ന്യൂഡല്‍ഹി: ഗല്‍വാനില്‍ വീരമൃത്യു വരിച്ച നായിക് ദീപക് സിംഗിന്റെ ഭാര്യ രേഖ സിംഗ് ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയില്‍ വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കി സൈന്യത്തില്‍ ലെഫ്റ്റ്‌നന്റായി നിയമിതയായി. കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് (എൽഎസി) സമീപത്തുള്ള പ്രദേശത്താണ് നിയമനം. ദീപക് സിംഗിന്റെ അതേ കമാന്‍ഡിലാണ് രേഖയുമെത്തുന്നത്.
'അഭിമാനം, വീരനാരി' എന്ന ഹാഷ്ടാഗോടെയാണ് സൈന്യം ഇക്കാര്യം പുറത്തുവിട്ടത്. രേഖയെ കൂടാതെ, ഇന്ത്യൻ സൈന്യം അഞ്ച് വനിതാ ഓഫീസർമാരെയും ശനിയാഴ്ച റെജിമെന്റ് ഓഫ് ആർട്ടിലറിയിലേക്ക് നിയോഗിച്ചു. മധ്യപ്രദേശിലെ രേവ ജില്ലയിൽ നിന്നുള്ള ലെഫ്റ്റനന്റ് രേഖ സിംഗിന് (24) വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ ഭര്‍ത്താവിനെ നഷ്ടമായിരുന്നു.
2020-ൽ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുമായി (പിഎൽഎ) നടന്ന ഏറ്റുമുട്ടലിനിടെയാണ് നായിക് ദീപക് സിംഗ് വീരമൃത്യു വരിച്ചത്. ചൈനീസ് ആക്രമണത്തില്‍ മാരകമായി മുറിവേറ്റവരെ ശുശ്രൂഷിക്കുന്നതിനിടെയാണ് ദീപക്കിനും പരിക്കേറ്റത്. സ്വന്തം മുറിവ് വകവയ്ക്കാതെ 30ലേറെ സൈനികരുടെ ജീവനാണ് നഴ്സായ ദീപക് രക്ഷിച്ചത്. മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന് വീര്‍ചക്ര നല്‍കി രാജ്യം ആദരിച്ചു.