Advertisment

ജി 20യ്ക്കായി അണിയിച്ചൊരുക്കി കുമരകം ! റോഡുകളും കായലും ഒരേപോലെ സുന്ദരം.. സുസജ്ജം ! നവീകരിച്ച് തെരുവു വിളക്കുകള്‍ സ്ഥാപിച്ച കുമരകം റോഡുകള്‍ ജി 20 കഴിഞ്ഞാലും ടൂറിസം കേന്ദ്രത്തിന് മുതല്‍കൂട്ടാകും ! അഞ്ഞൂറോളം രാജ്യാന്തര അതിഥികളെ താമസിപ്പിക്കുക കുമരകത്തെ 5 റിസോര്‍ട്ടുകളില്‍. ഇല അനങ്ങിയാല്‍ അറിയുന്ന വിധം കനത്ത സുരക്ഷ. ജില്ലയിലേയ്ക്ക് വരുന്നവരും പോകുന്നവരുമടക്കം കനത്ത നിരീക്ഷണത്തില്‍. കുമരകത്ത് ഗതാഗത നിയന്ത്രണവും

New Update

publive-image

Advertisment

തിരുവനന്തപുരം: ജി 20 സമ്മേളനത്തിന്റെ ഭാഗമായുളള അനുബന്ധ യോഗങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതിലൂടെ കോട്ടയവും കുമരകവും ആഗോളശ്രദ്ധയിലേക്ക്. കുമരകം എന്ന കായല്‍ടൂറിസം കേന്ദ്രത്തെ ലോകടൂറിസം ഭൂപടത്തില്‍ അടയാളപ്പെടുത്താന്‍ ജി 20 ഷെര്‍പ്പ സമ്മേളനവും വര്‍ക്കിങ്ങ് ഗ്രൂപ്പ് യോഗങ്ങളും സഹായകമാകും.

ജി 20 രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികളും ഉദ്യോഗസ്ഥരും യോഗങ്ങളില്‍ പങ്കെടുക്കുന്നതിനായി കുമരകത്തേക്ക് എത്തിതുടങ്ങിക്കഴിഞ്ഞു.

ഐക്യരാഷ്ട്ര സഭയുടെ പ്രതിനിധികളും അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ നിന്നുളള പ്രതിനിധികളുമാണ് ആദ്യം കുമരകത്തേക് എത്തിയത്.

publive-image


ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഞ്ഞൂറോളം പ്രതിനിധികളാണ് കുമരകത്തേക്ക് വരുന്നത്. ജി 20 സമ്മേളനത്തിന്റെ ഭാഗമായുളള ജി 20 ഷെര്‍പ്പ സമ്മേളനത്തിന് വ്യാഴാഴ്ച തുടക്കമാകും.


ഏപ്രില്‍ 2 വരെ നീളുന്ന ഷെര്‍പ്പ സമ്മേളനത്തിന് കുമരകത്തെ കെ.ടി.ഡി.സിയുടെ ഉടമസ്ഥതയിലുളള വാട്ടര്‍ സ്‌കേപ്പ്‌സ് പ്രധാന വേദിയാകും. ഷെര്‍പ്പ യോഗത്തിന് ശേഷം ഏപ്രില്‍ 6 മുതല്‍ 9 വരെ ജി 20 ഡവലപ്‌മെന്റ് വര്‍ക്കിങ്ങ് ഗ്രൂപ്പ് യോഗത്തിനും കുമരകം ആതിഥ്യമരുളുന്നുണ്ട്.

കേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യവും കലാപാരമ്പര്യവും ഭക്ഷണത്തനിമയും ചേരുന്ന വിപുലമായ സ്വീകരണമാണ് ജി 20 യോഗത്തിന് എത്തുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

ലോകരാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികള്‍ക്ക് കേരളത്തെ അടുത്തറിയാനും ആസ്വദിക്കാനും വഴിയൊരുക്കുന്നതിന് വേണ്ടിയാണ് വിപുലമായ സ്വീകരണം ഒരുക്കുന്നത്. ഇപ്പോള്‍ തന്നെ രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രമായ കുമരകത്തെ കൂടുതല്‍ പ്രശസ്തിയിലേക്ക് എത്തിക്കാനും ലോകമെമ്പാടുമുളള വിനോദസഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതിനും ജി 20 സമ്മേളനം ഗുണകരമാകും.

അടിസ്ഥാന സൗകര്യങ്ങളിലുണ്ടാകുന്ന വികസനമാണ് ജി 20 സമ്മേളനം കൊണ്ട് കുമരകത്തിന് ലഭിക്കുന്ന മറ്റൊരു നേട്ടം. കുമരകത്തെ ആഞ്ച് പ്രധാന റിസോര്‍ട്ടുകളിലാണ് സമ്മേളന പ്രതിനിധികള്‍ക്ക് താമസം ഒരുക്കിയിരിക്കുന്നത്.

publive-image


താജ്, ലേക്ക് റിസോര്‍ട്ട്, കോ്ക്കനട്ട് ലഗൂണ്‍, സൂരി, ബാ്ക്ക് വാട്ടര്‍ റിപ്പിള്‍സ് എന്നീ റിസോര്‍ട്ടുകളിലാണ് രാജ്യാന്തര അതിഥികളെ താമസിപ്പിക്കുക. ഈ റിസോര്‍ട്ടുകളില്‍ നിന്ന് ജലമാര്‍ഗം ഹൗസ് ബോട്ടുകളിലാണ് പ്രതിനിധികളെ പ്രധാന വേദികളിലേക്കും കലാപരിപാടികളും വിരുന്നും ഒരുക്കിയിട്ടുളള സ്ഥലങ്ങളിലേക്കും എത്തിക്കുന്നത്.


അതുകൊണ്ടുതന്നെ ജലപാതകള്‍ തടസങ്ങള്‍ മാറ്റി നവീകരിക്കാനും ശുചീകരിക്കാനും സര്‍ക്കാര്‍ നടപടിയെടുത്തു. കുമരകത്തെ മാലിന്യ സംസ്‌കരണത്തിനും പാതകള്‍ വൃത്തിയായി പരിപാലിക്കുന്നതിനുമുളള നടപടികളും സര്‍ക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടപ്പിലാക്കി.

സമ്മേളനങ്ങള്‍ പൂര്‍ത്തിയായാലും പ്രദേശത്തെ ശുചിത്വം നിലനിര്‍ത്തുന്നതിനുളള നടപടികളും ആവിഷ്‌കരിച്ചിട്ടുണ്ട്. സ്‌മ്മേളനത്തിന്റെ ഭാഗമായി പ്രദേശത്തേക്കുളള പ്രധാന റോഡുകളെല്ലാം നവീകരച്ചിട്ടുണ്ട്. കുമരകത്തേക്കും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും എത്തുന്ന 5 റോഡുകളാണ് നന്നാക്കിയത്.

publive-image


എല്ലാ സുരക്ഷാ ക്രമീകരണങ്ങളോടുമാണ് ഈ റോഡുകള്‍ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് നവീകരിച്ചിരിക്കുന്നത്. അപകടം ഒഴിവാക്കാന്‍ റോഡുകളില്‍ റിഫ്‌ളക്ടറുകള്‍ സ്ഥാപിച്ചു. എല്ലാ റോഡുകളും വൃത്തിയാക്കി വഴിവിളക്കുകള്‍ സ്ഥാപിച്ചതും ജി 20 സമ്മേളനം കുമരകത്തിന് സമ്മാനിച്ച നേട്ടങ്ങളാണ്.


ഈ നേട്ടങ്ങള്‍ നിലനിര്‍ത്തികൊണ്ടുപോകാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്കായാല്‍ കുമരകം കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം ഡെസ്റ്റിനേഷനായി മാറും.

