കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ വിധിയുടെ പശ്ചാത്തലത്തിൽ പുതിയ മുന്നറിയിപ്പുമായി ഗൂഗിൾ. രാജ്യത്തെ സ്മാർട്ട്ഫോണുകളുടെ വില വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് ഗൂഗിൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 2022- ൽ വ്യത്യസ്ഥ ഓർഡറുകളിലൂടെ സിസിഐ ഗൂഗിളിന് പിഴ ചുമത്തിയിരുന്നു.
ആൻഡ്രോയിഡ് മൊബൈൽ ഡിവൈസ് ഇക്കോ സിസ്റ്റത്തിലെ ആധിപത്യ സ്ഥാനം ദുരുപയോഗം ചെയ്തതിന് 1,337 കോടി രൂപയാണ് പിഴ ചുമത്തിയത്. ഇതിനുപുറമേ, പ്ലേ സ്റ്റോർ വഴി കുത്തക ദുരുപയോഗം ചെയ്തതിന് 936 കോടി രൂപയും പിഴ ചുമത്തിയിട്ടുണ്ട്.
സിസിഐയുടെ പുതിയ വിധിക്കെതിരെ ഗൂഗിൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഗൂഗിൾ ആപ്പുകൾ പ്രീ- ഇൻസ്റ്റാൾ ചെയ്യാനായി സ്മാർട്ട്ഫോൺ നിർമ്മാതാക്കളുമായി ഗൂഗിൾ കൈകോർക്കുന്നുണ്ടെന്ന ആരോപണം ഇതിനോടകം തന്നെ ഉയർന്നിരുന്നു.
ഇത് സംബന്ധിച്ച് നിരവധി തവണ സിസിഐ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, പിന്നീട് പിഴ ചുമത്തുകയായിരുന്നു. സിസിഐ കർശന നിലപാട് തുടർന്നാൽ രാജ്യത്ത് ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുടെ വളർച്ചയെ സാരമായി ബാധിക്കുമെന്നാണ് ഗൂഗിളിന്റെ വാദം.