Advertisment

നിയമനത്തിന് കോഴയും നിയമനം വാങ്ങിയ ശേഷം കൊടുത്ത കോഴ തിരിച്ചു വാങ്ങിയതുമെല്ലാം കേരളത്തില്‍ പതിവുള്ളത് ? പിഎസ്‌സിയില്‍ എന്നല്ല ആകമാനം കോഴമയം ! പിഎസ്‌സി അംഗത്വം ലേലം ചെയ്ത ഈർക്കിൽ പാർട്ടിക്കു പറ്റിയ അമളി പുസ്തകമാക്കിയാല്‍ ബുക്കര്‍ പ്രൈസ് ഉറപ്പ് ! കയ്യിലിരുന്നതും കക്ഷത്തു വച്ചിരുന്നതും - 'ബദല്‍' കോളത്തില്‍ കുഞ്ചിക്കുറുപ്പ്

ഇത്തരം രാഷ്ട്രീയ നിയമന വാർത്തകൾ കാണുമ്പോൾ നാട്ടിൽ നടക്കുന്നതറിയുന്നവർക്ക് ചിരിയാണു വരുക. 'പത്മ' അവാർഡുകൾ പോലും കൊടുക്കുന്നത് പണം വാങ്ങിയായിരുന്നു എന്നതു യാഥാർഥ്യം. അതിലെത്രയോ കഥകളുണ്ട് ! മധ്യകേരളത്തിലെ ഒരു മാധ്യമ മുതലാളിയുടെ അന്ത്യാഭിലാഷം ആയിരുന്നു ഒരു 'പത്മ' പുരസ്കാരം. 

author-image
കുഞ്ചിക്കുറുപ്പ്
Updated On
New Update
psc bribe-2

തിരുവനന്തപുരം: പ്രതിപക്ഷത്തിൻ്റെയും മാധ്യമങ്ങളുടെയും നിലവിളി കേട്ടാൽ തോന്നും പി എസ് സി അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളിലേക്കും മറ്റും നടക്കുന്ന നിയമനങ്ങളിലെ കോഴ വാങ്ങൽ ഇതാദ്യം കോഴിക്കോട്ടാണ് നടന്നതെന്ന്. 

Advertisment

കേരളത്തില്‍ ഇതെങ്ങും കേട്ടുകേള്‍വി ഇല്ലാത്തതുപോലെ. കുഞ്ചിക്കുറുപ്പിന് കഴിഞ്ഞ നാലു ദിവസത്തെ ഫോണ്‍ കോളുകളില്‍ കിട്ടിയ പിഎസ്‌സിയുടെ കോഴ കഥകള്‍ മാത്രം അര ഡസന്‍ വരും. അതില്‍ ഏറ്റവും കൌതുകകരമായത് നാട്ടാരെ അറിയിക്കാം. 


പിഎസ്‌സി അംഗത്വത്തിന് കോഴ വാങ്ങിയെന്ന പരാതി ചെറിയ കാര്യമായി കണ്ടു കൊണ്ടല്ല ഇതു പറയുന്നത്. പിഎസ്‌സി അംഗമാക്കാമെന്നു പറഞ്ഞ് ഒരു ഡോക്ടറോട് 60 ലക്ഷം കോഴആവശ്യപ്പെട്ടുവെന്നതും അതിൽ 20 ലക്ഷം പാർട്ടി നേതാവ് മുൻകൂർ കൈപ്പറ്റിയെന്നുമുള്ളത് നിസ്സാര കാര്യമൊന്നുമല്ല`. എന്തായാലും വാങ്ങിയ കോഴ തിരിച്ചുനല്‍കി ആ പ്രശ്നം ഒത്തു തീര്‍ത്തു. 


ഏതു നിയമനങ്ങൾക്കാണ്, ഏതു കാലത്താണ് കൈക്കൂലി വാങ്ങാതിരുന്നിട്ടുള്ളത് എന്നതാണ് ഇവിടുത്തെ ചോദ്യം. എല്ലാക്കാലവും ഇതു നടന്നിട്ടുണ്ട് എന്നതാണ് യാദാര്‍ഥ്യം. കോഴിക്കോട്ടേത് ഇപ്പോൾ പുറത്തു വന്നു എന്നു മാത്രമേ പ്രത്യേകതയുള്ളു. അതിലെ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും സന്ദര്‍ഭത്തിനും ചില പ്രത്യേകതകള്‍ ഉള്ളതുകൊണ്ട് വലിയ വാര്‍ത്തയായി.

