Advertisment

ദീപികയുടെ ഉടുതുണിയുടെ രാഷ്ട്രീയം ചികയുന്നവര്‍ - ജെയിംസ് കൂടൽ എഴുതുന്നു

author-image
nidheesh kumar
New Update

publive-image

Advertisment

ലോകകപ്പ് ഫുട്‌ബോളില്‍ ഇന്ത്യന്‍ ആരവം ഉയരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുമ്പോള്‍ ഇന്ത്യന്‍ ജനതയ്ക്ക് അതില്‍ അത്ര വിശ്വാസമൊന്നുമില്ല. കാരണം ജാതിയുടെയും നിറത്തിന്റെയും പേരില്‍ കലഹിക്കാന്‍ മാത്രം സമയം കണ്ടെത്തുന്ന ഒരു ജനവിഭാഗത്തിന് എങ്ങനെ മറ്റുരാജ്യങ്ങളെ പോലെ വിശാലമായ ചിന്താസരണിയില്‍ എത്തപ്പെടാന്‍ കഴിയും എന്നത് സംശയത്തിന് വകനല്‍കുന്നതാണ്.

ബോളിവുഡിലെ പഠാന്‍ സിനിമയ്ക്കെതിരെ മുംബൈ പൊലീസ് കേസെടുത്തതാണ് പുതിയ വിവാദം. ചിത്രത്തിലെ ദീപിക പദുക്കോണിന്റെ വസ്ത്രം ഹിന്ദു ധര്‍മ്മത്തിന് എതിരാണെന്ന പരാതിയിലാണ് കേസ്. കൂടാതെ അന്യമതസ്ഥനായ നായകനൊപ്പം കാവി ബിക്കിനിയില്‍ ദീപിക പ്രത്യേക്ഷപ്പെടുന്നത് ഹിന്ദുധര്‍മ്മത്തിന് എതിരാണെന്നും പ്രചരിപ്പിക്കപ്പെടുന്നു.

ബിജെപി അനുയായി സജ്ഞയ് തിവാരിയാണ് പരാതിക്കാരന്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് മുബൈ പൊലീസിന്റെ കേസ്. സിനിമയുടെ പ്രദര്‍ശനം വിലക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ സുധീര്‍ ഓജ, ബിഹാര്‍ മുസഫര്‍ നഗര്‍ കോടതിയില്‍ ഹര്‍ജിയും നല്‍കിയിട്ടുണ്ട്.

പഠാന്‍ ചിത്രത്തിലെ ‘ബേഷറാം റാംഗ്’ എന്ന ഗാനം പുറത്തുവന്നതോടെയാണ് വിവാദത്തിന് തിരി കൊളുത്തിയത്. ഒരിടവേളക്ക് ശേഷം ഷാരൂഖ് തിരിച്ചുവരവ് നടത്തിയ സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഷാരൂഖും ദീപിക പദുക്കോണും പ്രത്യക്ഷപ്പെട്ട ഗാനരംഗത്തില്‍ നായിക കാവിനിറത്തിലുള്ള ബിക്കിനി ധരിച്ചാണ് ഹിന്ദുത്വവാദികളുടെ എതിര്‍പ്പിന് കാരണം.

publive-image

കാവി നിറത്തിലുള്ള വസ്ത്രങ്ങളില്‍ സിനിമാതാരങ്ങളും കഥാപാത്രങ്ങളും പ്രത്യേക്ഷപ്പെടുന്നത് ഇത് ആദ്യമല്ല. നിരവധി മലയാള ചിത്രങ്ങളില്‍ തന്നെ കാവി വേഷധാരികള്‍ സഭ്യതയുടെ അളവുകോല്‍ മറികടക്കുന്ന രംഗങ്ങളില്‍ പ്രത്യേക്ഷപ്പെട്ടിട്ടുണ്ട്.

മലയാളത്തിലെ മഹാനടന്‍ മമ്മൂട്ടി അഥര്‍വം എന്ന സിനിമയില്‍ കാവി വേഷം ധരിച്ചിരുന്നു. ഈ ചിത്രത്തില്‍ പുഴയോരത്ത്… പൂത്തോണി എത്തീടമെന്ന …പാട്ട് സീനില്‍ സില്‍ക്ക് സ്മിതയാണ് അഭിനയിച്ചത്. അതുപോലെ രാജശില്‍പ്പി എന്ന മോഹന്‍ലാല്‍ ചിത്രത്തിലും അശ്‌ളീലതയുടെ ചവര്‍പ്പുള്ള രംഗങ്ങള്‍ ഉണ്ട്.

