ഏഴു സുന്ദരികൾ എന്നറിയപ്പെടുന്ന മണിപ്പുർ, മിസോറം, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, ത്രിപുര, മേഘാലയ, ആസാം എന്നീ സംസ്ഥാനങ്ങളുടെയും അവിടങ്ങളിലെ ജനതയുടെയും രീതികളും ചരിത്രവും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുടേതിൽനിന്നു തികച്ചും വിഭിന്നമാണ്.
കേരളം പോലുള്ള സംസ്ഥാനങ്ങൾക്കില്ലാത്ത പോരാട്ടങ്ങളുടെയും ചെറുത്തുനിൽപ്പിന്റെയും ചരിത്രവും പാരന്പര്യവുമാണിവർക്ക്. മ്യാൻമർ, ബംഗ്ലാദേശ്, ചൈന തുടങ്ങിയ രാജ്യങ്ങളുമായി നീണ്ട അതിർത്തി പങ്കിടുന്ന വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കേണ്ടത് രാജ്യസുരക്ഷയ്ക്കു പ്രധാനമാണ്.
മണിപ്പുരിലെ സംഘർഷവും പ്രശ്നങ്ങളും തികച്ചും ഏകപക്ഷീയമല്ല. നിലവിലെ പ്രശ്നം മനസിലാക്കണമെങ്കിൽ അവരുടെ ചരിത്രവും ഭൂപ്രകൃതിയുടെ പ്രത്യേകതകളും ജനതകളുടെ വർഗ, വംശ വൈവിധ്യങ്ങളും പോരാട്ടവീര്യവുമെല്ലാം അറിയേണ്ടതുണ്ട്. ഗോത്രവർഗങ്ങൾ തമ്മിലുള്ള പോരുകൾ ഈ മേഖലയിൽ പുതുമയുള്ളതല്ല.
പക്ഷേ മണിപ്പുരിൽ ഇപ്പോഴുണ്ടായ കലാപത്തിലേക്കു നയിച്ചത് ഗോത്രവർഗക്കാർക്കു പ്രത്യേകാവകാശങ്ങൾ ലഭ്യമാകുന്ന പട്ടികവർഗ പദവി സ്വന്തമാക്കാനുള്ള ഭൂരിപക്ഷ മെയ്തെയ്കളുടെ നീക്കങ്ങളാണ്. ഗോത്രവർഗം ഒരുമിച്ചാണു പ്രതിഷേധിക്കാനിറങ്ങിയതെങ്കിലും നാഗകളെ ഒഴിവാക്കി കുക്കികളെ മാത്രം ആക്രമിച്ച മെയ്തെയ് തന്ത്രം താത്കാലികമായെങ്കിലും വിജയിച്ചിരുന്നു.
എന്നാൽ ഒരു നാഗാ വനിതയെ ഇംഫാലിൽ വെടിവച്ചു കൊന്നശേഷം മുഖം വികൃതമാക്കിയ സംഭവം നാഗകളെ പ്രകോപിപ്പിച്ചിട്ടുണ്ട്. തത്കാലം മെയ്തെയ്കൾക്കെതിരേ തിരിച്ചടിച്ചില്ലെങ്കിലും നാഗകൾ അപ്പാടെ ക്ഷമിക്കാനിടയില്ല.
രണ്ടു വർഷം വൈകി ഇന്ത്യാ പ്രവേശം
സ്വാതന്ത്ര്യത്തിനുശേഷം 1949 ഒക്ടോബറിലാണ് മണിപ്പുർ ഇന്ത്യയിൽ ചേർന്നത്. 1956 വരെ കേന്ദ്രഭരണ പ്രദേശമായിരുന്നു. 1972ലാണ് മണിപ്പുർ സംസ്ഥാനമായത്. അതിനുമുന്പ് ഇന്ത്യയിലെ മറ്റിടങ്ങളിലേതുപോലെ മണിപ്പുർ രാജഭരണത്തിലായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തുതന്നെ ബർമയുടെ (മ്യാൻമർ) ഭാഗമാകാതെ ഇന്ത്യൻ യൂണിയനിൽ അംഗമാകാൻ മണിപ്പുരിലെ മെയ്തെയ് രാജവംശം ചർച്ച തുടങ്ങിയിരുന്നു.
1947 ഓഗസ്റ്റ് 11ന് പുതിയ ഇന്ത്യൻ യൂണിയനിൽ അംഗമാകാനുള്ള കരാറിൽ മണിപ്പുരിലെ ബുദ്ധചന്ദ്ര മഹാരാജാവ് ഒപ്പുവച്ചു. നാഗകൾ ഉൾപ്പെടെ ഗോത്രവർഗ സേനകൾ എതിർത്തു. അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള തർക്കങ്ങളും സായുധപോരാട്ടങ്ങളും വിഘടനവാദങ്ങളും അടക്കമുള്ളവയെ തുടർന്നാണ് മണിപ്പുർ ഇന്ത്യയുടെ ഭാഗമാകുന്നത് 1949 വരെ വൈകിയത്.
