കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ ജന്മശതാബ്‌ദി അനുസ്മരണo ജനുവരി 11, 20 തിയതികളില്‍. കഥകളിമേളവിദഗ്ദ്ധനുമപ്പുറം, പലതിലും, പലതിലും അതിനിപുണനായ ഈ ബഹുമുഖപ്രതിഭയുടെ കഴിവുകളെ വിലയിരുത്തുക എന്നത് അസാദ്ധൃമായൊരു കാരൃം തന്നെ എന്നതിന് സംശയമില്ല. നിരവധി അരങ്ങുകളിൽ ഈ മഹാപുരുഷന്റെ മേളമികവിന് സാക്ഷിയാവാൻ കഴിഞ്ഞ കലാസ്വാദകർക്കു ഇദ്ദേഹത്തോട് എന്നും ബഹുമാനം മാത്രമേ തോന്നിയിട്ടുള്ളു. മറ്റുള്ളവരേക്കാളും കൂടുതൽ മുറുക്കിയ ചെണ്ടയുമായേ അദ്ദേഹം അരങ്ങിലെത്തു.
മുറുക്കം കൂടിയാൽ കൈ നിയന്ത്രയിക്കാൻ പാടാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. പക്ഷെ കൈയ്ക്ക് കൂട്ടുന്നതിലും സന്ദർഭത്തിനനുസരിച്ചു ശബ്ദം നിയന്ത്രിക്കുന്നതിനും, കഥാപാത്രോചിതവും രംഗത്തിന് ഇണങ്ങുന്ന തരത്തിലുള്ള മേളം പ്രയോഗിക്കുന്നതിലുമുള്ള അദ്ദേഹത്തിന്റെ പ്രാവീണ്യം അവർണ്ണനീയം തന്നെ. കൂടാതെ ചില സന്ദർഭങ്ങളിൽ രംഗത്ത് ഇതുതന്നെയാണ് വേണ്ടത് എന്നു തോന്നുന്ന വിധത്തിലുള്ള പൊടികൈകളും അദ്ദേഹത്തിന്റെ മേളത്തിന്റെ സവിശേഷതയാണ്. മേളപ്പദം കഥകളിയിൽ അനിവാരൃമാണെന്ന തോന്നലുണ്ടായതും പൊതുവാളാശാന്മാരാണെന്നു പറയുന്നതിൽ തെറ്റുണ്ടെന്നു തോന്നുന്നില്ല.
തൗര്യത്രിക കലയായ കഥകളിയുടെ ഇതിഹാസം കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ ജന്മശതാബ്‌ദി 2024 മെയ് 28നു ആണ്. അദ്ദേഹത്തിന്റെ സ്മരണ ശാശ്വതീകരിക്കുന്നതിനായി 2023 ജൂൺ മാസം മുതൽ കഥകളി ക്ലബ്ബുകളുടെയും സംഘാടകരുടെയും സഹകരണത്തോടെ ഒരു വര്ഷം നീണ്ടു നിൽക്കുന്ന ജന്മശതാബ്‌ദിയാഘോഷത്തിനു തുടക്കം കുറിച്ചിരിക്കുന്നു.
പത്തനംതിട്ട ജില്ലാ കഥകളി ക്ലബ് ജനുവരി 11നു നടത്തുന്ന അനുസ്മരണ യോഗത്തിൽ കലാമണ്ഡലം റിട്ടയേർഡ് പ്രിൻസിപ്പലും കഥകളി മേള വിദഗ്ദ്ധനുമായ കലാമണ്ഡലം ഉണ്ണികൃഷ്ണൻ തന്റെ മാനസഗുരുവിനെ അനുസ്മരിച്ചു പ്രഭാഷണം . ചാലക്കുടി നമ്പീശൻ സ്മാരക കഥകളി ക്ലബ് ജനുവരി 20നു നടത്തുന്ന അനുസ്മരണ യോഗത്തിൽ കഥകളി നിരൂപകനും കലാമണ്ഡലം പ്രവർത്തക സമിതി അംഗവും ഡീനുമായ ശ്രീ രാജ് ആനന്ദ് അനുസ്മരണ പ്രഭാഷണം നടത്തും