കുമരകം ഗ്രാമപഞ്ചായത്തിന് പുറമേ സമീപ പ്രദേശങ്ങളായ അയ്മനം, വെച്ചൂര്‍ ഗ്രാമപഞ്ചായത്തുകളും ജി 20 സമ്മേളനത്തോടെ ആഗോള ശ്രദ്ധയിലേക്ക് വരുന്നുണ്ട്.

കുമരകത്തെയും അയ്മനത്തെയും വെച്ചൂരിലെയും പഞ്ചായത്ത് പ്രസിഡന്റുമാരുമായി സമ്മേളന പ്രതിനിധികള്‍ സംവദിക്കുന്നുണ്ട്.

കേരളത്തെ രാജ്യാന്തരതലത്തില്‍ അടയാളപ്പെടുന്ന ജി 20 സമ്മേളനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. അമേരിക്കയിലെ ദേശിയ സെക്യൂരിറ്റി ഏജന്‍സി മേധാവി ഉള്‍പ്പെടെ പങ്കെടുക്കുന്ന സമ്മേളനത്തിനായി അതിവിപുലമായ സുരക്ഷ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ഒരു വിദേശ പ്രതിനിധിക്ക് 8 പൊലീസ് എന്ന കണക്കില്‍ 1600 പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.

ഉന്നത പോലീസ് മേധാവികളുടെ മേല്‍നോട്ടത്തില്‍ കോട്ടയം, ആലപ്പുഴ ജില്ലാ പോലീസ് സൂപ്രണ്ടുമാര്‍ക്കാണ് സുരക്ഷാ ചുമതല. ഇവരെ കൂടാതെ എസ്.പി നിലവാരത്തിലുളള നാല് ഉദ്യോഗസ്ഥരും സുരക്ഷാ ജോലികള്‍ക്ക് നേതൃത്വം കൊടുക്കാനെത്തും.

publive-image


എസ്.പിമാര്‍ക്ക് കീഴീല്‍ കായലിലും തോടുകളിലും ഉള്‍പ്പെടെ 20 ഡി.വൈ.എസ്.പിമാരെയും സുരക്ഷയ്ക്കായി അണിനിരത്തും. സമ്മേളനത്തിന്റെ ഭാഗമായി കുമരകത്തേക്കുളള പ്രധാന റോഡുകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.


കോട്ടയം, ആലപ്പുഴ ജില്ലാ അതിര്‍ത്തികളില്‍ പോലീസ് പരിശോധനയും കര്‍ശനമായിരിക്കും. ജില്ലയിലേക്ക് വരുന്നവരെയും പോകുന്നവരെയും പരിശോധിക്കും. എന്തെങ്കിലും തരത്തിലുളള സുരക്ഷാവീഴ്ച ഉണ്ടായാല്‍ രാജ്യത്തിന് തന്നെ നാണക്കേടാകുമെന്നതിനാല്‍ എല്ലാ പഴുതുമടച്ചുളള സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാനാണ് പോലീസിന്റെ ശ്രമം.

സുരക്ഷാ ഓഡിറ്റിങ്ങും ട്രയല്‍ റണ്ണും അടക്കം നടത്തിയാണ് രാജ്യാന്തര സമ്മേളനത്തിന് സുരക്ഷയൊരുക്കാന്‍ കേരളപോലീസ് സജ്ജമായിരിക്കുന്നത്. കോട്ടയം കളക്ടറുടെ നേതൃത്വത്തില്‍ ഇതിനകം പലതവണ യോഗം ചേര്‍ന്ന് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി.

സുരക്ഷാ പോരായ്മകള്‍ കണ്ടെത്തി തിരുത്താനും വീഴ്ചകള്‍ ഒഴിവാക്കാനും കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും നിതാന്ത ജാഗ്രതയോടെ രംഗത്തുണ്ട്.

Advertisment