ശക്തരായ പോരാളികളായ നാഗ വംശജരെ നേരിടാനാണു മെയ്തെയ്കളുടെ ഇംഫാൽ താഴ്വരകൾക്കും ചുറ്റുമുള്ള മലകൾക്കുമിടയിൽ മിസോറമിൽനിന്നുള്ള കുക്കികളെ ബ്രിട്ടീഷുകാർ മണിപ്പുരിലെത്തിച്ചതെന്ന് ചിലർ പറയുന്നു.
പിന്നീട് നാഗകളും കുക്കികളും അടക്കമുള്ള ഗോത്രവർഗ വിഭാഗങ്ങൾ തമ്മിലായിരുന്നു പരസ്പരം പോരടിച്ചിരുന്നത്. മെയ്തെയ്കൾ അന്നൊക്കെ നിഷ്പക്ഷരോ, കാഴ്ചക്കാരുടെ റോളിലോ ആയിരുന്നു. 30 വർഷം മുന്പ് 1993 സെപ്റ്റംബർ 13ന് 115 കുക്കികളെ നാഗ തീവ്രവാദികൾ കൊലപ്പെടുത്തി. പിന്നീടുണ്ടായ കലാപത്തിൽ കൊല്ലപ്പെട്ട 1,157 കുക്കി രക്തസാക്ഷികളുടെ പേരുകൾ മൂന്നു വലിയ സ്തൂപങ്ങളിലായി എഴുതിവച്ചിട്ടുണ്ട്.
മണിപ്പുരിലും നാഗാലാൻഡിലുമുള്ള താംഗ്ഖുൽ നാഗകളുടെ എൻഎസ്സിഎൻ-ഐഎം (നാഷണൽ സോഷ്യലിസ്റ്റ് കൗണ്സിൽ ഓഫ് നാഗാലാൻഡ്- ഇസാക്- മുയ്വാ) തീവ്രവാദികൾ ഇരുസംസ്ഥാനങ്ങളിലും ഏറെക്കാലം ഭീകരത വിതച്ചിരുന്നു.
സ്വദേശി, കുടിയേറ്റ പോരുകൾ
സ്വദേശികളായ ഗോത്രജനതയും അല്ലാത്തവരും കുടിയേറ്റക്കാരും അനധികൃത കുടിയേറ്റക്കാരും തമ്മിലുള്ള സംഘർഷങ്ങൾ മണിപ്പുരിൽ ഉൾപ്പെടെ മിക്ക വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലുമുണ്ട്. മണിപ്പുരിലെ ആദ്യകാല നിവാസികളും അവകാശികളും തങ്ങളാണെന്ന് മെയ്തെയ്കളും ആദിവാസി ഗോത്രവിഭാഗങ്ങളും പറയുന്നു.
ചരിത്രപരമായ വസ്തുതകൾ ഇരുപക്ഷത്തുമുണ്ട്. എന്നാൽ കുക്കി ഗോത്രജനത അടുത്തുള്ള മിസോറമിൽ നിന്നും അയൽരാജ്യമായ മ്യാൻമറിൽനിന്നും കുടിയേറിയവരാണെന്ന് മെയ്തെയ്കൾ പറയുന്നു. മ്യാൻമറിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരും മണിപ്പുർ മലകളിൽ പോപ്പി കൃഷി നടത്തുന്നവരും മയക്കുമരുന്നു കച്ചവടം നടത്തുന്നവരുമാണ് പ്രശ്നക്കാരെന്നും ഇവർ ആരോപിക്കുന്നു.
അതിർത്തിപ്രദേശമായ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ ഇന്ത്യൻ സൈന്യത്തിന്റെ സജീവസാന്നിധ്യവും സായുധ സേനകൾക്ക് പ്രത്യേകാധികാരം നൽകിയിരുന്ന അഫ്സ്പ (ആംഡ് ഫോഴ്സസ് സ്പെഷൽ പവേഴ്സ് ആക്ട്- 1958) നിയമവും മേഖലയിൽ വിവാദമായിരുന്നു. ഏഴ് വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെവിടെയും വാറണ്ടില്ലാതെ ആരെയും അറസ്റ്റ് ചെയ്യാനും പരിശോധിക്കാനും സൈന്യത്തിന് അധികാരം നൽകുന്നതായിരുന്നു ഈ നിയമം.
