Advertisment

മെൽബണിൽ കൂകിപ്പാഞ്ഞ് കോഹ്ലി എക്സ്പ്രസ്; പാകിസ്ഥാനെതിരായ ആവേശപ്പോരട്ടത്തിൽ ഇന്ത്യക്ക് നാല് വിക്കറ്റിൻ്റെ മിന്നും വിജയം

New Update

publive-image

Advertisment

മെല്‍ബണ്‍: ലോകകപ്പ് ടി20 സൂപ്പര്‍ 12 മത്സരത്തില്‍ പാകിസ്ഥാനെതിരായ ആവേശപ്പോരില്‍ ഇന്ത്യക്ക് നാല് വിക്കറ്റ് വിജയം. സ്‌കോര്‍ പാക്‌സ്താന്‍: 159/8(20) ഇന്ത്യ: 160/6(20). 53 പന്തില്‍ 82 റണ്‍സെടുത്ത മുന്‍ നായകന്‍ വിരാട് കൊഹ്ലിയുടെ മിന്നും പ്രകടനമാണ് ഇന്ത്യയ്ക്ക് ആവേശ വിജയം സമ്മാനിച്ചത്. ഒരുഘട്ടത്തില്‍ 34 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ ഹര്‍ദ്ദിക് പാണ്ഡ്യെയും (37 പന്തില്‍ 40 റണ്‍സ്) വിരാട് കൊഹ്ലിയുമാണ് കരകയറ്റിയത്.

പാകിസ്ഥാന് വേണ്ടി മുഹമ്മദ് നവാസ്, നസീം ഷാ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നായകന്‍ രോഹിത്തിന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് പവര്‍ പ്ലേയില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പുറത്തെടുത്തത്. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ പാക് നായകന്‍ ബാബര്‍ അസമിനെ പുറത്താക്കി അര്‍ഷദീപ് സിംഗ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. നേരിട്ട ആദ്യ പന്തിലായിരുന്നു പാക് സൂപ്പര്‍ താരത്തിന്റെ മടക്കം. നാലാം ഓവറില്‍ അര്‍ഷദീപ് സിംഗ് ഓപ്പണര്‍ മുഹമ്മദ് റിസ്വാനെ കൂടി പുറത്താക്കിയതോടെ ഇന്ത്യക്ക് പവര്‍ പ്ലേയില്‍ മേല്‍കൈ നേടാനായി.

എന്നാല്‍ മൂന്നാം ഓവറില്‍ ഒത്തുചേര്‍ന്ന ഷാന്‍ മസൂദും ഇഫ്തിക്കര്‍ അഹമ്മദും പാക് ഇന്നിംഗ്‌സിനെ തകര്‍ച്ചയില്‍ നിന്ന് കരയകയറ്റി. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 84 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 12 ഓവറിലെ രണ്ടാം പന്തില്‍ ഷമി ഇഫ്തിക്കര്‍ അഹമ്മദിനെ പുറത്താക്കിയതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരികെയെത്തി. 34 പന്തില്‍ 51 റണ്‍സെടുത്താണ് ഇഫ്തിക്കര്‍ മടങ്ങിയത്. 13-ാം ഓവറില്‍ ഇരട്ട വിക്കറ്റുമായി ഹര്‍ദ്ദിക്ക് പാണ്ഡ്യ കളം നിറഞ്ഞതോടെ പാകിസ്ഥാന്‍ തകര്‍ച്ച മണത്തു.

എന്നാല്‍ വാലറ്റത്ത് ഷാന്‍ മസൂദിനൊപ്പം ഷഹീന്‍ അഫ്രിദി നടത്തിയ പ്രകടനം പാകിസ്ഥാനെ മാന്യമായ സ്‌കോറിലെത്തിക്കുകയായിരുന്നു. 8 പന്തില്‍ ഷഹീന്‍ അഫ്രീദി 16 റണ്‍സെടുത്തു പുറത്തായി. അവസാന ഓവറുകളില്‍ ശരാശരി 8 റണ്‍സ് നേടാനായതാണ് പാകിസ്ഥാന് രക്ഷയായത്. 160 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ തകര്‍ച്ചയോടെയാണ് തുടങ്ങിയത്.പാകിസ്ഥാന് സമാനമായിരുന്നു ഇന്ത്യയുടെ തകര്‍ച്ച.

