Advertisment

പത്രങ്ങള്‍ക്ക് പിന്നാലെ ആഴ്ചപ്പതിപ്പുകൾക്കും താഴു വീഴുന്നു. പൈങ്കിളി സാഹിത്യത്തിൻ്റെ കുലം മുടിഞ്ഞു. മുട്ടത്തു വര്‍ക്കിയില്‍ തുടങ്ങിയ പൈങ്കിളി സാഹിത്യകാരന്മാരുടെ കാലവും കൊഴിയുന്നു. ഇനിയുള്ള കാലം ഓൺലൈനുകളുടേത് - ബദലിൽ കുഞ്ചിക്കുറുപ്പ് എഴുതുന്നു

16 ലക്ഷം കോപ്പിയോടെ ലോകത്തിലെ ആഴ്ചപ്പതിപ്പ് മാധ്യമ ലോകത്തെ ഞെട്ടിച്ചവരാണ് ഈ 'മ' ഗ്രൂപ്പ്. 'മ' ആഴ്ചപ്പതിപ്പിൽ നിന്ന് ഒരാഴ്ച കിട്ടിയിരുന്ന വിറ്റുവരവു തന്നെ 10 ലക്ഷത്തിലധികമായിരുന്നു. രൂപയ്ക്ക് വൻ മൂല്യമുണ്ടായിരുന്ന കാലമായിരുന്നു എന്നോർക്കണം. 

New Update
ma publications

16 ലക്ഷം കോപ്പി വരെ അച്ചടിച്ച് ചരിത്രം കുറിച്ച 'മ' വാരിക ഉള്‍പ്പെടെ ആ ഗ്രൂപ്പിലെ പത്രമൊഴിച്ച് 14 പ്രസിദ്ധീകരണങ്ങൾ അടച്ചു പൂട്ടി. 16 ലക്ഷം കോപ്പിയോടെ ലോകത്തിലെ ആഴ്ചപ്പതിപ്പ് മാധ്യമ ലോകത്തെ ഞെട്ടിച്ചവരാണ് ഈ 'മ' ഗ്രൂപ്പ്. 'മ' ആഴ്ചപ്പതിപ്പിൽ നിന്ന് ഒരാഴ്ച കിട്ടിയിരുന്ന വിറ്റുവരവു തന്നെ 10 ലക്ഷത്തിലധികമായിരുന്നു. രൂപയ്ക്ക് വൻ മൂല്യമുണ്ടായിരുന്ന കാലമായിരുന്നു എന്നോർക്കണം. 

Advertisment

അതിൻ്റെ ചെലവോ ? മൂന്നോ നാലോ എഡിറ്റർമാർക്കും പൈങ്കിളി നോവൽ എഴുത്തുകാർക്കും കൊടുത്തിരുന്ന ശമ്പളം മാത്രം. പൈങ്കിളി നോവലുകൾ പ്രസിദ്ധീകരിച്ചും കൊലപാതക ഫീച്ചറുകൾ എഴുതിയുമായിരുന്നു ഇത്രയധികം പ്രചരമുണ്ടാക്കിയത്. വീക്കിലി ചൂടപ്പം പോലെ വിറ്റഴിഞ്ഞു. വിപ്ലവം തന്നെ.

പൈങ്കിളി നോവൽ എഴുത്തുകാരുടെ വൻനിര തന്നെ മുളപൊട്ടി. അസാമാന്യമായ ഈ വളർച്ച കണ്ട് പത്രമുത്തശ്ശിയുടെ കണ്ണു തളളി. അവർ ഈ 'മ' വാരികയുടെ ചേരുവകൾ തങ്ങളുടെ 'മ'  വീക്കിലിയിലേക്കും സന്നിവേശിപ്പിച്ചു. പൈങ്കിളി സാഹിത്യകാരന്മാരുടെ ഡിമാൻ്റ് പൊടുന്നനെ ഉയർന്നു. അവർക്കായി പിടിവലിയായി.

പൈങ്കിളി രാജാക്കന്മാര്‍ 

ഇതേ ചേരുവകളോടെ പത്തു പതിനാറു ആഴ്ചപ്പതിപ്പുകൾ ഇറങ്ങി. മിക്കവയും കോട്ടയം കേന്ദ്രീകരിച്ചു തന്നെയായിരുന്നു. ആദ്യ 'മ' വാരികയുടെ എഡിറ്റര്‍ അവിടെ നിന്നും പുറത്തുപോയി തുടങ്ങിയ വാരികയും അതില്‍പ്പെടുന്നു. അങ്ങനെ പൈങ്കിളി സാഹിത്യകാരന്മാർ രണ്ടു കൈ കൊണ്ടും എഴുതി. അവർക്ക് ഡിമാൻറ് ഏറിയതോടെ എഴുത്തിനുള്ള കൂലിയും ഉയർന്നു.

