സ്‌പെയിനിലെ അലികാന്റെ പ്രവിശ്യയിലെ വില്ലേനില്‍ നിന്ന് 3000 വര്‍ഷം പഴക്കമുള്ള നിധിയില്‍ ഒളിച്ചിരുന്ന വാളും വളക്കാപ്പും പരിശോധിച്ച പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ . നൂറ്റാണ്ടുകള്‍ പഴക്കമുള്ള സ്വര്‍ണം പൂശിയ 59 വസ്തുക്കളാണ് കണ്ടെത്തിയത്. ഐബീരിയന്‍ പെനിന്‍സുലയിലെ വെങ്കലയുഗം മുതലുള്ള സ്വര്‍ണ പുരാവസ്തുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലുകളില്‍ ഒന്നാണിതെന്ന് പറയപ്പെടുന്നു.
1963ലാണ് ഇവ കണ്ടെത്തിയത്. കണ്ടെത്തിയവയില്‍ സ്വര്‍ണം പൂശിയ കൈപ്പിടിയോട് കൂടിയ വാളും വളക്കാപ്പും നിര്‍മിച്ചിരിക്കുന്നത് ഇരുമ്പു കൊണ്ടാണ്. എന്നാല്‍ ഇവയെ കുറിച്ച് പഠിച്ച ഗവേഷകര്‍ പറയുന്നത് ഇവ നിര്‍മിച്ചിരിക്കുന്നത് ഭൂമിയില്‍ ലഭ്യമായ ഇരുമ്പില്‍ നിന്നല്ല എന്നാണ്. ഭൂമിക്ക് പുറത്തുള്ള ഉല്‍ക്കാശിലയില്‍ നിന്നുള്ള ഇരുമ്പില്‍ നിന്നാണ് ഇവ നിര്‍മിച്ചിരിക്കുന്നത്.
നാഷണല്‍ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം, ദിരിയ ഗേറ്റ് ഡെവലപ്പ്‌മെന്റ് അതോറിറ്റി. സ്പാനിഷ് നാഷണല്‍ റിസര്‍ച്ച് കൗണ്‍സില്‍ എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയത്. നിധി കണ്ടെത്തിയിടത്തു ഉല്‍ക്കാശില പതിച്ചിരുന്നു. ഇതില്‍ നിന്നുള്ള ഇരുമ്പു ഉപയോഗിച്ച് അക്കാലത്തെ മൂല്യമുള്ള വസ്തുക്കള്‍ നിര്‍മിക്കാന്‍ പ്രദേശവാസികള്‍ക്ക് അറിയാമായിരുന്നു എന്നും ഗവേഷകര്‍ പറയുന്നു.
ലഭിച്ച പുരാവസ്തുവിലെ ഇരുമ്പ്-നിക്കല്‍ അലോയ് ട്രെയ്സുകള്‍ മാസ് സ്‌പെക്ട്രോമെട്രി എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വിശകലനം ചെയ്തത്. ഇതോടെയാണ് പുതിയ വിവരം പുറത്തുവന്നത്. ഈജിപ്ഷ്യയിലെ ടുട്ടന്‍ഖാമുന്റെ കഠാരി, ഗ്രീന്‍ലാന്‍ഡില്‍ നിന്നുള്ള ഇന്‍യൂട്ട് ഉലു കത്തികള്‍ തുടങ്ങിയ പുരാവസ്തുക്കളിലാണ് ഇതിന് മുമ്പ് ഉല്‍ക്കാശിലയില്‍ നിന്നുള്ള ഇരുമ്പ് കണ്ടെത്തിയത്.