ചു. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ്  സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ശൈഖ് ഫൗസി ഈജിപ്ത് എന്നിവര്‍ സന്ദേശ പ്രഭാഷണം നടത്തി. 

വിജയികള്‍ക്ക് സമസ്ത മുശാവറ അംഗം വി പി എം ഫൈസി വില്യാപ്പള്ളി ട്രോഫി സമ്മാനിച്ചു. കൂടുതല്‍ വ്യക്തിഗത പോയിന്റ് നേടിയ ബുഖാരിയ്യ സെക്ടറിലെ ഹാഫിള് സാബിത് ചെറൂപ്പക്ക് മര്‍കസ് നോളേജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി എം.ക്വു.എഫ് അവാര്‍ഡ് നല്‍കി. 

പൊതുജനങ്ങള്‍ക്കും കുടുംബങ്ങള്‍ക്കുമായി നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്ക് മുഹമ്മദ് ഹനീഫ് സഖാഫി ആനമങ്ങാട് സമ്മാനം നല്‍കി.

കേരളത്തിലെ വിവിധ ജില്ലകളിലെ 29 ക്യാമ്പസുകളിലെ 800 വിദ്യാര്‍ഥികളാണ് ഫെസ്റ്റില്‍ മാറ്റുരച്ചത്.  ഖുര്‍ആന്‍ പ്രമേയമായ 28 വ്യത്യസ്ത മത്സരങ്ങളായിരുന്നു ഫെസ്റ്റിന്റെ മുഖ്യ ആകര്‍ഷകം. ഖുര്‍ആന്‍ പാരായണത്തിലും മനഃപാഠത്തിലും പരിശീലിപ്പിക്കുകയും അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരങ്ങളിലേക്ക് വിദ്യാര്‍ഥികളെ പ്രാപ്തരാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തിലാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. 

വിശുദ്ധ ഖുര്‍ആന്റെ മാനവിക സന്ദേശം, ബഹുസ്വരത, ശാസ്ത്രീയ വീക്ഷണം എന്നിവ വിളംബരം ചെയ്യുന്ന വിവിധ സെഷനുകളും ഫെസ്റ്റില്‍ നടന്നു. അബൂബക്കര്‍ സഖാഫി പന്നൂര്‍ സ്വാഗതവും അബ്ദുസമദ് സഖാഫി മൂര്‍ക്കനാട് നന്ദിയും പറഞ്ഞു.

Advertisment