കാവി നിറത്തിലുള്ള വേഷം ധരിച്ചുവെന്ന കാരണത്താല്‍ ഈ ചിത്രങ്ങള്‍ക്കെതിരെ ആരും പരാതി പല്‍കിയിട്ടും ഇല്ല. എന്നാല്‍ എന്തുകൊണ്ട് വടക്കേ ഇന്ത്യയില്‍ ഇത്തരത്തിലുള്ള ഹിന്ദു സംസ്‌കാരം വളരുന്നുവെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

ബിക്കിനി സംഭവം വിവാദമായതോടെ പ്രതികൂലവും അനുകൂലവുമായ പ്രതികരണങ്ങളുമായി നിരവധി പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്. മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തിലെ മന്ത്രിമാര്‍ വരെ ചിത്രത്തിലെ ഗാനരംഗത്തിനെതിരെ പ്രതിഷേധമുയര്‍ത്തി.

ദീപികയുടെ വസ്ത്രധാരണത്തിലും സിനിമയിലെ ഗാനരംഗത്തിലും തിരുത്തലാണ് ഇവര്‍ ആവശ്യപ്പെടുന്നത്. വീര്‍ ശിവജി എന്ന സംഘടനയിലെ അംഗങ്ങള്‍ ഷാരൂഖ് ഖാന്റെയും ദീപിക പദുക്കോണിന്റെയും കോലവരെ കത്തിച്ച് പ്രതിഷേധിച്ചു.

അല്‍പ വസ്ത്രധാരിയായി എത്തുന്ന ദീപിക അടുത്ത തവണ വസ്ത്രിമില്ലാതെ വരുമെന്ന് പറഞ്ഞ് നടന്‍ മുകേഷ് ഖന്നയും രംഗത്തെത്തി. എന്നാല്‍ ചിത്രത്തിനു പിന്തുണയുമായാണ് തമിഴ് നടന്‍ പ്രകാശ് രാജ് എത്തിയത്. കാവിയിട്ടവര്‍ പ്രായപൂര്‍ത്തിയാകാത്തവരെ പീഡിപ്പിക്കുന്നതില്‍ കുഴപ്പമില്ല, സിനിമയില്‍ വസ്ത്രം ധരിക്കുന്നതാണ് പ്രശ്നം എന്നാണ് പ്രകാശ് രാജ് പ്രതിഷേധ സ്വരത്തില്‍ പ്രതികരിച്ചു.

publive-image

സങ്കുചിത കാഴ്ചപ്പാടുകളാണ് ഇത്തരം വിവാദങ്ങള്‍ക്ക് കാരണമെന്ന് ഷാരൂഖ് ഖാനും പറഞ്ഞതോടെ കാവിയുടെ ശക്തി അറിയിക്കുമെന്ന് തീവ്രഹിന്ദുത്വ സംഘടനകളുടെ ഭീഷണിയുമുണ്ടായി.

സിദ്ധാര്‍ഥ് ആനന്ദാണ് പഠാന്റെ സംവിധായകന്‍. ബിക്കിനി വിവാദമായതോടെ ജനുവരി 25 ന് റിലീസ് പ്രഖ്യാപിച്ച ചിത്രവും ശ്രദ്ധേയമായിരിക്കുകയാണ്. സല്‍മാന്‍ ഖാനും ഋതിക് റോഷനും അതിഥി വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

കാവി ബിക്കിനി വിവാദത്തില്‍ ബി.ജെ.പിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. കേന്ദ്ര മന്ത്രി സ്മൃതി ഇറാനി മുമ്പ് കാവി വസ്ത്രം ധരിച്ച് മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കുന്ന വീഡിയോ പങ്കുവച്ചാണ് തൃണമൂല്‍ തിരിച്ചടിച്ചത്.

എന്തുതന്നെയായലും എന്തിലും ഏതിലും മതവും കാവിയും കാണുന്ന മനോഭാവം പുരോഗമന സമൂഹത്തിന് ഭൂക്ഷണമാകില്ല. ഇത് മറ്റൊരുതരം തീവ്രവാദത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകും.

Advertisment