രണ്ടാം ഓവറില്‍ നസീം ഷാ കെ.എല്‍ രാഹുലിനെ ബൗള്‍ഡ് ചെയ്തു. നാലാം ഓവറില്‍ രോഹിത്തും വീണതോടെ ഇന്ത്യ പരുങ്ങലിലായി. രോഹിത്തിന് പിന്നാലെ മികച്ച ഫോമിലുള്ള സൂര്യകുമാര്‍ യാദവിനെ കൂടെ റഈഫ് വീഴ്ത്തി. കൂറ്റനടികള്‍ക്കായി സ്ഥാനക്കയറ്റം ലഭിച്ചെത്തിയ അക്‌സര്‍ പട്ടേല്‍ റണ്ണൗട്ടായതോടെ പവര്‍ പ്ലേയില്‍ പാകിസ്ഥാന്‍ ബൗളര്‍മാര്‍ ആധിപത്യം സ്ഥാപിച്ചു.

പവര്‍ പ്ലേയ്ക്ക് ശേഷം അഞ്ചാം വിക്കറ്റില്‍ വിരാട് കൊഹ് ലിയും ഹര്‍ദ്ദിഖ് പാണ്ഡ്യെയും രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു. മധ്യ ഓവറുകളില്‍ ഇരുവരും ആക്രമിച്ചു കളിച്ചെങ്കിലും ആദ്യ ഓവറുകളിലുണ്ടായ ക്ഷീണം മാറ്റാന്‍ കഴിഞ്ഞില്ല. 75 പന്തില്‍ ഇരുവരും ചേര്‍ന്ന് 100 റണ്‍സിന്റെ കൂട്ടുക്കെട്ടുയര്‍ത്തി. അവസാന ഓവറില്‍ കൊഹ്‌ലി കൊടുങ്കാറ്റായതോടെ മത്സരം ആവേശത്തിലായി. 20 പന്തില്‍ 50 റണ്‍സെന്ന ഇന്ത്യയ്ക്ക് ആവശ്യമായ റണ്‍നിരക്ക് ഉയര്‍ന്നിരുന്നു.

എന്നാല്‍ അവസാന മൂന്ന് ഓവറുകളില്‍ ആഞ്ഞടിച്ച വിരാട് കൊഹ്ലി പാകിസ്താന്റെ വിജയ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു.മത്സരത്തില്‍ പാകിസ്താന്‍ നിരയില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ ഹാരിസ് റൗഫ് എറിഞ്ഞ പതിനെട്ടാം ഓവറിലെ അവസാന രണ്ട് പന്തുകള്‍ സിക്‌സര്‍ പറത്തിയ 'റണ്‍ മെഷീന്‍' കാര്യങ്ങള്‍ ഇന്ത്യയ്ക്ക് അനുകൂലമാക്കി.

അവസാന ഓവറില്‍ ഇന്ത്യയ്ക്ക് 16 റണ്‍സ് വിജയലക്ഷ്യം. ആദ്യ പന്തില്‍ തന്നെ ഹര്‍ദ്ദിക് പാണ്ഡ്യെയെ പുറത്താക്കി സ്പിന്നര്‍ മുഹമ്മദ് നവാസ് പാക് പ്രതീക്ഷ കാത്തു. പിന്നാലെ എത്തിയ ദിനേഷ് കാര്‍ത്തിക് കൊഹ്ലിക്ക് സ്‌ട്രൈക് മാറിയതോടെ കാര്യങ്ങള്‍ ഇന്ത്യയുടെ വരുതിയിലായി. നോബോളില്‍ സിക്സും ഫ്രീ ഹിറ്റില്‍ മൂന്ന് റണ്‍സും ലഭിച്ചതോടെ ഇന്ത്യ വിജയമുറപ്പിക്കുകയായിരുന്നു. അവസാനം ഓവറുകളില്‍ വഴങ്ങിയ എക്സ്ട്രാ റണ്‍സാണ് പാകിസ്ഥാന് തിരിച്ചടിയായത്.

 

Advertisment