ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താനെ തോൽപ്പിച്ചതിൽ ടീം ഇന്ത്യക്കും മികച്ച പ്രകടനം നടത്തിയ വിരാട് കോലിക്കും നിലക്കാതെ അഭിനന്ദന പ്രവാഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ടീം ഇന്ത്യയെയും കോലിയെയും പ്രശംസിച്ച് ട്വീറ്റ് ചെയ്തു.
മികച്ച പോരാട്ടത്തിനൊടുവിൽ വിജയം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങളെന്ന് മോദി ട്വീറ്റ് ചെയ്തു. ഗംഭീര ഇന്നിംഗ്‌സ് കളിച്ച വിരാട് കോലിക്ക് പ്രത്യേത അഭിനന്ദനമെന്നും അദ്ദേഹം കുറിച്ചു. വരുന്ന കളികളിൽ വിജയമുണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
മെൽബണിൽ നടന്ന മത്സരത്തിൽ പാകിസ്താനെതിരെ 53 പന്തിൽ പുറത്താകാതെ 82 റൺസ് നേടിയ വിരാട് കോഹ്‌ലിയുടെ മാച്ച് വിന്നിങ് പ്രകടനത്തിന് രാജ്യമാകെ അഭിനന്ദനം ചൊരിയുകയാണ്. കേന്ദ്രമന്ത്രി അമിത് ഷാ, രാഹുൽ ഗാന്ധി, മമതാ ബാനർജി തുടങ്ങിയ നേതാക്കളും കോലിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
ടി20 ലോകകപ്പിന് ഇതിലും നല്ല തുടക്കം ലഭിക്കാനില്ലെന്ന് പറഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദീപാവലി തുങ്ങിക്കഴിഞ്ഞുവെന്ന് ട്വിറ്ററില്‍ കുറിച്ചു. എന്തൊരു വെടിക്കട്ട് ഇന്നിംഗ്സായിരുന്നു വിരാട് കോലിയുടേതെന്നും അമിത് ഷാ പറഞ്ഞു. എന്തൊരു ആവേശപ്പോരാട്ടമായിരുന്നു പാക്കിസ്ഥാനെതിരെ.
സമ്മര്‍ദ്ദഘട്ടത്തില്‍ നേടിയ മഹത്തായ വിജയങ്ങളിലൊന്ന് വരും മത്സരങ്ങളിലും വിജയാശംസകള്‍ എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. പാക്കിസ്ഥാനെതിരെ വിജയം നേടിയ ഇന്ത്യന്‍ ടീമിന് ഹൃദ്യമായ അഭിനന്ദനങ്ങള്‍, ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം ശരിക്കും സന്തോഷം തരുന്നു, വരും മത്സരങ്ങളിലും വിജയത്തുടര്‍ച്ച ഉണ്ടാകട്ടെ എന്നായിരുന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ട്വീറ്റ് ചെയ്തത്.