Advertisment

ജാര്‍ഖണ്ഡ് - വെള്ളച്ചാട്ടങ്ങളും മലനിരകളും ഇവിടം സ്വര്‍ഗം തീര്‍ക്കുന്നു

author-image
admin
Updated On
New Update

publive-image

Advertisment

ജാര്‍ഖണ്ഡ് സംസ്ഥാനം ബീഹാറിന്റെ ദക്ഷിണഭാഗങ്ങള്‍ ഉരുത്തിരിഞ്ഞുണ്ടായതാണ്. രണ്ടായിരാമാണ്ട് നവംബര്‍ പതിനഞ്ചിന് ഒരു സംസ്ഥാനമായി ഇത് രൂപംകൊണ്ടു. ബീഹാറിന്റെ ഭാഗമായി കിടന്നിരുന്ന ജാര്‍ഖണ്ഡിനെ പ്രത്യേക സംസ്ഥാനമായി പ്രഖ്യാപിക്കണമെന്നുള്ള വിവിധ ഗോത്രക്കാരുടെ ആവശ്യം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.

ഇന്ത്യയ്ക്ക് സ്വ്വതന്ത്ര്യം ലഭിച്ച നാള്‍ മുതല്‍ അവര്‍ ഈ ആവശ്യം ഉന്നയിച്ചുകൊണ്ടിരുന്നു. അഞ്ച് ദശാബ്ദങ്ങള്‍ക്കൊടുവില്‍ അതിന് ഫലമുണ്ടായി. റാഞ്ചിയാണ് ഝാര്‍ഖണ്ഡിന്റെ തലസ്ഥാനം. സംസ്ഥാനത്തിലെ ഏറ്റവും വലിയ വ്യവസായ നഗരം എന്ന പദവി ജാംഷഢ്പൂരിനാണ്. പലനിലയ്ക്കും വിശ്രുതമായ വേറെയും പട്ടണങ്ങള്‍ ഝാര്‍ഖണ്ഡിലുണ്ട്.

ധന്‍ബാദ്, ബൊക്കാറോ, ഹസാരിബാഗ് എന്നിവ അതില്‍ പ്രധാനമാണ്. ഇനിയും മനുഷ്യന്‍ കടന്നുചെല്ലാത്ത നിബിഢവനങ്ങളും മലകളും കൊണ്ട് മറയ്ക്കപ്പെട്ട നിലയിലാണ്, വനങ്ങളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജാര്‍ഖണ്ഡ് നിലകൊള്ളുന്നത്. നിത്യഹരിത വനങ്ങള്‍ക്കും ഉരുണ്ട കുന്നുകള്‍ക്കും പാറക്കൂട്ടങ്ങള്‍ നിറഞ്ഞ സമതലങ്ങള്‍ക്കും കൂടി പേര് കേട്ടതാണ് ഈ പ്രദേശം. കണ്ണും കരളും കവരുന്ന മനോജ്ഞമായ ചില വെള്ളച്ചാട്ടങ്ങളും ജാര്‍ഖണ്ഡിലുണ്ട്. ഈ സംസ്ഥാനത്തിന്റെ വടക്ക് ബീഹാറും പടിഞ്ഞാറ് ഛത്തീസ്ഘഡും തെക്ക് ഒഡീഷയും കിഴക്ക് പശ്ചിമബംഗാളും അതിരിടുന്നു.

ജാര്‍ഖണ്ഡ് - സസ്യജന്തുജാലങ്ങളുടെ സമൃദ്ധി

സസ്യങ്ങളുടെയും വന്യജീവികളുടെയും സമൃദ്ധമായ സാന്നിദ്ധ്യംകൊണ്ട് അനുഗ്രഹീതമാണ് ജാര്‍ഖണ്ഡ്. ദേശീയോദ്യാനങ്ങളും ഉപവനങ്ങളും ഈ വൈവിധ്യത്തിന്റെ സമഗ്രമായ ദര്‍ശനങ്ങളാണ്. ലതേഹര്‍ ജില്ലയിലുള്ള ബെത് ല നാഷണല്‍ പാര്‍ക്ക് ഇത്തരത്തില്‍ വിപുലമായ ജന്തുജാലങ്ങളുടെ താവളമാണ്. കടുവകളുടെ സംരക്ഷണത്തിന്റെ ഭാഗമായി നിലവിലുള്ള പലമു കടുവസംരക്ഷണ കേന്ദ്രം സസ്യജന്തുജാലങ്ങളുടെ നാനാത്വവും വൈവിധ്യവും അവകാശപ്പെടുന്ന ഉപവനമാണ്. നൂറ് കണക്കിന് വംശവൈജാത്യങ്ങള്‍ സസ്യങ്ങളിലും ജന്തുക്കളിലും സന്ദര്‍ശകര്‍ക്ക് ഇവിടെ കാണാം.

