ഇംഫാൽ : മണിപ്പൂരിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിരോധനം ഭാഗികമായി പിൻവലിക്കാൻ നിർദ്ദേശം. ഒപ്ടിക്കൽ ഫൈബർ കണക്ഷൻ ഉള്ളവർക്കും, ഉന്നത ഉദ്യോഗസ്ഥരുടെ ഫോണുകളിലും സേവനം പുനസ്ഥാപിക്കാനാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
ഇതോടെ, സർക്കാർ ഓഫീസുകളിലും, വീടുകളിലും ക്രമസമാധാനത്തെ ബാധിക്കാത്ത തരത്തിൽ ഇന്റർനെറ്റ് സേവനം ലഭിക്കുന്നതാണ്. രണ്ട് മാസത്തോളം ഇന്റർനെറ്റ് വിച്ഛേദിച്ചതിനാൽ സ്കൂൾ-കോളേജ് പ്രവേശനം, പരീക്ഷകൾ, വ്യാപാരം തുടങ്ങിയ മേഖലകളിൽ പ്രതിസന്ധി നേരിട്ടിരുന്നു.
സർക്കാരിന്റെ പൂർണ ഉത്തരവാദിത്വത്തിലാണ് ഇന്റർനെറ്റ് സേവനം പുനസ്ഥാപിക്കുന്നത്. ആദ്യ ഘട്ടത്തിൽ വേഗത കുറച്ച് സേവനം നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.
അതേസമയം, നിരവധി ആളുകൾ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ ജൂൺ 20ന് ചില പ്രദേശങ്ങളിൽ നിയന്ത്രിതമായി ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. മെയ് 3 മുതൽ ആരംഭിച്ച ആഭ്യന്തര കലാപത്തിൽ 124 പേർക്കാണ് ജീവൻ നഷ്ടമായത്. കൂടാതെ, 3000-ത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.