ചാരക്കേസില്‍ അകപ്പെടുത്തി അകത്താക്കിയ മറിയം റഷീദയെ കോടതിയിൽ ഹാജരാക്കിയതിൻ്റെ പടവും വാർത്തയും എല്ലാ പത്രങ്ങളും പിറ്റേന്ന് കൊണ്ടാടി. ചിത്രങ്ങളുടെയെല്ലാം ഫോക്കസ് മറിയം റഷീദയുടെ മേനിയഴകായിരുന്നു. വാർത്തകളിലും അതു നിറഞ്ഞുനിന്നു.
പാവം ഒരു സ്ത്രീയുടെ കണ്ണുകളിലെ ദൈന്യത മാത്രം ആരും കണ്ടില്ല. ദിവസങ്ങൾ നീണ്ട പൊലീസ് ഭേദ്യം മൂലം അവർ ക്ഷീണിച്ചിരുന്നു. കൺതടങ്ങൾ ഇരുണ്ടിരുന്നു. ഇരുനിറക്കാരിയായ മറിയം പക്ഷേ, ആരോഗ്യ ദൃഡഗാത്രയായിരുന്നു. അവർ മൗനിയായിരുന്നു. മാലിയിലെ ഭാഷ മാത്രമായിരുന്നു അവർക്ക് അറിയാവുന്നത്. അതിനാൽ കോടതിയോടു പോലും ഒന്നും പറയാനായില്ല.
പിന്നീടുള്ള നാളുകൾ പത്രത്താളുകൾ നിറയെ മറിയം റഷീദയുടെ കഥയായിരുന്നു. പത്രലേഖകർ തിരുവനന്തപുരത്തിരുന്ന് ഭാവന വിടർത്തി ചരക്കഥകൾ എഴുതി. പൊലീസ് കൊടുത്ത വിവരങ്ങൾ വച്ച് പത്രത്താളുകളിൽ കഥാ ഗോപുരം ഉയർത്തി.
മനോരമ ഒരു പടി കൂടി കടന്ന് തങ്ങളുടെ ലേഖകൻ ജോൺ മുണ്ടക്കയത്തെ മറിയം റഷീദയുടെ നാടായ മാലിയിലേക്കു വിട്ടു, അവിടെ നിന്ന് മറിയം റഷീദയുടെ ചൂടൻ വാർത്തകൾ എഴുതാൻ. മാലിയിലെത്തിയ ജോൺ മുണ്ടക്കയത്തിൻ്റെ ഭാവന വിടർന്നു. മാലിക്കഥകൾ പരമ്പരയായി മനോരമയിൽ അച്ചടിച്ചുവന്നു.
'റഷീദ കിടക്കയിൽ ടൂണാ മത്സ്യത്തെപ്പോലെ'
മംഗളം പത്രത്തിൻ്റെ ലേഖകൻ എഴുതിപ്പിടിപ്പിച്ച വാക്കുകളാണ്. എന്നാൽ ചരക്കേസിൻ്റെ ദുർഭൂതം ഏറ്റവുമധികം വേട്ടയാടിയത് മനോരമ റിപ്പോര്‍ട്ടര്‍ ജോൺ മുണ്ടക്കയത്തെയും. മനോരമയുടെ സർവീസിൽ നിന്നു പിരിഞ്ഞ് വിശ്രമ ജീവിതത്തിലാണ് ജോൺ ഇപ്പോൾ. അപ്പോഴും യാത്രക്കഥയുടെ പേരിൽ ആരും അദ്ദേഹത്തെ വിടുന്നില്ല.
ഒടുവിൽ തൻ്റെ ഫേസ്ബുക്ക് കുറിപ്പിൽ ജോൺ ഇങ്ങനെ എഴുതി:
"ചാരക്കേസുമായി ബന്ധപ്പെട്ട് മറിയം റഷീദ കിടക്കയിൽ ടൂണാ മത്സ്യത്തെപ്പോലെ പുളയും" എന്നൊരു വാചകം ആരും മലയാള മനോരമയിൽ എഴുതിയിട്ടില്ല. ഇത്തരം വാചകങ്ങൾ മനോരമയുടെയോ എൻ്റെയോ സംസ്കാരമല്ല. മനോരമയിൽ അങ്ങനെയൊരു വാചകം അച്ചടിച്ചു വന്നതായി കാണിക്കാൻ ഞാൻ വെല്ലുവിളിക്കുന്നു.
മറ്റൊരു പത്രത്തിൽ മറ്റൊരു ലേഖകൻ എഴുതിയ ഈ വാചകം മനോരമയുടെയോ എൻ്റെയോ തലയിൽ കെട്ടിവയ്ക്കാൻ നോക്കേണ്ട. ഈ കള്ള പ്രചാരണം കൊണ്ട് സംതൃപ്തി കിട്ടുന്ന വികല മനസുകൾക്കും സൈബർ ഗുണ്ടകൾക്കും അതു തുടരാം " - ജോണിൻ്റെ വാക്കുകൾ. സത്യമാണ് 'ട്യൂണ മത്സ്യ' പ്രയോഗം മനോരമയുടേതായിരുന്നില്ല, മംഗളത്തിന്‍റേത് ആയിരുന്നു.