ബെത് ല നാഷണല്‍ പാര്‍ക്കിനോടും പലമു കടുവ സംരക്ഷണ കേന്ദ്രത്തോടും സമാനത പുലര്‍ത്തുന്ന ഹസാരിബാഗ് ജീവത്പ്രപഞ്ചത്തിന്റെ ബാഹുല്യത്തിന് പുറമെ അതുല്ല്യമായ പ്രകൃതിഭംഗിയും അനുകരണീയമായ ആവാസവ്യവസ്ഥിതിയും ഒത്തിണങ്ങിയ സ്വാഭാവിക വന്യജീവി സങ്കേതമാണ്. ഉരുക്ക് വ്യവസായത്തിന് പേര് കേട്ട ബൊക്കാറോ സിറ്റിയിലെ ജവഹര്‍ലാല്‍ നെഹ്റു ബയോളജിക്കല്‍ പാര്‍ക്ക് വന്യജീവികള്‍ക്ക് വേണ്ടിയുള്ള ജാര്‍ഖണ്ഡിലെ ഏറ്റവും വലിയ ഉപവനമാണ്.

200 ഏക്കറുകളിലായി പരന്ന് കിടക്കുന്ന ഈ ഉദ്യാനത്തില്‍ ഒരുപാട് ജാതികളില്‍ പെട്ട മൃഗങ്ങളും പക്ഷികളുമുണ്ട്. കൃത്രിമമായി ഉണ്ടാക്കിയ ഒരു കായലും അതില്‍ ബോട്ടിംങിനുള്ള അവസരവും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഝാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയുള്ള ബിര്‍സമുണ്ഡ ജൈവിക് ഉദ്യാന്‍ പക്ഷിമൃഗാദികളുടെ അപാര വൈപുല്യവും വൈവിധ്യവും കൊണ്ട് ശ്രദ്ധേയമാണ്.

ജാര്‍ഖണ്ഡ് - സംസ്ക്കാരവും ആഘോഷങ്ങളും

പാചകവൈഭവവുംഗോത്രാധിഷ്ടിതമായ ഒരു സംസ്ഥാനമെന്ന നിലയ്ക്ക് നിത്യജീവിതത്തിന്റെയും അനുഷ്ടാനങ്ങളുടെയും സര്‍വ്വ മണ്ഡലങ്ങളിലും പ്രകൃതിക്ക് അതിന്റേതായ സ്വാധീനം ഈ ജനത കല്പിച്ചിട്ടുണ്ട്. ദിവ്യപരിവേഷമുള്ള മരത്തിന്റെ ചില്ല കൊണ്ടുവന്ന് മതാചാരപ്രകാരം വൈദിക ക്രിയകളോടെ മുറ്റത്ത് നടുന്നു. മുപ്പത്തിമുക്കോടി ദേവഗണങ്ങളില്‍ ആരുടെയെങ്കിലും ദിവ്യത്വം ഇതില്‍ സങ്കല്പിച്ച് ആരാധനയ്ക്ക് വട്ടംകൂട്ടുന്നു. ഝാര്‍ഖണ്ഡിലെ ഗ്രാമീണമായ ആത്മീയജീവിതത്തിന്റെ പരിച്ഛേദം ഇങ്ങനെയാണ്. മകരസംക്രാന്തിവേളയില്‍ ഇവിടെ കൊണ്ടാടുന്ന പൌഷമേള അഥവാ ടുസു ഉത്സവം വര്‍ണ്ണാഭിരാമമാണ്. കടുംവര്‍ണ്ണങ്ങള്‍ ചാലിച്ചെഴുതി മനോഹരമായ് അലങ്കരിച്ച നമ്മുടെ നാട്ടിലെ നാടോടിത്തെയ്യങ്ങള്‍ക്ക് സമാനമായ ഗ്രാമീണ മൂര്‍ത്തിയെ തോളിലേറ്റി ആളുകള്‍ ആവേശത്തോടെ ഊര്‍വലം വെക്കുന്നു. ഇതൊരു വിളവെടുപ്പ്കാല ഉത്സവമാണ്.

