തിരുവനന്തപുരം: എഴുത്തുകാരി പി. വത്സലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രാന്തവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിത യാതനകളെ കടഞ്ഞ് കഥകൾ ഉണ്ടാക്കിയ ശ്രദ്ധേയയായ എഴുത്തുകാരിയായിരുന്നു പി.വത്സലയെന്ന് അദ്ദേഹം പറഞ്ഞു. അതിനിസ്വരായ ജനവിഭാഗങ്ങളുടെ പൊള്ളുന്ന ജീവിത യാഥാർത്ഥ്യങ്ങളിലേക്ക് എഴുത്തിന്റെ മനസ്സ് തിരിച്ചു എന്നതാണ് വത്സലയുടെ പ്രത്യേകതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തിയത്.
സാഹിത്യത്തിന്റെ ജനായത്തവൽക്കരണ പ്രക്രിയയെ അതിവേഗത്തിൽ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഊർജ്ജം പകരുകയാണ് വത്സല ഇതിലുടെ ചെയ്തത്. കേരളത്തിലെ പുരോഗമന രാഷ്ട്രീയ സാഹിത്യ പ്രസ്ഥാനങ്ങളോട് ഗാഢമായി ഇഴചേർന്ന് നിൽക്കുന്നതായിരുന്നു അവരുടെ സാഹിത്യ പ്രവർത്തനം. വനവാസി ജീവിതം എല്ലാ തീവ്രതയോടെയും അവർ എഴുത്തിൽ പ്രതിഫലിപ്പിച്ചു. നെല്ല്, ആഗ്‌നേയം, കൂമൻകൊല്ലി എന്നീ നോവലുകൾ സാഹിത്യ ചരിത്രത്തിൽ സവിശേഷ സ്ഥാനം നേടിയവയാണ്. സംസ്ഥാന സർക്കാർ ഏഴുത്തച്ഛൻ പുരസ്‌കാരം നൽകി ആദരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സമകാലിക ജീവിതത്തിന്റെ സന്തോഷങ്ങളും സങ്കടങ്ങളും ഒപ്പിയെടുത്ത് സാഹിത്യത്തെ സജീവമാക്കിയ പി. വത്സലയുടെ വിയോഗം കേരളത്തിലെ പുരോഗമന രാഷ്ട്രീയ സാഹിത്യ പ്രസ്ഥാനങ്ങൾക്കാകെ നികാത്താനാകാത്ത നഷ്ടമാണ്. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് എന്ന നിലയിലടക്കം വിലപ്പെട്ട സംഭാവനകൾ നൽകിയ പി. വത്സലയുടെ സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു, കുടുംബത്തെ അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു