Advertisment

ജി-20; രാജ്യന്തര അതിഥികൾക്കായി കുമരകത്ത് വ്യാഴാഴ്ച മുതൽ 'തിരുവോണ' ത്തിന്റെ പുനരാവിഷ്കരണം ! ലോക നേതാക്കളെ കാത്തിരിക്കുന്നത് കണ്ണഞ്ചിപ്പിക്കുന്ന കലാരൂപങ്ങളും നാവില്‍ തേനൂറുന്ന രുചിക്കൂട്ടുകളും. പുലികളിയും കുമ്മാട്ടികളിയും ഊഞ്ഞാലാട്ടവും മുതല്‍ ചക്ക, പപ്പായ, ആഞ്ഞിലിച്ചക്ക മുതല്‍ കരിമീന്‍ പൊള്ളിച്ചതും തേങ്ങയരച്ച മീന്‍കറിയും പിന്നെ ഓണസദ്യയും. കേരള ടൂറിസത്തിന്‍റെ ഭാവിയിലേയ്ക്ക് വാതിൽ തുറക്കുകകൂടി ചെയ്യുന്ന സമാനതകളില്ലാത്ത മുന്നൊരുക്കങ്ങളിങ്ങനെ...

New Update

publive-image

Advertisment

കോട്ടയം: ജി 20 സമ്മേളനത്തിന്റെ ഭാഗമായുളള ഷെര്‍പ്പ യോഗങ്ങള്‍ക്കായി കുമരകത്ത് എത്തുന്നവര്‍ക്കായി കേരളത്തിന്റെ രൂചിസദ്യ. ചലച്ചിത്ര സംവിധായകന്‍ ടി.കെ.രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കുന്ന കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന കലാവിരുന്നും അതിഥികള്‍ക്ക് മുന്നിലെത്തും.

ഓണം വരാന്‍ ചിങ്ങമാസം വരെ കാത്തിരിക്കണമെങ്കിലും രാജ്യത്തിന്റെ അതിഥികള്‍ക്കായി കോക്കനട്ട് ലഗൂണ്‍ റിസോര്‍ട്ടില്‍ വിപുലമായ ഓണാഘോഷവും സംഘടിപ്പിക്കും. ഓണത്തപ്പനും ഊഞ്ഞാലും പൂക്കളവും പുലകളിയും കുമ്മാട്ടിക്കളിയും തിരുവാതിരയും വിഭവസമൃദ്ധമായ ഓണസദ്യയും അടക്കം തനിമ ചോരാത്ത തരത്തിലുളള ഓണാഘോഷമാണ് അതിഥികള്‍ക്കായി ഒരുക്കുന്നത്.


റിസോര്‍ട്ടിന്റെ പ്രവേശന കവാടമായ ബോട്ടുജെട്ടിയില്‍ നിന്ന് അതിഥികളെ ഇടയ്ക്ക വാദ്യത്തിന്റെ അകമ്പടിയോടെ തിലകക്കുറി ചാര്‍ത്തി സ്വീകരിക്കും. ആരതിയുഴിഞ്ഞും മുല്ലപ്പൂ മാല കഴുത്തിലണിയിച്ചശേഷം അകത്തേക്ക് ആനയിക്കും. അതിന് ശേഷം പൂക്കളമിടാനും അതിഥികള്‍ക്ക് സൗകര്യമൊരുക്കും.


ഓണാഘോഷത്തിന് എത്തുന്ന അതിഥികള്‍ക്ക് കേരളത്തിന്റെ പരമ്പരാഗത വസ്ത്രങ്ങളായ കസവ് മുണ്ടും സാരിയും നല്‍കും. ഓണത്തിന്റെ ഭാഗമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പുലികളി, കുമ്മാട്ടിക്കളി എന്നിവയും അതിഥികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. കളരിപ്പയറ്റ് പോലുളള കേരളത്തിന്റെ തനത് ആയോധനകലകളും ആഘോഷവേദിയില്‍ അവതരിപ്പിക്കുന്നുണ്ട്.

