Advertisment

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍. മാലിന്യസംസ്‌കരണത്തില്‍ കുട്ടികളുടെ പങ്കാളിത്തം,  ശിശുദിനത്തില്‍ കുട്ടികളുടെ ഹരിതസഭ

മാലിന്യസംസ്‌കരണരംഗത്ത് കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാനായി സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളില്‍ ശിശുദിനത്തില്‍ ഹരിതസഭ സംഘടിപ്പിക്കും.

New Update
navakeralam

കോട്ടയം: മാലിന്യസംസ്‌കരണരംഗത്ത് കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാനായി സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളില്‍ ശിശുദിനത്തില്‍ ഹരിതസഭ സംഘടിപ്പിക്കും. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹരിതസഭയില്‍ രണ്ടുലക്ഷം വിദ്യാര്‍ഥികള്‍ പങ്കെടുക്കും.

Advertisment

 കോര്‍പ്പറേഷന്‍ പരിധിയില്‍ സ്‌കൂളുകളുടെ എണ്ണമനുസരിച്ച് ഒന്നിലധികം ഹരിതസഭ സംഘടിപ്പിക്കും. ആണ്‍, പെണ്‍ തുല്യാനുപാതത്തില്‍ ഒരു ഹരിതസഭയുടെ ഭാഗമാകുന്നത് 200 കുട്ടികളാണ്. നിലവില്‍ വിദ്യാലയങ്ങളിലെ ശുചിത്വ മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ചുമതലയുള്ള നോഡല്‍ ഓഫീസര്‍മാരായ അധ്യാപകരും ശിശുദിനത്തില്‍ സഭയുടെ ഭാഗമാകും. 

വിദ്യാലയങ്ങളില്‍ നിന്ന് ഹരിതസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ അതത് തദ്ദേശസ്വയംഭരണ പ്രദേശത്തെ മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട അവസ്ഥ വിലയിരുത്തി റിപ്പോര്‍ട്ട് തയാറാക്കി സഭയില്‍ അവതരിപ്പിക്കും. 

സ്‌കൂളിലെ മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ കൃത്യമായ നിരീക്ഷണങ്ങള്‍, മാലിന്യം കൈകാര്യം ചെയ്യുന്ന രീതി, മാലിന്യം കത്തിക്കുന്നതും വലിച്ചെറിയുന്നതുമായുള്ള പ്രശ്നങ്ങള്‍, നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം, നിലവിലുള്ള വെല്ലുവിളികള്‍, ദ്രവ മാലിന്യ സംസ്‌കരണരംഗത്തെ പ്രശ്നങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഹരിതസഭയില്‍ ചര്‍ച്ച ചെയ്യും. കുട്ടികളുടെ ഹരിതസഭ നിയന്ത്രിക്കുന്നത് അവരില്‍ നിന്ന് തന്നെ തിരഞ്ഞെടുക്കപ്പെടുന്ന 11, 12 ക്ലാസുകളിലെ വിദ്യാര്‍ഥികളായ എന്‍.എസ്.എസ്. വോളന്റിയര്‍മാര്‍ ആയിരിക്കും.

ഹരിതസഭയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ കണ്ടെത്തിയതും ശേഖരിച്ചതുമായ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് പരിശോധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ തുടര്‍നടപടി സ്വീകരിക്കും. വിദ്യാര്‍ഥികള്‍ക്ക് അവരവരുടെ വീട്ടിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും മാലിന്യസംസ്‌കരണത്തിലെ പോരായ്മകള്‍ കണ്ടെത്തി  തദ്ദേശസ്വയംഭരണ സ്ഥാപനത്തെ അറിയിക്കാനും ഹരിതസഭ പ്രയോജനപ്പെടുത്താം.

 കുട്ടികളുടെ ഹരിതസഭയില്‍ ഹരിതകേരളം മിഷന്‍, ശുചിത്വമിഷന്‍, കില, ആര്‍.ജി.എസ്.എ. തുടങ്ങിയവയിലെ റിസോഴ്സ്പേഴ്സണ്‍മാരുടെ സേവനം പ്രയോജനപ്പെടുത്തും. തദ്ദേശസ്വയംഭരണ സ്ഥാപനം മാലിന്യ സംസ്‌കരണരംഗത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങളും സംവിധാനങ്ങളും സംബന്ധിച്ച പരാതികളും പരാതിയിന്മേല്‍ സ്വീകരിച്ച നടപടികളും സംബന്ധിച്ച് അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും റിപ്പോര്‍ട്ട് അവതരിപ്പിക്കും. 

ഹരിതസഭയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ജനപ്രതിനിധികളോട് ചോദ്യം ചോദിക്കാനുള്ള അവസരവും നല്‍കും. രാവിലെ 10 മുതല്‍ വൈകിട്ട് നാലു വരെയാണ് ഹരിതസഭ. സബ് ജില്ലാ കലോത്സവം നടക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ ഹരിതസഭ 18 നാണ് സംഘടിപ്പിക്കുക. കുട്ടികളുടെ ഹരിതസഭ പൂര്‍ണമായും ഹരിതചട്ടം പാലിച്ചാണ് സംഘടിപ്പിക്കുക.

Advertisment