പുക നിലയ്ക്കുന്നില്ല. മാധ്യമങ്ങളുടെ അടുപ്പത്ത് എന്താണ് വെന്തു കൊണ്ടിരിക്കുന്നത് ? വെജ് വാദവും നോൺവെജ് വാദവുമാണ് കത്തിക്കുന്നത്. ഏതാണ് നല്ലത് - ചർച്ച കത്തിക്കയറുകയാണ്.
അതെന്തായാലെന്ത് ? എല്ലാവർക്കും ഇവിടെ കഴിക്കാനുള്ള വക വല്ലതും കിട്ടുന്നുണ്ടോ എന്ന ചോദ്യത്തിലേക്ക് നാം വരുന്നേയില്ല. നാമിനിയും ഭക്ഷ്യസുരക്ഷയിലേക്കെത്തിയിട്ടുണ്ടോ ? അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പച്ചക്കറികളിൽ അപകടകരമായ നിലയ്ക്കുമപ്പുറം കീടനാശിനി കലരുന്നതായി കണ്ടെത്തിയ വാർത്തകൾ ധാരാളമായി വരുന്നുണ്ട്. അതേത്തടയാൻ സർക്കാരുകളും ബന്ധപ്പെട്ട വകുപ്പുകളും എന്തു നടപടികൾ എടുക്കുന്നുണ്ട് ?
കേരളത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പ്രമുഖ ബ്രാൻഡ് കറി പൗഡറുകളിലെല്ലാം മായം കലർത്തുന്നതായി കണ്ടെത്തിയ വാർത്തകൾ അടിക്കടി പുറത്തു വരുന്നുണ്ട്. എന്നാൽ എത്ര പ്രമുഖ ബ്രാൻഡുകളുടെ വിഷ വ്യാപാരത്തിന് ഉത്തരവാദപ്പെട്ട നമ്മുടെ ഭരണകൂടങ്ങൾ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട് ?
പൊതുജനാരോഗ്യം ലക്ഷ്യമാക്കുന്ന വിധം ജാഗ്രതയുള്ള എന്തു സംവിധാനമാണ് ഇവിടെ പുലരുന്നുള്ളത് ? വിഷം കൊടുത്തു കൊന്നാൽ മാത്രമേ ശിക്ഷയുള്ളോ ? വിഷം ഭക്ഷണമെന്ന പേരുവെച്ച് കൊടുത്താൽ ശിക്ഷയില്ലേ ? ഇത്തരത്തിൽ യഥാർത്ഥവിഷയത്തിലേക്ക് ചർച്ചകൾ വരാത്തതെന്താണ് ?
അതാണു പറഞ്ഞത് വെജ് നോൺവെജ് ഹലാൽ, പോർക്ക് - ബീഫ് ചർച്ചകളുടെ ഭിന്നിപ്പ് രാഷ്ട്രീയ തന്ത്രമാണത്. വിഷയത്തിലേക്ക് ഒരിക്കലും വരാതിരിക്കുക എന്ന തന്ത്രം. വിവാദങ്ങൾക്ക് സാധ്യത മുഴുവൻ അവിടെയാണ്. വിവാദമാകട്ടെ മാധ്യമങ്ങളുടെ ഇഷ്ട വ്യവസായവുമാണ്.
ഭക്ഷണ ചർച്ച മതങ്ങളിലേക്ക് വഴി മാറിയാലും അവിടെയും ഭിന്നിപ്പിന്റെയും കുത്തിത്തിരിപ്പിന്റെയും രാഷ്ട്രീയ വാദമുഖങ്ങൾ മാറുന്നില്ല. നിങ്ങൾ തൊപ്പിയിട്ടതാണോ പൂണൂലിട്ടതാണോ എന്നതാണ് തിരയുന്നത്. മതമുള്ള നിങ്ങൾക്ക് മതങ്ങളാൽ പറയപ്പെട്ട മനുഷ്യത്വമുണ്ടോ
മര്യാദയുണ്ടോ ?
മതമുള്ള മനുഷ്യാ നിങ്ങൾക്കിവിടെ ഒരാത്മാവുണ്ടോ എന്നതല്ലേ യഥാർത്ഥപ്രശ്നം. ഏകഗ്രന്ഥം അന്ത്യ പ്രവാചകൻ എന്നിങ്ങനെ നിർബന്ധം പിടിക്കുന്നവർ പോലും പല ചേരികളിൽ നിന്ന് തമ്മിലടിക്കുന്നത് വിഷയങ്ങൾക്കു പിന്നിലെ വിഭാഗീയരാഷ്ട്രീയം കൊണ്ടാണ് എന്ന വസ്തുത അരിയാഹാരം കഴിക്കുന്നവർക്കറിയാം.