ഊഞ്ഞാലാടുന്നതിനും സൗകര്യമുണ്ടാകും. പാലടയും അട പ്രഥമനും ചേരുന്ന ഓണസദ്യയാണ് ആഘോഷത്തിന്റെ ഹൈലൈറ്റ്. ഇഞ്ചി, മാങ്ങ, നാരങ്ങാ അച്ചാര്‍ പോലുളള തൊടുകറികളും അവിയല്‍, കൂട്ടുകറി, പച്ചടി, ഓലന്‍ പോലുളള കേരളത്തിന്റെ രുചി വൈവിധ്യം വിളിച്ചോതുന്ന കറികളും തുശനിലയില്‍ വിളമ്പുന്ന സദ്യയില്‍ ഇടംപിടിക്കും.

കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളായ കയര്‍, കൈത്തറി, കളിമണ്‍ പാത്ര നിര്‍മ്മാണം തുടങ്ങിയവയെ നേരിട്ട് പരിചയപ്പെടാനുളള ക്രമീകരണങ്ങളും ജി 20 യോഗവേദികളില്‍ ഒരുക്കും.

publive-image


തറിയില്‍ വസ്ത്രം നെയ്യുന്നതും റാട്ടില്‍ കയര്‍ പിരിക്കുന്നതും കളിമണ്‍ പാത്രങ്ങള്‍ ഉണ്ടാക്കുന്നതും കാണിച്ച് കൊടുക്കാന്‍ ടൂറിസം വകുപ്പാണ് സൗകര്യം ഒരുക്കുന്നത്. കേരളത്തില്‍ ആദ്യമായി ഉത്തരവാദിത്ത ടൂറിസം നടപ്പാക്കിയ കുമരകത്ത് ഇതിനുളള സംവിധാനങ്ങള്‍ ഇതിനകം സജ്ജമായിട്ടുണ്ട്.


ജി 20 ഷെര്‍പ്പ യോഗം തുടങ്ങുന്ന വ്യാഴാഴ്ച കഥകളിയായിരിക്കും അതിഥികള്‍ക്ക് മുന്നിലേക്കെത്തുന്ന കലാപരിപാടി. മഹാഭാരതത്തിലെ ചൂതുകളി രംഗമാണ് അതിഥികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക.

കുമരകം ലേക് റിസോര്‍ട്ടിലെ ബോട്ടുജെട്ടിയായിരിക്കും കളിത്തട്ട്. കൂത്തമ്പലത്തിന്റെ മാതൃകയില്‍ ഒരുക്കുന്ന വേദിയില്‍ ആട്ടവിളക്കിന് മുന്നില്‍ 20 വേഷങ്ങള്‍ അരങ്ങിലെത്തും. കഥകളി അവതരിപ്പിക്കുന്നതിന് മുന്‍പ് കഥയുടെ വിശദാംശങ്ങള്‍, കഥകളിയുടെ അവതരണ രീതി, വേഷവിധാനങ്ങള്‍, ചമയം, പദം ചൊല്ലല്‍, മുദ്രകള്‍ എന്നിവയെല്ലാം അതിഥികള്‍ക്ക് പരിചയപ്പെടുത്തും.

കഥകളിയേക്കുറിച്ച് അവബോധം ഉണ്ടാക്കിയശേഷം അവതരിപ്പിച്ചാല്‍ അതിഥികള്‍ക്ക് കുറെക്കൂടി നന്നായി ആസ്വദിക്കാനാകും എന്നതുകൊണ്ടാണ് പരിപാടി ഇങ്ങനെ ക്രമീകരിച്ചിരിക്കുന്നത്.

രണ്ടാം ദിവസം നൃത്തത്തിനും അഭിനയത്തിനും പ്രാധാന്യമുളള കലാരൂപങ്ങളാണ് അതിഥികള്‍ക്ക് മുന്നിലെത്തുക. മോഹിനിയാട്ടവും തെയ്യവും പടയണിയും കോല്‍ക്കളിയും മുടിയേറ്റും ചവിട്ടുനാടകവും കൂടിയാട്ടവുമാണ് അരങ്ങിലെത്തുന്നത്.

publive-image


കേരളത്തിലെ പെണ്‍കരുത്തിന്റെ പ്രതീകമായ വടക്കന്‍പാട്ടിലെ ഉണ്ണിയാര്‍ച്ചയുടെ ജീവിതവും അരങ്ങിലെത്തുന്നുണ്ട്. സൂരി റിസോര്‍ട്ടിലെ ബോട്ട് ജെട്ടി കളരിത്തറയാക്കി മാറ്റിയാണ് വേദിയൊരുക്കുക.