ഒരു 'പത്മ' കോഴ കഥയായതിങ്ങനെ !

ഇത്തരം രാഷ്ട്രീയ നിയമന വാർത്തകൾ കാണുമ്പോൾ നാട്ടിൽ നടക്കുന്നതറിയുന്നവർക്ക് ചിരിയാണു വരുക. 'പത്മ' അവാർഡുകൾ പോലും കൊടുക്കുന്നത് പണം വാങ്ങിയായിരുന്നു എന്നതു യാഥാർഥ്യം. അതിലെത്രയോ കഥകളുണ്ട് ! മധ്യകേരളത്തിലെ ഒരു മാധ്യമ മുതലാളിയുടെ അന്ത്യാഭിലാഷം ആയിരുന്നു ഒരു 'പത്മ' പുരസ്കാരം. 

യൂപിഎ ഭരണകാലത്ത് ഒരു വിശ്വസ്ത ദൂതനെ ഡെല്‍ഹിയ്ക്ക് അയച്ച് ചോദിച്ച തുക ഓഫര്‍ ചെയ്ത് അദ്ദേഹം കരാര്‍ ഉറപ്പിക്കുകയും ചെയ്തുവത്രെ. പക്ഷേ കാര്യത്തോട് അടുത്തപ്പോള്‍ കൊഞ്ഞാണന്‍മാരെന്ന് എതിരാളികള്‍ വിളിക്കുന്ന അദ്ദേഹത്തിന്‍റെ  മക്കള്‍ പ്രതിഫലം നല്കാന്‍ തയ്യാറല്ല. 

അത്രയും തുകയൊക്കെ നല്കി അപ്പന്‍ ഈ 'കുന്തം' എന്തിന് വാങ്ങണം എന്നായി മക്കള്‍ ? അതിന്‍റെ വില മക്കള്‍ക്കറിയില്ലായിരുന്നു. പക്ഷേ അപ്പനത് നന്നായി അറിയാമായിരുന്നു. ശരിക്കും അര്‍ഹനും ആയിരുന്നു. ഒടുവില്‍ ആ ആഗ്രഹം ബാക്കിയാക്കിയാണ് സീറോയില്‍ നിന്നും ഒരു സാമ്രാജ്യം തന്നെ മക്കള്‍ക്ക് നല്കിയ ആ പിതാവ് ഇഹലോക വാസം വെടിഞ്ഞത്.  

കിട്ടിയ കാശും കൊടുത്ത മെംബര്‍ സ്ഥാനവും സ്വാഹ.. 


ഇടതു മുന്നണിയിലെ ഒരു ഈർക്കിൽ പാർട്ടിക്ക് കിട്ടിയ പിഎസ്‌സി അംഗത്വം ലേലം വിളിച്ചു വിറ്റതും അതിൻ്റെ പിന്നാമ്പുറത്ത് പറ്റിയ അമളിയും ഇതിനേക്കാളൊക്കെ കൌതുകകരമാണ്. കിട്ടിയ കാശും പാര്‍ട്ടിക്ക് കിട്ടിയ പിഎസ്‌സി അംഗത്വവും ഒറ്റയടിക്കാണ് ഈ ഈര്‍ക്കിള്‍ പാര്‍ട്ടിക്കും നേതാവിനും നഷ്ടമായത്. 


അതും പണി കിട്ടിയത് ചില്ലറക്കാരനല്ല എന്നതാണ് രസം. ഒരു വലിയ പാർട്ടിയുടെ മന്ത്രിയും എം.പിയുമൊക്കെയായിരുന്ന, ഇപ്പോള്‍ ഇടതു മുന്നണിയിലെ ഒരു ഈർക്കിൽ കക്ഷിയുടെ നേതാവാണ് ഇവിടെ കഥാനായകന്‍. ഈ പാര്‍ട്ടിക്കും ഒരു പിഎസ്‌സി മെമ്പർ സ്ഥാനം മുന്നണി കനിഞ്ഞനുഗ്രഹിച്ചു കൊടുത്തു. 

എല്ലാ സ്ഥാനങ്ങളും വല്യേട്ടൻ എടുത്താൽ കൊള്ളില്ലല്ലോ. ഘടകകക്ഷികൾക്കുമൊക്കെ വല്ലതും തടയേണ്ട. കഥയിലേത് ഈർക്കിൽ കക്ഷിയാണെങ്കിലും നേതാവ് ബഹുത് ബഡാ ആണെന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ. ആ നേതാവ് തങ്ങൾക്കു കിട്ടിയ പിഎസ് സി അംഗത്വം ലേലത്തിനു വച്ചു. 60 ലക്ഷം .. ഒരു തരം.. രണ്ടു തരം....

