ട്രാൻസ്ജെൻഡർ പങ്കാളികളായ സിയയ്ക്കും സഹദിനും കുഞ്ഞ് പിറന്നത് സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു. ഒരുവിഭാഗം ആളുകൾ അവരെ ജഡ്ജ് ചെയ്യാനും, വിമർശിക്കാനും ഉണ്ടായിരുന്നു. ഇപ്പോഴിതാ, പരിഹസിച്ചവർക്ക് മറുപടിയുമായ് രംഗത്ത് വരികയാണ് സിയ.
ഒന്നുകിൽ ഐ വി എഫ് വഴിയായിരിക്കാം, അല്ലെങ്കിൽ ലൈംഗിക ബന്ധത്തിലൂടെയാകാം കുഞ്ഞുണ്ടായതെന്നും അത് തങ്ങളുടെ മാത്രം സ്വകാര്യതയാണെന്നും സിയ പറയുന്നു. ‘കുഞ്ഞിന്റെ അച്ഛനാണ് പ്രസവിച്ചത്. ഞങ്ങൾ എങ്ങനെയാണ് കൊച്ചുണ്ടാക്കിയതെന്നത് ഞങ്ങളുടെ സ്വകാര്യതയാണ്. ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. അറിയുന്നവർക്ക് അറിയാം’, സിയ പറഞ്ഞു.
താനും സഹദും ജീവിതത്തിൽ അനുഭവിച്ചതൊന്നും, തങ്ങളുടെ കുഞ്ഞിന് ഭാവിയിൽ അനുഭവിക്കാൻ ഇടയാകാതിരിക്കട്ടെയെന്നും ആ രീതിയിൽ കുഞ്ഞിനെ വളർത്തുമെന്നും സിയ പറയുന്നു. ‘പ്രസവ വേദന ഞാൻ അറിഞ്ഞിട്ടില്ലെങ്കിലും, ഒരു അമ്മയായതിന്റെ സുഖവും സന്തോഷവും എനിക്കുണ്ട്. അമ്മയായി എന്നെയും അച്ഛനായി സഹദിനെയും അംഗീകരിക്കണം എന്നതാണ് ഞങ്ങളുടെ അഭ്യർത്ഥന.
ട്രാൻസ് വ്യക്തികൾക്ക് പൊതുവെ സമൂഹത്തിൽ അവഗണനയുണ്ട്. ട്രാൻസ് എന്ന് പറയുമ്പോൾ എല്ലാവര്ക്കും ഉണ്ടാകുന്ന ഒരു തെറ്റിദ്ധാരണ സെക്സ് വർക്കർ എന്നാണ്. എനിക്ക് ആ ജോലിക്ക് പോകേണ്ടി വന്നിട്ടില്ല. ഞാൻ ഹോർമോൺ ട്രീറ്റ്‌മെന്റ് എടുക്കുന്നുണ്ട്. സഹദിന് ലിംഗമാറ്റ ശസ്ത്രക്രിയകൾ ഒക്കെ പൂർത്തിയാക്കാനുണ്ട്’, സിയ പറയുന്നു.