Advertisment

പെരിയാറിന്റെ ഓളപ്പരപ്പിലൂടെ മുനമ്പം അഴിമുഖത്തേയ്ക്ക് ഒരു ബോട്ട് യാത്ര...

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

Advertisment

പ്രാചീന കേരളത്തെപ്പറ്റിയുള്ള ചരിത്രരേഖകള്‍ വളരെ കുറവായതുകൊണ്ട് പല പ്രധാന ചരിത്ര സംഭവങ്ങളും ഇന്നും ഇരുള്‍മൂടി കിടക്കുന്നു. കേരളത്തിന്റെ ഭൂപ്രകൃതിയിലും ഉപരിതല ഘടനയിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കിയ പ്രകൃതി പ്രതിഭാസമാണ് 1341 ലെ പ്രളയം.

publive-image

ചരിത്രരേഖകളിൽ ഈ പ്രളയത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും, പ്രളയകാലത്തെപറ്റിയുള്ള സ്പഷ്ടമായ നിരവധി സൂചനകൾ പലയിടങ്ങളിൽ നിന്നായി ചരിത്രകാരന്മാർ ശേഖരിച്ചിട്ടുണ്ട്.

publive-image

പ്രളയത്തിൽ കരകവിഞ്ഞ് ഗതി മാറി ഒഴുകിയ പെരിയാർ ആലുവയിൽ വച്ച് രണ്ടായി പിരിഞ്ഞതോടെ പുതിയൊരു കൈവഴികൂടി ഉണ്ടായി. കിഴക്കൻ മലകൾ ഇടിഞ്ഞ് ചെളിപ്പരുവത്തിൽ നദിയിലൂടെ ഒഴുകി കൊടുങ്ങല്ലൂരും പരിസരങ്ങളിലും എത്തിയതിന്റെ ഫലമായി കൊടുങ്ങല്ലൂരിനടുത്ത് പെരിയാറിന്റെ അഴിമുഖത്തിന് വലിയ വ്യത്യാസങ്ങൾ സംഭവിച്ചു.

publive-image

നദിയിലൂടെ ഒഴുകി വന്ന എക്കൽ കടൽത്തിരയുടെ തള്ളലിൽ ഉറഞ്ഞതോ, ഭൂഭ്രംശം സംഭവിച്ചതോ മൂലമാണ് മുനമ്പം മുതൽ അഴീക്കൽ വരെ നെടുനീളത്തിൽ പുതിയതായി ഒരു ദ്വീപ് രൂപപ്പെട്ടത്. കേരളത്തിന് പ്രളയം സമ്മാനിച്ച ആ ദ്വീപാണ് ഇന്ന് നാം കാണുന്ന വൈപ്പിൻ ദ്വീപ്.

publive-image

1341- ലെ പ്രളയത്തിൽ കൊടുങ്ങല്ലൂരിലെ അഴി അടയുകയും കൊച്ചിയിൽ അഴിമുഖം തുറക്കുകയും ചെയ്തു. ഭൂമിശാസ്ത്രപരമായും, ചരിത്രപരമായും വലിയ തോതിൽ മാറ്റങ്ങൾ സംഭവിച്ച ഈ തീരപ്രദേശങ്ങളിലൂടെയുള്ള ജലയാത്ര പൗരാണിക ചരിത്രത്തിലൂടെയുള്ള ഒരു മടക്കയാത്രതന്നെയാണ്.

publive-image

രാവിലെ പത്തുമണിക്ക് വടക്കൻ പറവൂർ നിന്ന് ആരംഭിച്ച ഞങ്ങളുടെ ജലയാത്ര പെരിയാറിന്റെ പല കൈവഴികളിലൂടെ സഞ്ചരിച്ച് പള്ളിപ്പുറം മാലിയങ്കര പാലവും കടന്ന് വൈപ്പിൻ ദ്വീപിന്റെ ഓരത്തൂടെ മുനമ്പം ഹാർബർ വഴി അഴിമുഖം ലക്ഷ്യമാക്കി നിങ്ങി. ഇരുവശങ്ങളിലുമുള്ള കരകളിൽ ധാരളം ഐസ് ഫാക്ടറികൾ കാണാം.