ഇരുനൂറോളം കലാകാരന്മാരാണ് രണ്ടാം ദിവസത്തെ വിവിധ കലാപരിപാടികള്‍ക്കായി വേദിയില്‍ എത്തുക. മൂന്നാം ദിവസം കേരളത്തിന്റെ വാദ്യകലാ പാരമ്പര്യം വിളിച്ചോതുന്ന കലാപരിപാടികളാണ്.

കുമരകത്തെ താജാണ് മൂന്നാം ദിവസത്തെ കലാപരിപാടികളുടെ വേദി. പൂരം പ്രധാന തീം ആകുന്ന പരിപാടിയില്‍ പഞ്ചവാദ്യവും പഞ്ചാരിമേളവും കോലങ്ങളേന്തിയ മൂന്ന് ആനകളും ഉണ്ടാകും.

സംഗീത സംവിധായകന്‍ ശരത്തിന്റെ നേതൃത്വത്തില്‍ 14 ഗായകര്‍ ശാസ്ത്രീയ സംഗീതം അവതരിപ്പിക്കും. മൃദംഗം, മദ്ദളം, മിഴാവ്, ഇടയ്ക്ക, ചെണ്ട എന്നീ വാദ്യോപകരണങ്ങള്‍ പാട്ടിന് അകമ്പടി സേവിക്കും.

വാദ്യോപകരണങ്ങളുടെ തനിയാവര്‍ത്തനവും ആസ്വാദര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. പൂരം മാതൃകയില്‍ അണിയിച്ചൊരുക്കുന്ന മൂന്നാം ദിവസത്തെ കലാപരിപാടികള്‍ വെടിക്കെട്ടോടെയായിരിക്കും സമാപിക്കുക.

publive-image


സദ്യയിലൂടെ മാത്രമല്ല കേരളത്തിന്റെ രൂചിവൈവിധ്യം ജി 20 പ്രതിനിധികള്‍ക്ക് മുന്നില്‍ എത്തുക. കേരളത്തിലെ വിവിധതരം മാമ്പഴങ്ങള്‍, വാഴപ്പഴങ്ങള്‍, ചക്ക, പപ്പായ, കൈതച്ചക്ക തുടങ്ങി ആഞ്ഞിലിച്ചക്ക വരെ തീന്‍മേശയിലെത്തും. 8 തരം മാങ്ങകളാണ് അതിഥികളുടെ രസമുകുളങ്ങളെ ഉത്തേജിപ്പിക്കാനായി ഒരുക്കുക.


മധുരമൂറുന്ന കരിക്കന്‍വെളളമാകും മുഖ്യ പാനീയം. സര്‍ബത്തിന്റെ മുഖ്യചേരുവയായ നറുനീണ്ടിയും കസ് കസും മറ്റ് ആയുര്‍വേദ ചേരുവകളും ചേരുന്ന ആരോഗ്യദായകമായ പാനീയങ്ങള്‍, ലെസി എന്നിവയും തയാറാക്കും. അച്ചപ്പം, കുഴലപ്പം, വട്ടയപ്പം, മുറുക്ക്, ഏത്തയ്ക്കാ ഉപ്പേരി, ശര്‍ക്കരവരട്ടി, ജീരകമിഠായി എന്നിവയും അതിഥി സല്‍ക്കാരത്തില്‍ വിഭവങ്ങളാകും. രൂചി പെരുമ കടല്‍ കടത്തിയ കുമരകം കരിമീന്‍ പൊളളിച്ചതും തീന്‍മേശയില്‍ അണിനിരക്കും.

വിദേശ പ്രതിനിധികള്‍ക്ക് പരിചിതമല്ലാത്ത കേരളത്തിലെ മുളകരച്ചതും തേങ്ങയരച്ചതുമായ മീന്‍, ഇറച്ചിക്കറികളും തീന്‍മേശയിലെത്തും. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും കേരളത്തിന്റെ മേളയായി ജി20 യോഗം മാറുകയാണ്. സംസ്ഥാന ടൂറിസത്തിന്റെ ഭാവി വികസനത്തിന് ഇത് മൂതല്‍ക്കൂട്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Advertisment