60 ലക്ഷം തറവില !

കോഴിക്കോട്ടേതു പോലെ 60 ലക്ഷമായിരുന്നു കോഴ തുക (അത് ഈ പോസ്റ്റിന്‍റെ തറവില ആയി ആരോ നിശ്ചയിച്ചിട്ടുണ്ടത്രെ). ഇതിൽ കൊത്തിയത് സംസ്ഥാനത്തെ ഒരു വിവാദ വ്യവസായി നടത്തുന്ന കോളജിൽ പഠിപ്പിക്കുന്ന ഒരാൾ. അപ്പോള്‍ സൂത്രശാലിയായ കഥാനായകന് ഒരു സംശയം. 'ഉദ്യോഗാര്‍ഥിക്കു' പാര്‍ട്ടിയുമായി ഒരു ബന്ധമൊക്കെ വേണമല്ലോ. 

ഇല്ലെങ്കില്‍ പാര്‍ട്ടിക്കാര്‍ വിമര്‍ശിക്കും. അങ്ങനെ നേതാവും സഹായിയായ കുട്ടിനേതാവും നടത്തിയ ഗവേഷണത്തിന്റെ ഫലമായി ഈ 'ഉദ്യോഗാര്‍ഥി'യുടെ പിതാവ് മുന്‍പ് പ്രസ്തുത പാര്‍ട്ടിയില്‍ ബ്ളോക്ക് തലത്തില്‍ പ്രവര്‍ത്തകനായിരുന്നു എന്നങ്ങ് കണ്ടെത്തി. പിന്നെ കക്ഷി ലേലം ഉറപ്പിച്ചു - 60 ലക്ഷത്തിനു 'ഉദ്യോഗാര്‍ഥി' തയാർ. അതിൻ്റെ പകുതി മുൻപേർ നൽകി.

നേതാവും വാക്കുപാലിച്ചു. പിഎസ്‌സി അംഗത്വം കൊടുത്തു. സത്യപ്രതിജ്ഞയും കഴിഞ്ഞു. പത്രങ്ങളിലൊക്കെ പടവും വന്നു. അതു പോരല്ലോ, ബാക്കി 30 ലക്ഷം കൂടി കിട്ടേണ്ടെ ? അതല്ലേ കരാര്‍. നേതാവിൻ്റെ ബഹുകേമനായ പി.എ ബന്ധപ്പെട്ട മെമ്പറെ വിളിച്ച് ബാക്കി തുക ആവശ്യപ്പെട്ടു.

മറുപടി കേട്ട് പി.എ ഞെട്ടി. മെമ്പർ വഴങ്ങുന്നില്ല. ബാക്കി പണം കൊടുക്കുന്ന മട്ടു കാണുന്നില്ല. (തനിക്കുള്ള തുക കൂടി ചേർത്താണ് മെമ്പറോട് പി.എ തുക പറഞ്ഞത്). അത് പോകുമെന്ന് കണ്ടതോടെ പി.എ ആയ യുവ നേതാവിനും വാശിയായി.

പിന്നത്തെ നായകന്‍, കോഴ ഫെയിം ! 

ഏതായാലും നേതാവും പിഎയും അടങ്ങാത്ത ക്ഷോഭത്തിലായി. ഇതിനിടെ, നമ്മുടെ മെമ്പർ തൻ്റെ മുന്‍ തൊഴിൽ ദാതാവായ വിവാദ വ്യവസായിയെ പോയി കണ്ടു. സങ്കടം ഉണർത്തിച്ചു. ഇല്ലാത്ത കോഴ കൊടുത്തെന്ന് സ്ഥാപിക്കാന്‍ കേമനാണ് വ്യവസായി.  നേതാവിൻ്റെ പി.എ ഭീഷണി മുഴക്കുകയാണത്രെ. എങ്ങനെയെങ്കിലും രക്ഷിക്കണം. താൻ ഇനി 30 ലക്ഷം കൊടുക്കില്ലെന്ന് മെമ്പർ താഴ്മയായി ഉണർത്തിച്ചു. വിട്ടുകൊടുക്കുന്ന ആളല്ലല്ലോ വ്യവസായി. വ്യവസായി മെമ്പർക്ക് വാക്കു കൊടുത്തു - 'ഞാൻ ഏറ്റു' .