ഇറോം ശർമിള, തങ്ജം മനോരമ
മണിപ്പുരിൽ കൊല്ലപ്പെട്ട തങ്ജം മനോരമയെന്ന യുവതിയുടെയും പട്ടാള ബാരക്കിനു മുന്നിൽ തുണിയുരിഞ്ഞ് പ്രതിഷേധിച്ച അമ്മമാരുടെയും വെള്ളം പോലുമിറക്കാതെ ആറു വർഷം സമരം ചെയ്ത ഇറോം ശർമിളയുടെയും മറ്റും പോരാട്ടം പാഴായില്ല. ഏതാനും വടക്കു- കിഴക്കൻ സംസ്ഥാനങ്ങളിലെങ്കിലും വിവാദ നിയമം പിന്നീട് മോദി സർക്കാർ പിൻവലിച്ചു.
അഫ്സ്പ നിയമത്തിനെതിരേ മണിപ്പുരിന്റെ ഉരുക്കുവനിതയെന്ന് അറിയപ്പെടുന്ന മനുഷ്യാവകാശ പോരാളി ഇറോം ശർമിള 2000 മുതൽ ആറു വർഷം നടത്തിയ നിരാഹാര പോരാട്ടവും തങ്ജം മനോരമയുടെ രക്തസാക്ഷിത്വവുമെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്. അഫ്സ്പയ്ക്കെതിരേ പോരാട്ടം തുടരാൻ രാഷ്ട്രീയപാർട്ടി രൂപീകരിക്കുമെന്നു പ്രഖ്യാപിച്ച് 2016 ജൂലൈ 26നാണ് ഇറോം ശർമിള സമരം അവസാനിപ്പിച്ചത്.
2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അന്നത്തെ കോണ്ഗ്രസ് മുഖ്യമന്ത്രി ഇബോബി സിംഗിനെതിരേ മത്സരിച്ച ഇറോം പക്ഷേ ദയനീയമായി തോറ്റു. ഇബോബി സിംഗിന് 18,649 വോട്ട് കിട്ടിയപ്പോൾ ഇറോമിന് വെറും 90 വോട്ടുകളേ കിട്ടിയുള്ളൂ. ഇതേത്തുടർന്നാണ് അവർ രാഷ്ട്രീയം വിട്ടത്. ഒരിക്കൽ കേരളത്തിലും വന്നിട്ടുള്ള ഇറോമിന് ഇന്ന് അഫ്സ്പ റദ്ദാക്കപ്പെട്ടതിൽ അഭിമാനിക്കാം.
മുന്നിൽ വംശീയം, പിന്നിൽ വർഗീയം
വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ ഗോത്രവിഭാഗങ്ങളും അല്ലാത്തവരും ഉൾപ്പെട്ട സംഘർഷത്തിന് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. മണിപ്പുരിലെ സ്ഥിതിയും വ്യത്യസ്തമല്ല. മണിപ്പുർ ജനത വളരെ മുന്പ് ഹിന്ദു, ക്രിസ്ത്യൻ, ഇസ്ലാം തുടങ്ങിയ മതങ്ങളിലെ വിശ്വാസികളായിരുന്നില്ല. സനമാഹിസം എന്നതായിരുന്നു മെയ്തെയ്കളുടെ മതം.
പതിനേഴാം നൂറ്റാണ്ടിലാണ് മെയ്തെയ് രാജകുടുംബം ഹിന്ദുമതം സ്വീകരിച്ചത്. സമീപ സംസ്ഥാനങ്ങളിലെ ഹിന്ദു കുടുംബങ്ങളുമായുള്ള ബന്ധുതകളാണ് ഇതിലേക്കു പ്രധാനമായും വഴിതെളിച്ചത്. ഇപ്പോൾ മെയ്തെയ്കളിലെ ഭൂരിപക്ഷവും ഹിന്ദുക്കളാണ്.
മെയ്തെയ്കളിലെ ഒരുവിഭാഗം യേശുക്രിസ്തുവിന്റെ വഴി സ്വീകരിക്കാൻ തുടങ്ങിയതോടെ ഹിന്ദുത്വവാദികൾ അസ്വസ്ഥരായി. കേന്ദ്രത്തിലും മണിപ്പുരിലും ബിജെപി സർക്കാരിന്റെ വരവോടെ വംശീയവും വർഗപരവുമായിരുന്ന മെയ്തെയ്-ഗോത്ര വിഭാഗം സംഘർഷങ്ങൾ മതപരമായ പുതിയ ദിശയിലേക്കു തിരിഞ്ഞു. തിരിച്ചുവെന്നതാകും കൂടുതൽ ശരി.
ഹിന്ദുക്കളിൽ ഒരു വിഭാഗം ഇപ്പോഴും ഹിന്ദു, സനമാഹിസ രീതികൾ ഒരുപോലെ പിന്തുടരുകയും ചെയ്യുന്നു. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങളുടെ കൃത്യമായ കണക്കുകൾക്കായി അടുത്ത സെൻസസ് വരെ കാത്തിരിക്കേണ്ടിവരും.