ലീഡറുടെ പടിയിറക്കം
മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെതിരെ കോൺഗ്രസിലെ ആൻ്റണി വിഭാഗം പടനയിച്ചിരുന്ന കാലമാണ് അത്. നേതാവ് സാക്ഷാൽ ഉമ്മൻ ചാണ്ടി. ചാരക്കഥ നിയമസഭയേയും ഇളക്കിമറിച്ചു. കരുണാകരന് പ്രതിരോധ കവചം തീർക്കാൻ ഉണ്ടായിരുന്നത് കോൺഗ്രസിലെ 'ഐ' വിഭാഗം മാത്രം.'
എ വിഭാഗം സഭയിൽ മൗനം പാലിച്ചു. ചാരക്കഥ പിന്നെയും കത്തിക്കയുകയാണ്. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു മാറ്റാൻ ഹൈക്കമാൻഡിനോട് ആവശ്യപ്പെടാൻ എം എൽ എമാരുടെ ഒപ്പുശേഖരണം തുടങ്ങി.
ഒടുവിലെ ഒപ്പിനായി ഉമ്മൻ ചാണ്ടി ഇറങ്ങിയിരിക്കുകയാണ്. അത് വി.എം.സുധീരൻ്റെ ഒപ്പാണ്. പത്രക്കാർ പിന്നാലെയുണ്ട്. പക്ഷേ സുധീരൻ ഒപ്പിട്ടു കൊടുത്തില്ല. അന്ന് ഉമ്മൻ ചാണ്ടിയുമായി പിണക്കത്തിലായിരുന്നു സുധീരൻ.
ഉമ്മൻ ചാണ്ടിക്ക് അതിൽ ജാള്യതയേയില്ല. സുധീരൻ ഒപ്പിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി തന്നെ പത്രക്കാരോട് സമ്മതിച്ചു. അന്നും ഉമ്മൻ ചാണ്ടിയുടെ നിലപാട് ഇതാണ് - ശരിയെന്നു തോന്നുന്നത് ചെയ്യുക. പിന്നീട് തെറ്റെന്നു തോന്നിയാൽ തിരുത്തുക.
അങ്ങനെ ഹൈക്കമാൻഡിൽ സർവശക്തനായിരുന്ന കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു നീക്കാൻ പാർട്ടി തീരുമാനിക്കുന്നു. കരുണാകരൻ സ്വപ്നത്തിൽ വിചാരിക്കാത്ത ട്വിസ്റ്റ് . മനസ് അലകടലായിരിക്കെ, കരുണാകരനെ കാണാൻ പത്രലേഖകർ എത്തുന്നു. കരുണാകരൻ രാജിവച്ചിരുന്നു.
പത്രലേഖകരെല്ലാം കരുണാകരൻ്റെ മനസിലെ തിരയടി അറിഞ്ഞ് അനാവശ്യ ചോദ്യങ്ങൾ ഒഴിവാക്കി. അപ്പോൾ പരിസര ബോധമില്ലാതെ ഏഷ്യാനെറ്റ് ക്യാമറാമാൻ്റെ ഒരു ചോദ്യം - ആൻറണി മന്ത്രിസഭയിലേക്ക് ക്ഷണം കിട്ടിയാൽ അങ്ങു സ്വീകരിക്കുമോ ?' എല്ലാവരും സ്തബ്ധരായി. പതറാതെ കരുണാകരൻ പറഞ്ഞു - ' ങാ, നോക്കാം.' ക്യാമറമാൻമാർ ചോദ്യം ചോദിക്കുന്ന കീഴ്വഴക്കം ഇല്ല. അന്ന് എങ്ങനെയോ അതു സംഭവിച്ചു.
ധാർമിക ഉത്തരവാദിത്വം മനോരമക്കും ജോണിനും ?
മനോരമയേയും തന്നെയെയും 'വെളുപ്പിക്കാൻ' ജോൺ മുണ്ടക്കയം എത്ര എഴുതിയാലും പാപക്കറ മാറില്ല. ഇന്നിപ്പോൾ ഞങ്ങളൊന്നുമറിഞ്ഞില്ലേ എന്ന മട്ടിലാണ് മനോരമ എഴുതുന്നത്. സി ബി ഐ സമർപ്പിച്ച കുറ്റപത്രത്തിൻ്റെ കവറേജ് കണ്ടാൽ അറിയാം അത്. അല്ലെങ്കിൽ ഇപ്പോൾ ചാരക്കഥയുടെ മറുപുറം എഴുതുന്ന പിള്ളേർ 30 വർഷം മുൻപ് തങ്ങളുടെ പത്രം എഴുതിപ്പിടിപ്പിച്ച നുണക്കഥകൾ വായിച്ചിട്ടു പോലുമുണ്ടാകില്ല.