publive-image

മത്സ്യബന്ധനമാണ് ഈ മേഖലയിലെ ഭൂരിഭാഗം ജനത്തിന്റേയും പ്രധാന തൊഴിൽ. അല്പം അകലെയായി കാണുന്ന ഇളം പച്ച നിറത്തിലുള്ള കപ്പേള ചൂണ്ടിക്കാണിച്ച് ഗൈഡ് വിവരിച്ചു അതാണ് AD 52 - ൽ തോമാശ്ലീഹാ വന്നെന്ന് പറയപ്പെടുന്ന മാലിയങ്കരയും അവിടത്തെ സെന്റ്: തോമസ്സ് കപ്പേളയും.

publive-image

മുനമ്പം ഹാർബറിനോട് അടുക്കും തോറും ധാരളം ഫിഷിംഗ് ബോട്ടുകൾ കാണാം. തീരദേശസംരക്ഷണ കാവൽസേനയ്ക്ക് ഒരോ സംസ്ഥാനത്തിന്റേയും ബോട്ടുകൾ ദൂരെനിന്നും തന്നെ തിരിച്ചറിയുന്നതിനായ് വ്യത്യസ്തമായ നിറങ്ങളാണ് നിശ്ചയിരിക്കുന്നത്.

publive-image

കേരളത്തിന്റെ ഫിഷിംഗ് ബോട്ടുകൾ നീലയും, തമിഴ്നാടിന് പച്ചയും കർണ്ണാടകത്തിന് ചുവപ്പും കളറുകളാണ് നൽകിയിക്കുന്നത്. പല മത്സ്യബന്ധന ബോട്ടുകളും കണ്ടാൽ മിനി കപ്പലാണെന്നേ തോന്നൂ. ആധുനിക സജ്ജീകരണങ്ങളോടുകൂടി ഒരു ഫിഷിംഗ് ബോട്ട് നീറ്റിലിറക്കാൻ ഏകദേശം ഒന്നരകോടിയലധികം ചെലവാകും.

publive-image

ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ വൈപ്പിൻ ദ്വീപിന്റെ അരികിലൂടെ യാത്ര ചെയ്യുമ്പോൾ മത്സ്യക്കച്ചവടത്തിന് പേരുകേട്ട മുനമ്പം ഹാർബർ കാണാം. അവിടെ നിന്നും കുറച്ചു കൂടി പോകുമ്പോൾ ദൂരെ അറബിക്കടൽ ദൃഷ്ടിയിൽ പെടും.

അഴിമുഖത്തിനടുത്ത് നിരനിരയായി നിൽക്കുന്ന ചീനവലകൾ സഞ്ചാരികൾക്ക് വേറിട്ട വിസ്മയക്കാഴ്ചകളാണ് സമ്മാനിക്കുന്നത്. ഞങ്ങളുടെ ബോട്ട് കടലിലേയ്ക്ക് പോകില്ല. അതിനുള്ള കപ്പാസിറ്റി ബോട്ടിനില്ല. അഴിമുഖത്തിന് അടുത്തുവരെ പോയി മറുതീരം വഴി തിരിച്ച് പോരും. അഴിയോട് അടുക്കും തോറും ബോട്ട് നന്നായി ഉലഞ്ഞു തുടങ്ങി.

publive-image

കുഞ്ഞോളങ്ങളുമായി ഒഴുകി വരുന്ന സുന്ദരിയായ പുഴയെ കള്ളക്കാമുകനായ കടൽ തഴുകി തലോടി വാരിപ്പുണർന്ന് ഒത്തുചേരുന്നത് മനം കവരുന്ന കാഴ്ചയാണ്. മുനമ്പം ബീച്ചിലോ, മുനയ്ക്കൽ ബീച്ചിലോ നിന്നാൽ ഈ സംഗമക്കാഴ്ച വളരെയടുത്ത് ആസ്വദിക്കാം.