ഇത്തരം കേസുകെട്ടുകളിൽ നല്ല ഹരമുള്ളയാളാണ് കക്ഷി. അദ്ദേഹം നേരെ നേതാവിനെ വിളിച്ചു. ഇരുവരും തമ്മിൽ പൊരിഞ്ഞ തർക്കമായി. ഒടുവിൽ ഇരുവരും തമ്മിൽ കാണാമെന്നും സംസാരിക്കാമെന്നും ധാരണയിലായി. വ്യവസായി വിളിച്ചിടത്ത് നേതാവു വന്നു, അതും പിറ്റേ ദിവസം. ചര്‍ച്ച നടന്ന നേതാവിന് കൂടി ബന്ധമുള്ള ഹോട്ടല്‍ മുറിയില്‍ വച്ച് ഒന്നും രണ്ടും പറഞ്ഞ് പിന്നെയും തർക്കമായി. 

കോഴ തിരികെ പോക്കറ്റില്‍ !


ബാക്കി പണം കൊണ്ടേ പോകൂ എന്നായി നേതാവ്. കൊടുക്കില്ലെന്നു വ്യവസായിയും. ഒടുവിൽ വ്യവസായിയെ വെല്ലുവിളിച്ചു നേതാവ് പോകാനൊരുങ്ങിയപ്പോഴാണ് കഥയിലെ ട്വിസ്റ്റ്.  വ്യവസായി മുറിയിലെ ഒരു കോണിലിരുന്ന ക്യാമറ നേതാവിന് കാട്ടിക്കൊടുത്തു. " നമ്മുടെ സംസാരമെല്ലാം ഈ ക്യാമറയിലുണ്ട്. സ്ഥിരം തൊട്ടിത്തരം കാണിച്ചാല്‍ ഇത് നാളെ ചാനലുകളില്‍ നിറയും. ഞാന്‍ പറഞ്ഞാല്‍ പറഞ്ഞപോലെ എന്നറിയാമല്ലോ ? അതിനാല്‍ നേരത്തെ വാങ്ങിയ 30 ലക്ഷം ഇവിടെ വച്ചിട്ടു പുറത്തേയ്ക്ക് പോയാൽ മതി ". വെള്ളിടി വെട്ടിയതു പോലെയായി നേതാവിന്. 


എസി യിൽ ഇരുന്നു നേതാവ് വെട്ടിവിയര്‍ത്തു. അര നൂറ്റാണ്ടു നീണ്ട രാഷ്ട്രീയ ജീവിതത്തിൽ പലതും കണ്ടിട്ടുണ്ട്. ഇതിലും വലിയ പല കളിയും കളിച്ചിട്ടുമുണ്ട്. പക്ഷേ, ഇതുപോലൊന്ന് ! മാനം മൊത്തം പോകുന്ന പണിയാണ്. ഇനി ചുരുക്കാം - മെമ്പറോട് നേരത്തെ വാങ്ങിയ 30 ലക്ഷം അവിടെയിരുന്ന് പലരെ വിളിച്ച് പറഞ്ഞു സംഘടിപ്പിച്ചു വ്യവസായിയുടെ മേശപ്പുറത്തു വച്ചു.

എല്ലാം പോയി. കയ്യിലിരുന്നതും കക്ഷത്തു വച്ചിരുന്നതും എല്ലാം. ബിസിനസുകാരൻ ചിരിച്ചു. പിറ്റേന്ന് നമ്മുടെ പിഎസ്.സി മെമ്പർ വന്ന് പണം കൈപ്പറ്റി. ശുഭം. ഇതാണ് കളി. ഇങ്ങനെയാണ് കാര്യങ്ങൾ i

വാൽക്കഷണം: ഇടതുമുന്നണിയിലെ മറ്റൊരു ഈർക്കിൽ കക്ഷി, തങ്ങൾക്ക് കിട്ടാനുള്ള പിഎസ് സി മെമ്പർ സ്ഥാനം ഇപ്പോള്‍ ലേലത്തിനു വച്ചിരിക്കുകയാണെന്നാണ് കേള്‍വി. മികച്ച ലേലത്തിനായി അവർ കാത്തിരിക്കുന്നു.

ഗുണപാഠം: ലേലമൊക്കെ വയ്ക്കുമ്പോൾ തുക മുഴുവൻ മുൻകൂറായി കൈപ്പറ്റുക.

Advertisment