ഇസ്ലാമാബാദ്: 2023ലെ ഏഷ്യാ കപ്പിൽ കളിക്കാൻ ബിസിസിഐ ഇന്ത്യന്‍ ടീമിനെ പാക്കിസ്ഥാനിലേക്ക് അയക്കില്ലെന്ന് ബിസിസിഐ സെക്രട്ടറിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റുമായ ജയ് ഷാ പറഞ്ഞത് വിവാദമായിരുന്നു. മത്സരം നിഷ്പക്ഷ വേദിയില്‍ നടത്താന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇന്ത്യ പാകിസ്ഥാനിലേക്ക് വന്നില്ലെങ്കിൽ 2023 ൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് പാകിസ്ഥാനും ഒഴിവാക്കുമെന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ പ്രതികരിച്ചത്. ഏഷ്യാ കപ്പ് പാകിസ്ഥാനില്‍ നടന്നില്ലെങ്കില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട മുന്‍ പാക് താരം കമ്രാന്‍ അക്മലും രംഗത്തെത്തി.
ഷായുടെ പ്രസ്താവന അപ്രതീക്ഷിതമാണെന്നും വിഷയത്തിൽ രാഷ്ട്രീയം മാറ്റിവയ്ക്കുകയും, കായികരംഗത്തേക്ക് വലിച്ചിഴയ്ക്കുന്നത് ഒഴിവാക്കുകയും വേണമെന്ന് അക്മല്‍ പറഞ്ഞു.
ഏഷ്യാ കപ്പ് പാകിസ്ഥാനില്‍ മാത്രമേ നടത്താവൂ. അത് സംഭവിച്ചില്ലെങ്കില്‍ പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ ഒരു മത്സരത്തിലും കളിക്കരുത്. ഒക്ടോബര്‍ 23ന് നടക്കാനിരിക്കുന്ന മത്സരം പോലും ഒഴിവാക്കണമെന്നായിരുന്നു അക്മലിന്റെ അഭിപ്രായം.