പുഴ കടലിലേയ്ക്ക് ചേരുന്നതിന്റെ ഇടതുവശം മുനമ്പ് പോലെ കാണുന്നത് മുനമ്പം ബിച്ചും, വലതുവശം മുനപോലെ കാണുന്നത് മുനയ്ക്കൽ ബീച്ചുമാണ്. മുനമ്പം ബീച്ച് എറണാകുളം ജില്ലയിലും, മുനയ്ക്കൽ ബീച്ച് തൃശ്ശൂർ ജില്ലയിലുമാണ് സ്ഥിതി ചെയ്യുന്നത്.

publive-image

ബോട്ടിന് ആട്ടവും ഉലച്ചിലും കൂടിയതോടെ അഴിമുഖത്തിന് അടുത്തേയ്ക്ക് അധികം പോകാതെ സ്രാങ്ക് കുഞ്ഞപ്പൻചേട്ടൻ ബോട്ട് തിരിച്ചു. തൃശ്ശൂർ ജില്ലയിലെ അഴീക്കോടിന് അരികിലൂടെയായിരുന്നു ഞങ്ങളുടെ മടക്കയാത്ര.

ദൂരെ രണ്ട് ഡോൾഫിനുകൾ പതുക്കെ പൊങ്ങിച്ചാടി ഞങ്ങളെയൊന്ന് എത്തിനോക്കി കൊതിപ്പിച്ചിട്ട് പെട്ടെന്ന് കടന്നുപോയി. പെരിയാറും ചാലക്കുടിപ്പുഴയും ഇളന്തിക്കരയിൽ വച്ച് സന്ധിക്കുന്നതും കായൽപോലെ പരന്ന് ഒഴുകുന്നതും അങ്ങനെ എത്രയെത്ര സുന്ദര കാഴ്ചകളാണെന്നോ ഇവിടെയുള്ളത്. ജലയാത്ര എന്ന് പറയുമ്പോൾ നമ്മുടെയെല്ലാവരുടേയും മനസ്സിലേയ്ക്ക് ആദ്യം ഓടിയെത്തുന്നത് ആലപ്പുഴയാണ്.

publive-image

അതുപോലെ അതിമനോഹരമാണ് ഈ പ്രദേശങ്ങളിലൂടെയുള്ള ജലയാത്രയും. പെരിയാറിന്റെ ധാരാളം കൈവഴികൾ ചരിത്രം പറയുന്ന കരകൾ, ഈ യാത്രയിൽ ഉടനീളം കാഴ്ചകൾ ആസ്വദിക്കുന്നതിനൊപ്പം കേരളപ്പഴമയും പെരുമയും മനസ്സിലാക്കുവാനും പഠിക്കുവാനുമുള്ള സുവർണ്ണാവസരമാണ് കൈവരുന്നത്.

കേരളത്തിന്റെ സൗന്ദര്യക്കാഴ്ചകൾ വിനോദസഞ്ചാരികളിലേയ്ക്ക് വേണ്ട വിധം എത്തിക്കുവാൻ പറ്റിയ സംവിധാനങ്ങൾ നമ്മുടെ ടൂറിസം വകുപ്പിനോ, സർക്കാറിനോ ഉണ്ടോ എന്ന കാര്യത്തിൽ സന്ദേഹമുണ്ട്. കിഴക്ക് സഹ്യനും പടിഞ്ഞാറ് സമുദ്രവും അതിരിടുന്ന കൊച്ചുകേരളം ശരിക്കും ദൈവത്തിന്റെ സ്വന്തം നാടുതന്നെയാണ്.

publive-image

കേരളത്തിന്റെ പ്രകൃതിരമണീയമായ മനോഹാരിത ലോകവിനോദ സഞ്ചാരികളിൽ എത്തിക്കുവാൻ ഉതകും വിധം സർക്കാരും ടൂറിസം വകുപ്പും ചേർന്ന് നൂതന പദ്ധതികൾ ആവിഷ്ക്കരിച്ചാൽ, കോവിഡ് മഹാമാരിയുടെ പിടി അയഞ്ഞ ഈ സാഹചര്യത്തിൽ യാത്രകൾക്കായ് ഒരുങ്ങുന്ന ലോകസഞ്ചാരികളെ കേരളത്തിലേയ്ക്ക് ആകർഷിക്കുവാനാകും. അതാകട്ടെ നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഒരു മുതൽകൂട്ടായിരിക്കും.

Advertisment