തിരുവനന്തപുരം: സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ നേതാവുമായിരുന്ന എം സി ജോസഫൈന്റെ വേർപാടിന് ഇന്ന് ഒരുവർഷം തികയുന്നു. കണ്ണൂരിൽ സിപിഐ എം ഇരുപത്തിമൂന്നാം പാർടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനിടെ 2022 ഏപ്രിൽ പത്തിനാണ് ഹൃദയാഘാതത്തെ തുടർന്ന് ജോസഫൈന്റെ അന്ത്യം.
പുറമെ പരുക്കനാണെന്ന് തോന്നിക്കും വിധം സംസാരിക്കുമെങ്കിലും സഖാക്കളോടൊക്കെ വലിയ സ്നേഹമായിരുന്നു ജോസഫൈനെന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ അനുസ്മരിച്ചു. അവരോടെപ്പം പ്രവർത്തിക്കാൻ കിട്ടിയ അവസരം കൂടുതൽ വായിക്കുന്നതിനും കൂടുതൽ കാര്യങ്ങൾ അറിയുന്നതിനുമുള്ള താൽപര്യം ജനിപ്പിച്ചുവെന്നത് നന്ദിയോടെ ഓർമിക്കുകയാണെന്നും ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്:
സഖാവ് ജോസഫൈൻ വേർപിരിഞ്ഞിട്ട് ഒരു വർഷം തികയുകയാണ്. സിപിഐഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് സമ്മേളന ഹാളിൽ ഞങ്ങൾ തൊട്ടടുത്ത സീറ്റിലാണ് ഇരുന്നിരുന്നത്. കൂടെയിരുന്നൊരാൾ പെട്ടന്ന് ഇനി ഒരിക്കലും തിരിച്ചു വരാത്ത വിധം എഴുന്നേറ്റ് പോയത് വലിയ ആഘാതമാണ് മനസിന് സൃഷ്ടിച്ചത്.
അവസാന ദിവസം വരെ രാഷ്ട്രീയ കാര്യങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം പങ്കിട്ട് ഏറെ സൗഹൃദത്തോടെയാണ് സമ്മേളന ഹാളിൽ ഇരുന്നിരുന്നത്. എന്നാൽ പെട്ടന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ജോസഫൈൻ സഖാവിനെ ആശുപത്രിയിൽ അഡ്മിറ്റ് ആക്കുകയും പിന്നീട് അവിശ്വസനീയമാം വിധം അവർ നമ്മെ വിട്ടുപോയെന്ന വാർത്ത അറിയുകയുമാണ് ചെയ്തത്.
അഖിലേന്ത്യോ ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ പ്രസിഡണ്ടായി സഖാവ് ജോസഫൈനും സെക്രട്ടറിയായി ഞാനും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ധാരാളം വായിക്കുകയും അവയെ കുറിച്ച് വ്യക്തമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്ന ജോസഫൈൻ ഞങ്ങൾക്ക് അക്കാര്യത്തിൽ മാതൃകയായിരുന്നു. പുതിയ പുസ്തകങ്ങൾ ഇറങ്ങുമ്പോൾ അവ വാങ്ങി വായിക്കുന്നതിനും ഞങ്ങളെയെല്ലാം അവ വായിക്കാൻ പ്രേരിപ്പിക്കുന്നതിനും സഖാവിന് വലിയ ഇഷ്ടമായിരുന്നു.
അതുപോലെ തന്നെ സ്ത്രീകളുടെ വിമോചനത്തെ കുറിച്ച് വ്യക്തമായ രാഷ്ട്രീയ ധാരണ മനസിൽ സുക്ഷിക്കുകയും അത് മറ്റുളവരെ കൂടെ ബോധ്യപ്പെടുത്തുക എന്നതും ജോസഫൈൻ്റെ പ്രത്യേകതയാണ്.
പുറമെ പരുക്കനാണെന്ന് തോന്നിക്കും വിധം സംസാരിക്കുമെങ്കിലും സഖാക്കളോടൊക്കെ വലിയ സ്നേഹമായിരുന്നു സഖാവ് ജോസഫൈന്. അവരോടെപ്പം പ്രവർത്തിക്കാൻ കിട്ടിയ അവസരം കൂടുതൽ വായിക്കുന്നതിനും കൂടുതൽ കാര്യങ്ങൾ അറിയുന്നതിനുമുള്ള താൽപര്യം ജനിപ്പിച്ചുവെന്നത് നന്ദിയോടെ ഓർമിക്കുകയാണ്.
സഖാവിൻ്റെ വേർപാട് പുരോഗമന മഹിളാ പ്രസ്ഥാനത്തിനും ഇടതുപക്ഷ പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. എങ്കിലും പുതിയ തലമുറയിൽ വായനാശീലം വളർത്തുന്നതിനും ത്യാഗപൂർണമായി രാഷ്ട്രീയ സംഘടനാ പ്രവർത്തനം നടത്തുന്നതിനും ജോസഫൈൻ സഖാവിൻ്റെ ഓർമകൾ എന്നും പ്രേരണയായിരിക്കും.