Advertisment

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ‘കാന്താര’യിലെ പഞ്ചുരുളി തെയ്യവും

New Update

publive-image

Advertisment

കാന്താര എന്ന പാന്‍ ഇന്ത്യന്‍ കന്നഡ ചിത്രത്തില്‍ കഥയുടെ കേന്ദ്ര സ്ഥാനത്ത് നിന്ന ഒന്നായിരുന്നു പഞ്ചുരുളി തെയ്യം. ദക്ഷിണ കര്‍ണാടകയിലും വടക്കന്‍ മലബാറിലും കെട്ടിയാടാറുള്ള ഈ ഉഗ്രമൂര്‍ത്തി തെയ്യം വരാഹ സങ്കല്‍പ്പത്തിലുള്ള ഒന്നാണ്. ഇപ്പോഴിതാ ഈ തെയ്യത്തെ നേരില്‍ കാണാന്‍ തലസ്ഥാന നഗരിയില്‍ ഉള്ളവര്‍ക്കും ഒരു അവസരം ലഭിക്കുകയാണ്. ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിലെ തെയ്യത്തറയിലാണ് പഞ്ചുരുളി എത്തുക.

അനുഷ്ഠാന കലയായി മാത്രം നടക്കാറുള്ള പഞ്ചുരുളി തെയ്യത്തിന്റെ ഒരു ചെറു അവതരണം നടത്തുന്നത് കോഴിക്കോട് തിറയാട്ട കലാസമിതിയാണ്. മാര്‍ച്ച് 3 ന് രാത്രി 7 മുതലാണ് അവതരണം. തുളു ഭാഷയില്‍ പഞ്ചി എന്നാല്‍ വരാഹം (പന്നി) എന്നാണ് അര്‍ഥം. പഞ്ചി ഉരു കാളിയാണ് പഞ്ചുരുളി ആയി മാറിയതത്രെ. ദേവീ മാഹാത്മ്യത്തിൽ ശുംഭാസുരനേയും നിശുംഭാസുരനേയും നിഗ്രഹിക്കാനായി ചണ്ഡികാദേവി അവതരിച്ചപ്പോൾ, രക്തബീജനെന്ന അസുരൻ തന്റെ അക്ഷൗഹിണിപ്പടയുമായി യുദ്ധത്തിനൊരുങ്ങി. ഇതുകണ്ട ചണ്ഡികാപരമേശ്വരി ഒരു ശംഖനാദം പുറപ്പെടുവിച്ചു. അപ്പോൾ ഭഗവതിയിൽ നിന്ന്‌ അവതരിച്ച ഏഴു ദേവിമാരിൽ ഒരാളാണ് വരാഹി. വരാഹി സങ്കൽ‌പ്പത്തിലുള്ള തെയ്യമാണ് പഞ്ചുരുളി.

ഇന്ത്യന്‍ സിനിമയില്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു കന്നഡ ചിത്രമായ കാന്താര. റിഷഭ് ഷെട്ടി രചനയും സംവിധാനവും ഒപ്പം നായക കഥാപാത്രത്തെയും അവതരിപ്പിച്ച ചിത്രത്തിന്റെ കന്നഡ പതിപ്പ് മാത്രമായിരുന്നു ആദ്യം പുറത്തെത്തിയത്. കര്‍ണാടകത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും പ്രേക്ഷകശ്രദ്ധ നേടിയതോടെയാണ് മറുഭാഷാ പതിപ്പുകള്‍ പുറത്തിറക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്. അതേസമയം ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമെന്ന് റിഷഭ് ഷെട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചുരുളി ദൈവ എന്ന ഭൂതക്കോലത്തിന്റെ പൂര്‍വ്വകഥയെ അടിസ്ഥാനമാക്കിയുള്ള പ്രീക്വല്‍ ആണ് രണ്ടാം ഭാഗമായി എത്തുക.

Advertisment