കട്ടികൂടിയ പഴയ അഞ്ചു രൂപയുടെ നാണയം പഴയപോലെ കാണാതെ വന്നതോടെ, എവിടെ പോയെന്ന് ചുരുക്കം പേരെങ്കിലും ചിന്തിച്ചുകാണും. ഇപ്പോള്‍ കനംകുറഞ്ഞ അഞ്ചു രൂപയുടെ നാണയങ്ങളാണ് പ്രചാരത്തിലുള്ളത്.
ചെമ്പും നിക്കലും ചേര്‍ന്ന പഴയ നാണയങ്ങള്‍ക്ക് 9.00 ഗ്രാമാണ് തൂക്കം. ബംഗ്ലാദേശിലേക്കുള്ള അനധികൃത കടത്ത് തടയുന്നതിന്റെ ഭാഗമായാണ് പഴയ അഞ്ചു രൂപ നാണയം നിര്‍മ്മിക്കുന്നത് റിസര്‍വ് ബാങ്ക് നിര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വലിയ തോതിലാണ് പഴയ അഞ്ചു രൂപ നാണയങ്ങള്‍ ബംഗ്ലാദേശിലേക്ക് കടത്തിയിരുന്നത്. ഇവ ഉരുക്കി ബ്ലേഡാണ് ഉണ്ടാക്കിയിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു നാണയം ഉപയോഗിച്ച് ആറ് ബ്ലേഡ് വരെ നിര്‍മ്മിച്ചിരുന്നതായാണ് വിവരം.
ഓരോ ബ്ലേഡും രണ്ടുരൂപയ്ക്കാണ് വിറ്റിരുന്നത്.ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട കേന്ദ്രസര്‍ക്കാര്‍ വിവരം റിസര്‍വ് ബാങ്കിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് കനംകുറഞ്ഞ നാണയത്തിലേക്ക് റിസര്‍വ് ബാങ്ക് മാറിയത്.
നിലവില്‍ കുറഞ്ഞ ചെലവിലാണ് അഞ്ചു രൂപ നാണയത്തിന്റെ നിര്‍മ്മാണം. ലോഹവുമായി കുറഞ്ഞ വിലയുള്ള മൂലകങ്ങള്‍ ചേര്‍ത്താണ് നിര്‍മ്മാണം. ഇതോടെ പുതിയ അഞ്ചു രൂപയുടെ നാണയം കടത്തിയാലും ആദായകരമായ രീതിയില്‍ ബ്ലേഡ് നിര്‍മ്മിക്കാന്‍ സാധിക്കാതെ വന്നിരിക്കുകയാണ്.
ഉരുക്കുമ്പോള്‍ പഴയ അഞ്ചു രൂപയുടെ നാണയത്തില്‍ അടങ്ങിയിരിക്കുന്ന ലോഹങ്ങളുടെ മൂല്യം അഞ്ചു രൂപയ്ക്ക് മുകളിലായിരുന്നു. ഇതാണ് കള്ളക്കടത്തുകാര്‍ അവസരമായി കണ്ടിരുന്നത്. ഇത് തടയുന്നതിന് വേണ്ടിയാണ് പുതിയ അഞ്ചു രൂപയുടെ നാണയം റിസര്‍വ് ബാങ്ക് പുറത്തിറക്കിയത്.