പക്ഷേ മണിപ്പുരിൽ ശക്തിയുള്ള ക്രൈസ്തവ വിഭാഗത്തെ ലക്ഷ്യമിട്ടു വർഗീയ സംഘട്ടനത്തിനുള്ള ഗൂഢാലോചനകൾ നടപ്പാക്കാൻ ഹിന്ദുത്വ ശക്തികൾക്ക് ഇതിൽ കൂടുതൽ ആവശ്യമില്ല. മെയ്തെയ്കളും കുക്കികളും തമ്മിലുള്ള കലാപമെന്ന് പുറമേ പറയുന്പോഴും ഹിന്ദു- ക്രിസ്ത്യൻ ചേരിതിരിവ് മറയ്ക്കാൻ കഴിയില്ല.
സംവരണഭൂതം തുറന്ന മണ്ഡൽ
മെയ്തെയ്കളിലെ അഞ്ചു മുതൽ 20 ശതമാനം പേർ ക്രിസ്തുമതം സ്വീകരിച്ചിട്ടുണ്ടെന്നാണ് ബിജെപി-ആർഎസ്എസ് നേതാവ് രാം മാധവ് ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിൽ പറയുന്നത്. മെയ്തെയ്കളിലെ ഒരു വിഭാഗം മെയ്തെയ് പംഗൽ എന്നറിയപ്പെടുന്ന മുസ്ലിംകളാണെങ്കിലും ഇക്കാര്യം രാം മാധവിന്റെ ലേഖനം പരാമർശിക്കുന്നില്ല.
കുക്കി, നാഗാ ഗോത്രവിഭാഗങ്ങളിലെ മഹാഭൂരിപക്ഷം പക്ഷേ ക്രൈസ്തവരാണ്. നൂറ്റാണ്ടിനുമുന്പേ ക്രൈസ്തവ മതം സ്വീകരിച്ചവരാണ് ഇവരിൽ വലിയ ഭൂരിപക്ഷം. ബ്രിട്ടീഷുകാരുടെയും മറ്റു മിഷണറിമാരുടെയും വരവോടെ ഗോത്രജനതയുടെ ക്രൈസ്തവ ആഭിമുഖ്യം കൂടി. വിദ്യാഭ്യാസ, ആരോഗ്യ, സാന്പത്തിക ശക്തീകരണത്തിലേക്കു സ്ത്രീകളടക്കം ഗോത്രജനതയെ നയിക്കാൻ ക്രൈസ്തവമതത്തിനായി. ഇതോടെ കൂടുതൽ പേർ ക്രൈസ്തവമതത്തോട് അടുക്കുന്നതും സംഘപരിവാർ ശക്തികളുടെ ഉറക്കം കെടുത്തുന്നു.
മണിപ്പുരിന്റെ തദ്ദേശീയ ജനത തങ്ങളാണെന്നും കുക്കികൾ അനധികൃത കുടിയേറ്റക്കാരാണെന്നുമുള്ള മെയ്തെയ് പ്രചാരണത്തിന്റെ കാതൽ ഇതാണ്. ഗോത്രവർഗത്തിനുള്ള പട്ടികവർഗ സംവരണം, ഭൂമി ആനുകൂല്യങ്ങൾ എന്നിവ തങ്ങൾക്കു കൂടി വേണമെന്ന മെയ്തെയ്കളുടെ ആവശ്യത്തിന്റെ കാരണങ്ങൾ വ്യക്തമാണ്.
മണിപ്പുരിൽ 21 ശതമാനം സംവരണം പട്ടികവർഗക്കാർക്കും 17 ശതമാനം പിന്നാക്ക ജാതികൾക്കും (ഒബിസി) രണ്ടു ശതമാനം പട്ടികജാതിക്കാർക്കുമാണ്. മണ്ഡൽ കമ്മീഷൻ ശിപാർശകൾ നടപ്പാക്കിയപ്പോൾ മെയ്തെയ്കളിൽ ഭൂരിപക്ഷവും പിന്നാക്ക ഒബിസി പട്ടികയിൽ ഉൾപ്പെട്ടു.
പക്ഷേ പട്ടികവർഗ വിഭാഗത്തിന് പരിഗണനയും ആനുകൂല്യങ്ങളും കൂടുതലുള്ളതിനാൽ പട്ടികവർഗ ലിസ്റ്റിൽത്തന്നെ മെയ്തെയ്കളെ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമായി.
കേന്ദ്രത്തിലെയും മണിപ്പുരിലെയും ബിജെപി സർക്കാരുകളുടെ പിന്തുണ പുതിയ ആവേശത്തിന് ഊർജമായതും സ്വാഭാവികം.
(മണിപ്പുർ കലാപത്തിന്റെ കൂടുതൽ അണിയറക്കഥകൾ നാളെ)