അടുത്തിടെ ഏതോ സൈബർ പോരാളി ജോൺ മുണ്ടക്കയത്തിൻ്റെ പഴയ റിപ്പോർട്ടുകളിൽ ഒന്നെടുത്തിട്ട് അലക്കി. ആ റിപ്പോർട്ട് തുലോം സേഫ് ആയതായിരുന്നു. അതിനാൽ ആ റിപ്പോർട്ട് ചൂണ്ടിക്കാട്ടി ജോൺചോദിക്കുന്നു: 'ഇതിൽ എവിടെയാണ് കുഴപ്പം'. അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റിലേക്ക്:
' 30 വർഷം മുമ്പ് ചാരക്കേസുമായി ബന്ധപ്പെട്ട് ഞാൻ എഴുതിയ ഒരു വാർത്തയുടെ ക്ലിപ്പിംഗ് ആണിത്. ഞാനെന്തോ അപരാധം ചെയ്തു എന്ന മട്ടിൽ ഏതോ സൈബർ പോരാളി എന്‍റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഈ റിപ്പോർട്ട് ഞാൻ പൂർണ്ണമായും ഓൺചെയ്യുന്നു. മറിയം റഷീദ ചാര വനിതയാണെന്ന് ഇതിൽ ഒരിടത്തും ഞാൻ പറത്തിട്ടില്ല.
ഇന്നും ഈ റിപ്പോർട്ട് 100% വസ്തുതാപരമാണ്. സത്യസന്ധമാണ്. ഏതെങ്കിലും കാര്യത്തിൽ തർക്കമുള്ളവർക്ക് ഉന്നയിക്കാം" - ജോണിനു കിട്ടിയ പിടിവള്ളിയാണ് സൈബർ പോരാളി ഇട്ട പോസ്റ്റ്.
ജോണിനെ മാത്രം കുറ്റം പറയാനാകുമോ ? മറ്റ് പത്രലേഖകർ ചെയ്തതും ഇതേ മട്ടിൽ കൊടുംപാതകം തന്നെ. ഏഷ്യാനെറ്റിലെ ഗോപകുമാർ ഒഴുക്കിനെതിരെ നിന്ന് തനിക്കൊപ്പം 'കണ്ണാടി' പങ്തിയിൽ പോരാടിയതിനെക്കുറിച്ച് നമ്പി നാരായണൻ നന്ദിപൂർവം സ്മരിക്കുന്നുണ്ട്. അതു പക്ഷേ, എന്നായിരുന്നു. ചാരക്കേസ് എല്ലാം കെട്ടടങ്ങിക്കഴിഞ്ഞ്. നമ്പി നാരായണൻ്റെ ഉയർത്തെഴുന്നേൽപ്പിന് കളമൊരുങ്ങിയ കാലത്ത്.
ഇന്നും പ്രഹേളിക
ഇതൊക്കെയാണെങ്കിലും ഇന്നും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ ചാരക്കേസിൽ അവശേഷിക്കുന്നുണ്ടെതും സത്യം. ഒന്നുമില്ലാതെ തീ പുകയില്ല. പിന്നിൽ എന്തൊക്കെയോ കഥകളുണ്ട്. അത് അന്ന് ഡിഐജിയും അന്വേഷണ ഉദ്യോഗസ്ഥനുമായിരുന്ന സിബി മാത്യൂസിന് അറിയാം. അതു വെറും പെണ്ണുകേസ് മാത്രമായിരുന്നോ ?
കേസിലെ മറ്റൊരു പ്രതിയായിരുന്ന ശാസ്ത്രജ്ഞൻ ശശികുമാർ ഇതുവരെ വായ് തുറന്നിട്ടില്ല. അതെന്താ കാരണം. അദ്ദേഹം യവനികയ്ക്കു പിന്നിൽ ഒളിച്ചതെന്തിന് ? സിബി മാത്യൂസിനെപ്പോലെ സത്യസന്ധനായ ഒരാൾ, സ്മാർട്ട് വിജയൻ്റെ തോന്ന്യാസങ്ങൾക്കെല്ലാം ചൂട്ടു പിടിക്കുമോ ? കേസിൽ ശർമ എന്നൊരാളെ സിബി മാത്യൂസ് പിടികൂടിയത് ബാംഗളൂരുനിന്നാണ്.
ഒരു കാര്യവുമില്ലാതെ വെറുതേ നടന്ന ഒരാളെ പിടികൂടി പ്രതിയാക്കുമോ ? അന്നത്തെ കാലത്ത് ബാംഗളൂരുനിന്ന് വിമാനത്തിലാണ് സിബി മാത്യൂസ്, ശർമയെ കൊണ്ടുവന്നത്. സിബിഐ അന്വേഷണത്തിന് അന്ന് ശുപാർശ ചെയ്തതും സിബി മാത്യൂസ് ആണെന്നോർക്കണം. ഉണ്ട്, എവിടെയോ ചിലതു നാറുന്നുണ്ട്. അതറിയാൽ കേരളത്തിന് അവകാശമുണ്ട്. സിബി മാത്യൂസ് വായ് തുറക്കുമോ?
- (അവസാനിച്ചു)