തൃശൂർ : കാണികളുടെ ഹൃദയം നിറച്ച് പൂരനഗരിയിൽ കുടമാറ്റം. തേക്കിൻകാട് മൈതാനത്ത് തിങ്ങിക്കൂടിയ പതിനായിരങ്ങൾക്ക് മുന്നിൽ വർണക്കുടകളും എൽഇഡി കുടകളും വ്യത്യസ്ത രൂപങ്ങളും ആനപ്പുറത്ത് അണിനിരത്തി പാറമേക്കാവും തിരുവമ്പാടിയും മത്സരിച്ചു. പാറമേക്കാവിലമ്മയുമായി ഗുരുവായൂർ നന്ദനും, തിരുവമ്പാടി ഭഗവതിയുമായി തിരുവമ്പാടി ചന്ദ്രശേഖരനുമാണ് തിടമ്പേറ്റിയത്. 15 കൊമ്പൻമാരാണ് ഇരുവശവും നിരന്നത്.
കിഴക്കൂട്ട് അനിയൻമാരാർ പ്രമാണിയായ ഇലഞ്ഞിത്തറമേളം എന്നും മേളാസ്വാദകർക്ക് ഓർത്തിരിക്കാനുള്ള അനുഭവമായി തീർന്നു. തിരുവമ്പാടിയുടെ പാണ്ടിമേളത്തിനു ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാർ ആയിരുന്നു പ്രമാണി. മേളപ്രമാണി കോങ്ങാട് മധുവിന്‍റെ നേതൃത്വത്തിലായിരുന്നു മഠത്തില്‍വരവ് പഞ്ചവാദ്യം.
രാത്രി 10.30നു പാറമേക്കാവിന്റെ പഞ്ചവാദ്യത്തിനു ചോറ്റാനിക്കര നന്ദപ്പ മാരാർ പ്രമാണിയാകും. ഈ സമയം തിരുവമ്പാടിയുടെ മഠത്തിൽവരവ് സമയത്തെ പഞ്ചവാദ്യം ആവർത്തിക്കും. നാളെ പുലർച്ചെ 3ന് വെടിക്കെട്ട് ആരംഭിക്കും. ആദ്യം തിരുവമ്പാടിയും തുടർന്നു പാറമേക്കാവും തിരികൊളുത്തും.പകൽപ്പൂരത്തിന് ശേഷം ദേവിമാർ ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ പൂരത്തിന് പരിസമാപ്തിയാകും.