വിരുദ്ധചേരികളിൽ നിൽക്കുന്ന ജാതികൾ ഉപജാതികൾ മതങ്ങൾ.... കൊള്ളാം... ഇപ്പോൾ നിങ്ങൾക്ക് ദേശത്തെപ്പറ്റി വലുതായ അഭിമാനം തോന്നുന്നില്ലേ ?
എതിർത്തും പ്രീണിപ്പിച്ചും തമ്മിലടിപ്പിച്ചും മതങ്ങളെയും ജാതികളെയും വോട്ടുബാങ്കാക്കി നിർത്തി ഉപയോഗിക്കാൻ നന്നായറിയാവുന്ന രാഷ്ട്രീയക്കാർ. അവരുടെ പല ദിശയിലേക്കുള്ള തുഴച്ചിലും.
മതം തീർച്ചയായും ജനനം മുതൽ മരണം വരെ ഓരോന്നിലും എന്നതു പോലെ ഭക്ഷണത്തിലും ഇടപെടുന്നുണ്ട്. എന്നാൽ ഓരോ ഭക്ഷണത്തിനും വ്യത്യസ്ത മതങ്ങളുടെ ചാപ്പയടിച്ച് ചർച്ചയ്ക്കു വെക്കുന്നത് ഭിന്നിപ്പിച്ചു ഭരിക്കുന്ന രഷ്ട്രീയ തന്ത്രം തന്നെയാണ്. പാവം നിഷ്കളങ്ക ഭക്ഷണ ചർച്ച എന്നു കരുതാൻ വരട്ടെ. തമ്മിലടിക്കാനുള്ള പുറപ്പാടാണ്.
പോർക്ക് വിളമ്പാൻ ധൈര്യമുണ്ടോ എന്ന ചോദ്യം ശ്രദ്ധിച്ചില്ലേ. ഒരു പ്രത്യേക മത വിഭാഗത്തെ അടിക്കാനുള്ള വടിയായിട്ടാണ് പന്നിമാംസം ചർച്ചകളിൽ വരുന്നത്. പന്നി ഇനിയങ്ങോട്ട് വെറും പന്നിയല്ല. പശു വെറും പശുവുമല്ല. നിറം നിങ്ങൾ ഉപയോഗിച്ചാൽ അറിയാം കാവിയും പച്ചയുമൊന്നും വെറും നിറങ്ങളുമല്ല. ഇതാണ് വർത്തമാന ഇന്ത്യൻ സാഹചര്യം.
എന്നാൽ എന്താണ് ഭാരതീയ സംസ്കാരം ഭക്ഷണത്തെപ്പറ്റി പറയുന്നത്. ഭാരതീയ സംസ്കാരത്തിന്റെ ആധാരശിലയായി നിസ്സംശയം പറയാവുന്ന ഉപനിഷത്തുക്കളുടെ സാരസംഗ്രഹമായ ഭഗവത് ഗീതയിലെ ശ്രദ്ധാത്രയ വിഭാഗയോഗത്തിൽ സത്വ രജസ് തമോ ഗുണങ്ങളിലുള്ള ഭക്ഷണങ്ങളെ വിവരിക്കുന്നുണ്ട്.
മൂന്നുയാമം കഴിഞ്ഞ് പഴകി രസം പോയ ഭക്ഷണവും ദുർഗന്ധ ഭക്ഷണവും പുളിച്ചു മറ്റൊന്നായ ഭക്ഷണവുമെല്ലാം പ്രത്യേകം എടുത്തു പറഞ്ഞിട്ടും അതിലെവിടെയും സസ്യഭക്ഷണം മാംസഭക്ഷണം എന്ന വർഗ്ഗീകരണം ഭഗവദ്ഗീത പറയുന്നേയില്ല. ഏതെങ്കിലും ഒന്ന് മതി. മറ്റേത് അരുത് എന്നിങ്ങനെ പറഞ്ഞാൽ അത് പിന്നീട് രാഷ്ട്രീയക്കാരുടെ കയ്യിലെ ആയുധമാകുമെന്ന് ത്രികാലജ്ഞാനിയായ വ്യാസമഹർഷി ദീർഘദർശനം ചെയ്ത പോലുണ്ട്.