പിന്നെയൊരു മത്സരമായിരുന്നു. 'മ' പ്രസിദ്ധീകരണങ്ങൾ എന്നു വിളിച്ച് ആക്ഷേപിക്കപ്പെട്ടങ്കിലും ആഴ്ചപ്പതിപ്പ് ഉടമകളുടെ മൂല്യവും മാന്യതയും സമൂഹത്തിൽ നന്നേ ഉയർന്നു. ആഴ്ചപ്പതിപ്പിൻ്റെ വിറ്റുവരവു കൊണ്ടു തന്നെ മാ പ്രസിദ്ധീകരണങ്ങളുടെ ഉടമകൾ കോടിശ്വരന്മാരായി. 

പിന്നെ കാണുന്ന മത്സരം മാ  പ്രസിദ്ധീകരണങ്ങളിലെ എഡിറ്റർമാരെ അന്വേന്യം ചാക്കിട്ടുപിടുത്തമായിരുന്നു. മത്സരം മൂത്ത് തങ്ങളുടെ പ്രസിദ്ധീകരണത്തിൽ മാത്രമേ എഴുതാവു എന്ന തരത്തിൽ പൈങ്കിളി സാഹിത്യകാരന്മാരുമായി 'മ' പ്രസിദ്ധീകരങ്ങൾ കരാർ ഉണ്ടാക്കി.

പൈങ്കിളി പറക്കട്ടെ

അതൊരു കാലമായിരുന്നു. അങ്ങനെ പൈങ്കളി സാഹിത്യകാരന്മാർ കെങ്കേമന്മാരായി. പണം ആവോളം കിട്ടി. പക്ഷേ, അവരിൽ പലരും ആ പണമെല്ലാം ധൂർത്തടിച്ചു തീർക്കുകയായിരുന്നു. മദ്യത്തിൽ തുടങ്ങി എല്ലാം അവരുടെ കയ്യെത്തുന്ന ദൂരത്തു വരാൻ തുടങ്ങി.

മുട്ടത്തു വർക്കി, വേറിട്ട പൈങ്കിളി

muttathu varkey

പൈങ്കിളി എഴുത്തിന് മലയാളത്തിൽ തുടക്കം കുറിച്ച മുട്ടത്തു വർക്കിയെ വരേണ്യ സാഹിത്യകാരന്മാർ അംഗീകരിച്ചു. ആഴ്ചപ്പതിപ്പുകളിലെ പൈങ്കിളി മത്സരത്തിൽ പക്ഷേ, വർക്കിയുണ്ടായിരുന്നില്ല. അദ്ദേഹത്തിൻ്റെ കാലം അതിനു മുൻപേ അസ്തമിച്ചിരുന്നു. അല്ലെങ്കിൽ പിന്നീടു വന്ന പൈങ്കിളി സാഹിത്യകാരന്മാരുടെ ചേരുവകൾ വർക്കിക്ക് അത്ര പരിചിതമായിരുന്നില്ല. വർക്കി മരിച്ചു.

കോട്ടയത്തു നിന്നിറങ്ങുന്ന യഥാർഥ മുത്തശ്ശി പത്രത്തിൽ എഡിറ്ററായിരുന്നു വർക്കി. അന്നത്തെ ബി.എക്കാരനായിരുന്ന അദ്ദേഹം നല്ല എഡിറ്ററുമായിരുന്നു. തകഴി ശിവശങ്കരപ്പിള്ളയുടെ വാക്കുകൾ ഇങ്ങനെ: "ഞാൻ കോട്ടയത്തെത്തിയാൽ വർക്കി ജോലി ചെയ്തിരുന്ന പത്രത്തിൽ പോകുമായിരുന്നു. 

കള്ളുകുടം എഡിറ്ററുടെ സീറ്റിനരികെ വയ്ക്കാനും ഇടയ്ക്കെടുത്ത് മോന്താനം മാനേജ്മെൻ്റ് വർക്കിക്ക് മൗനാനുവാദം കൊടുത്തിരുന്നു. ഇഷ്ടം പോലെ കള്ളുകുടിക്കാനാണ് ഞാൻ അവടെ പോയിരുന്നത്. നല്ല ഫിറ്റായി ഇരുന്നാണ് വർക്കിയുടെ പത്രപ്രവർത്തനം."