ഒരു പഴങ്കഥയുമായി ബന്ധപ്പെട്ടതാണ് ടുസു ഉത്സവം. ഏതെങ്കിലും ദേവീദേവന്മാരുമായി അതിന് ബന്ധമില്ല. ഗ്രാമീണരുടെ വിശുദ്ധസങ്കല്പത്തിലുള്ള ഒരു സുന്ദരിക്കുട്ടിയാണത്. പുതുകതിരുകള്‍ കൊയ്യുന്ന വേളയില്‍ നിറമനസ്സോടെയാണ് അവരിത് കൊണ്ടാടുന്നത്. ഗോത്രവംശജരുടെ ഉത്സവത്തിമര്‍പ്പ് അങ്ങേയറ്റം പ്രകടമാകുന്ന ഈ ആഘോഷങ്ങളില്‍ നാടൊട്ടുക്ക് മതിമറന്ന് പങ്ക് ചേരുന്നു.ഛോട്ടാ നാഗ്പൂര്‍ സമതല മേഖലയില്‍ ഒന്നാകെ ആഘോഷിക്കപ്പെടുന്ന ഏറെ പകിട്ടും മോടിയുമുള്ള മറ്റൊരാഘോഷമാണ് കരം ഉത്സവം. ഒരോവന്‍ ഗോത്രവംശജര്‍ക്കിടയിലെ ഉത്സവങ്ങളില്‍ പ്രമുഖസ്ഥാനം ഇതിനാണ്. നിത്യജീവിതത്തിലെ സാമൂഹികവും ആത്മീയവുമായ മേഖലകളില്‍ അവഗണിക്കാനാവാത്ത സ്ഥാനമാണ് ഇതിനുള്ളത്. ഇവിടത്തെ പ്രധാന സാമുദായികമേള എന്ന നിലയ്ക്ക് ഒരോവന്‍ ഗോത്രക്കാരോടൊപ്പം ഇതര സമുദായക്കാരും ഇതില്‍ പങ്ക്ചേരുന്നു.

ആധുനിക സാക്ഷാത്ക്കാരം എന്നോണം ഇന്ന് ഈ ആഘോഷം കൂടുതല്‍ വ്യാപകവും വിപുലവുമായിട്ടുണ്ട്. ഗ്രാമത്തിന്റെ ചെമ്മണ്‍പാതകളും വേലിക്കെട്ടുകളും കടന്ന് പച്ചപ്പരിഷ്ക്കാരത്തിന്റെ നഗരങ്ങളിലേക്കും, ഛോട്ടാ നാഗ്പൂര്‍ സമതലങ്ങളില്‍ നിന്ന് നാടിന്റെ ഇതര ഭാഗങ്ങളിലേക്കും അത് വളര്‍ന്നിരിക്കുന്നു.വിഭിന്നങ്ങളായ പ്രാദേശിക ചേരുവകളും പരമ്പരാഗത രീതികളും സമന്വയിച്ചതാണ് ഝാര്‍ഖണ്ഡിന്റെ പാചകശൈലി. പൊതുവെ പറഞ്ഞാല്‍ ഝാര്‍ഖണ്ഡില്‍ പാചകം ചെയ്ത ഭക്ഷണം വയറിന് അനായാസവും ദഹനത്തിന് എളുപ്പവുമാണ്. തദ്ദേശീയരായ ഗോത്രക്കാര്‍ പിന്തുടരുന്ന ജാര്‍ഖണ്ഡ് ഭക്ഷണരീതികളില്‍ നിന്ന് സന്ദര്‍ശകര്‍ക്ക് അത് മനസ്സിലാവും. ജാര്‍ഖണ്ഡ് പാചകവൈഭവത്തില്‍ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന രണ്ട് വിഭവങ്ങളാണ് ലിറ്റിയും ഛോക്കയും.

കൊതിയൂറുന്ന സ്പൈസിചിക്കന്‍ പോലുള്ള ഇവിടത്തെ നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ സഞ്ചാരികള്‍ക്കിടയില്‍ പ്രസിദ്ധമാണ്. ഝാര്‍ഖണ്ഡിലെ പാചകകലയില്‍ ഒരു മുഗള്‍ സ്പര്‍ശം അത്ര ആഴത്തിലല്ലെങ്കിലും, പ്രകടമാണ്. മണ്‍കലത്തില്‍ തയ്യാറാക്കിയ ഹന്ദിയ എന്ന പേരിലുള്ള ഉത്തേജകപാനീയം പ്രാദേശികമായി തയ്യാറാക്കുന്നതാണ്, അഥവാ വാറ്റുന്നതാണ്. തദ്ദേശീയരായ ഗോത്രനിവാസികളുടെ സംസ്ക്കാരവുമായി ഇതിന് അഭേദ്യമായ ബന്ധമുണ്ട്. വിവാഹം, ഉത്സവം പോലുള്ള ആഘോഷവേളകളില്‍ ആണ്‍ , പെണ്‍ ഭേദമെന്യെ അവരിത് മോന്തുന്നു. മഹുവ മരത്തിന്റെ കായയില്‍ നിന്നോ പൂക്കളില്‍ നിന്നോ ആറ്റിക്കുറുക്കുന്ന മഹു എന്ന ലഹരി പാനീയവും ഇവര്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്.

Advertisment