അതല്ലാ, മാംസഭക്ഷണം ഇന്ത്യയിൽ അതിനു മുമ്പ് നിലവിലുണ്ടായിട്ടില്ലാത്തതിനാലാണോ അതോ അക്കാര്യം അറിയാതെ പോയതിനാലാണോ ഗീതകാരൻ മാംസഭക്ഷണമെന്ന് പ്രത്യേകം വിലക്കി പറയാതിരുന്നത് ? ഇത്രയും ചിന്തിച്ചാൽ തന്നെ മനസ്സിലാകും സസ്യഭക്ഷണം മാംസഭക്ഷണം എന്നു തിരിക്കാത്ത വിധം മനുഷ്യന്റെ ഭക്ഷണത്തെ അതിന്റെ സമഗ്രതയിൽ സ്വതന്ത്ര ബുദ്ധിയോടെ കാണാൻ കഴിഞ്ഞ ഭഗവദ് ഗീതയുടെ അത്ര മോശമല്ലാത്ത യുക്തിയും ശാസ്ത്രീയതയും.
കോഴിമുട്ടയിലും പയർവിത്തിലും ഒരേ ഉദ്ദേശ്യത്തോടെ പുറത്തുവരാൻ കാത്തിരിക്കുന്ന ജീവനുകളെല്ലാം അടിസ്ഥാനപരമായി ഒന്നെന്നറിയാവുന്ന ഗീതാകാരന് ഹിന്ദുത്വവാദികളെപ്പോലെ ഭക്ഷണത്തെപ്പറ്റി വിഭാഗീയതയുടെ ഭാഷയിൽ പറയാൻ എങ്ങനെ കഴിയും ?
ജീവോ ജീവസ്യ ജീവനം - ജീവൻ ജീവനെ ജീവനമാക്കുന്നു. ജീവൻ തന്നെ ജീവികളുടെ നിലനിൽപിനാധാരമായ ആഹാരം എന്നുദ്‌ഘോഷിച്ച ഉപനിഷത്തുക്കളുടെ വഴിയേ പോയ ഭഗവദ് ഗീതയ്ക്ക് യോഗ സംഭവമായ സമതയോടെയല്ലാതെ അവധാനതയോടെയല്ലാതെ മറ്റൊരു വിധത്തിൽ പറയുക സാധ്യമല്ലല്ലോ.
ഭഗവദ് ഗീതയിൽ മറ്റൊരിടത്ത് - ആറാമധ്യായം ധ്യാനയോഗത്തിൽ
യുക്താഹാര വിഹാരസ്യ
യുക്ത ചേഷ്ടസ്യ കര്‍മ്മസു
യുക്ത സ്വപ്നാവബോധസ്യ
യോഗോ ഭവതി ദുഃഖഹാ
എന്നാണ് പറയുന്നത്. അവിടെയും യോഗ നിലയെ കൊണ്ടുവരാൻ യുക്താഹാരം എന്നാണ് പറയുന്നത്. യുജ് - യോജിപ്പിക്കുക - യോഗം.
അതായത് നിങ്ങളുടെ മന:ശരീരങ്ങൾക്ക് യോജിച്ച ഭക്ഷണം എന്തോ അതാണ് യുക്താഹാരം.
മനസ്സിനു പിടിച്ച ഭക്ഷണം ശരീരത്തിനു പിടിക്കുന്ന ഭക്ഷണം അതാണ് ആചാര്യൻ പറയുന്നത്. അല്ലാതെ നിങ്ങൾ എന്ത് ആഹരിക്കണം എന്നതിന് പൊതു നിയമം അടിച്ചേൽപ്പിക്കാനോ ഇന്നത് പാടില്ലെന്ന് തിട്ടൂരമിറക്കാനോ ആചാര്യനും യോഗശാസ്ത്രത്തിനും യാതൊരുദ്ദേശ്യവുമില്ല. കാളയോ കാളനോ എന്നതല്ല യഥാർത്ഥ വിഷയം.
മറിച്ചുള്ള വാദമുഖങ്ങൾ ഉയർത്തുന്ന ചർച്ചകളെല്ലാം രാഷ്ട്രീയ ഉദ്ദേശ്യങ്ങൾ മാത്രമാണ്. അത്യന്തം അപകടകരവും ഏകശിലാത്മകവുമായ രാഷ്ട്രീയ ലക്ഷ്യം മാത്രമേ അതിൽ ആകപ്പാടെ കാണാൻ കഴിയുന്നുള്ളൂ.