പേരിനൊരു മുത്തശ്ശി പൈങ്കിളി 

ഇന്നിപ്പോൾ പേരിന് മുത്തശ്ശി മാത്രം പൈങ്കിളി ആഴ്ചപ്പതിപ്പ് ഇറക്കുന്നുണ്ട്. ഒന്നോ രണ്ടോ പൈങ്കിളി സാഹിത്യകാരന്മാരുമുണ്ട്. അവർക്ക് ഡിമാൻ്റ് ഇല്ല. അവരുടെ കുലം ശുഷ്ക്കിച്ചു. വലിയ സാഹിത്യകാരന്മാർ എന്നു പേരുകേട്ടവർ കാശിനു വേണ്ടി പൈങ്കിളി സാഹിത്യം മറ്റൊരു രൂപഭാവത്തിൽ ഏറ്റെടുത്തതും നമുക്ക് കാണേണ്ടി വന്നു.

എല്ലാം ഓൺലൈൻ

ഇന്നിപ്പോൾ പത്രമുതലാളിമാരുടെ കണ്ണ് ഓൺലൈൻ പത്രത്തിലാണ്. പണ്ട് പത്രത്തിനുണ്ടായിരുന്ന മാന്യത ഇപ്പോൾ ഓൺലൈൻ പത്രത്തിനായി. ചൂടോടെ വാർത്തകൾ കിട്ടുന്ന ഓൺലൈൻ പത്രങ്ങൾ മതി യുവതലമുറയ്ക്ക്. പരസ്യക്കാരും ഈ വഴിക്കൂ ചിന്തിച്ചു തുടങ്ങി. 

മൊബെലിൽ അപ്പപ്പോൾ വാർത്തകൾ കിട്ടുമ്പോൾ അതേ വാർത്തകൾ വച്ച് പിറ്റേന്ന് ഇറങ്ങുന്ന പത്രങ്ങൾ ആർക്കു വേണം ? ഇപ്പോൾ ചരമ പേജു നോക്കാനാണ് ആളുകൾ പത്രം തുറക്കുന്നത്. അതും തലേന്നറിയാൻ ഫേസ് ബുക്ക് പോലുള്ള മാധ്യമങ്ങളുമായി. ഓൺലൈനുകളും ഇപ്പോൾ ഇതിൽ പിന്നിലല്ല. പത്രങ്ങളിൽ നിന്ന് അവരവരുടെ ഓൺലൈനുകളിലേക്ക് ചാടാൻ പല ജേണലിസ്റ്റുകളും ശ്രമിക്കുന്നു. 

മരുമകൾ യുഗം

പത്രമുത്തശിയുടെ ഓൺലൈൻ നയിക്കുന്നത് മാനേജ്മെന്‍റ് കുടുംബത്തിലെ വനിതയാണ്. പള്ളിക്കൂടം വിട്ടതു പോലെയാണ് ഓൺലൈനിൽ നിന്ന് വൈകുന്നേരമാകുമ്പോൾ പുറത്തിറങുന്ന ജീവനക്കാരുടെ എണ്ണം. അവിടെ ഒന്നിനും ലോഭമില്ല. അങ്ങനെ വരുത്താൻ മുതലാളിമാര്‍ സമ്മതിക്കുകയുമില്ല. വനിതാ നായകയുടെ കൂടെ നിൽക്കുന്നവർക്ക് പത്രത്തിലെ സിംഹങ്ങളെ പേടിക്കുകയേ വേണ്ട. കനത്ത സംരക്ഷണ കവചം തീർത്തിട്ടുണ്ട് മരുമകൾ.

വാൽക്കഷണം: പത്രങ്ങൾ ഇടിയുകയാണെന്ന് മുത്തശ്ശി പത്രത്തിൻ്റെ പഴയ മേധാവി കോഴിക്കോട്ട് ഏതോ യോഗത്തിൽ പ്രസംഗിച്ചു. "അതു നമ്മളെ ഉദ്ദേശിച്ചാണ്, നമ്മളെത്തന്നെ ഉദ്ദേശിച്ചാണെ"ന്ന് മുതലാളിമാർ വിധിയെഴുതി. വിരമിക്കലിനു ശേഷവും അദ്ദേഹം പറ്റിക്കൊണ്ടിരുന്ന ചില്ലറ ആനുകുല്യങ്ങൾ പിൻവലിക്കാൻ മുതലാളിമാർ തീരുമാനിച്ചു. വിവരം ചെവിയിലെത്തിയ പഴയ മേധാവി പത്രമുതലാളിമാരെക്കണ്ട് വിവരം ധരിപ്പിച്ചു: "അത് ഞാൻ രണ്ടാമത്തെ പത്രത്തെ ഉദ്ദേശിച്ചു പറഞ്ഞതാണ്. അങ്ങനെ ആ വിലക്ക് പിൻവലിച്ചു.

Advertisment