Advertisment

പ്ലസ്ടു കെമസ്ട്രി പരീക്ഷയിലെ മൂല്യ നിര്‍ണയത്തില്‍ പല കുട്ടികള്‍ക്കും കിട്ടുന്നത് പൂജ്യം മാര്‍ക്ക് ! മൂല്യനിര്‍ണയത്തിന് ചോദ്യകര്‍ത്താവ് തയ്യാറാക്കിയ ഉത്തരസൂചിക തന്നെ ഉപയോഗിച്ചാല്‍ ഭൂരിഭാഗം കുട്ടികളും തോല്‍ക്കും. അധ്യാപകരുടെ ആശങ്ക വസ്തുതാപരം ! കെമസ്ട്രി മൂല്യനിര്‍ണയത്തില്‍ ചോദ്യകര്‍ത്താവ് നല്‍കിയ ഉത്തര സൂചിക തന്നെ ഉപയോഗിക്കണമെന്ന വാശിക്ക് പിന്നില്‍ കേരളാ സിലബസിനെതിരായ അട്ടിമറി ! അധ്യാപകര്‍ തയ്യാറാക്കുന്ന ഉത്തരസൂചിക ഒഴിവാക്കിയത് കേരളത്തിലെ വിജയ ശതമാനം കുറച്ച് മറ്റു ബോര്‍ഡുകളെ സഹായിക്കാനോ ? പുതിയ വിവാദം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: പ്ലസ്ടു കെമിസ്ട്രി പരീക്ഷയുടെ മൂല്യനിര്‍ണയ പ്രതിസന്ധിയില്‍ പുതിയ ആരോപണം. കേരളാ സിലബസിലെ വിജയശതമാനം ഇടിച്ചു കാണിക്കാന്‍ മറ്റുചില ബോര്‍ഡുകളുടെ നീക്കമാണ് ഇത്തവണത്തെ ഉത്തരസൂചികാ വിവാദത്തിന് പിന്നിലെന്നാണ് ആക്ഷേപം. കേരളാ സിലബസിലെ വിജയ ശതമാനം കുറഞ്ഞാല്‍ അത് സിബിഎസ്ഇ അടക്കമുള്ളവര്‍ക്ക് നേട്ടമാണ്. കഴിഞ്ഞ തവണ മൂല്യനിര്‍ണയം ഉദാരമായിരുന്നതിനാല്‍ കേരളാ സിലബസില്‍ പഠിച്ചിരുന്നവര്‍ക്ക് മാര്‍ക്ക് കൂടുതല്‍ കിട്ടിയിരുന്നു.

ഇതോടെ കേരളതതില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍വകലാശാലയടക്കമുള്ള ഇടങ്ങളില്‍ പ്രവേശനവും കൂടുതലായി ലഭിച്ചിരുന്നു. ഇത് മറ്റു ബോര്‍ഡുകളുടെ അപ്രീതിക്ക് കാരണമായിരുന്നു. ഇതോടെ സിബിഎസ്ഇ അടക്കം ഉപേക്ഷിച്ച് കുട്ടികളെ കേരള സിലബസിലേക്ക് മാറ്റാന്‍ രക്ഷിതാക്കള്‍ക്ക് പ്രേരണയായിരുന്നു. ഇതൊക്കെയാണ് കേരളാ സിലബിസിനെതിരെ നീങ്ങാന്‍ മറ്റുള്ളവരെ പ്രേരിപ്പിച്ചതെന്നാണ് ആക്ഷേപം. നിലവിലെ സ്ഥിതിയില്‍ കെമസ്ട്രി പരീക്ഷയുടെ ഉത്തരസൂചിക ഉപയോഗിച്ച് മൂല്യനിര്‍ണയം നടത്തിയാല്‍ 50 ശതമാനം കുട്ടികളും തോല്‍ക്കുന്ന സ്ഥിതിയാണ് ഉണ്ടാകുകയെന്നാണ് അധ്യാപകര്‍ പറയുന്നത്.

ഇത്തവണ പ്ലസ്ടു പരീക്ഷകളില്‍ ഏറ്റവും പ്രയാസം കെമിസ്ട്രിയായിരുന്നു. എന്നാല്‍ ചോദ്യക്കടലാസ് പോലെ കഠിനമാണ് ഉത്തരസൂചികയെന്നാണ് അധ്യാപകരുടെ വിലയിരുത്തല്‍. സാധാരണഗതിയില്‍ പരീക്ഷയ്ക്ക് ശേഷം അധ്യാപക സമിതി തയ്യാറാക്കുന്ന ഉത്തര സൂചിക ഉപയോഗിച്ചാണ് മൂല്യനിര്‍ണയം നടത്തിയിരുന്നത്.ഇത്തവണയും സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്ന് തെരഞ്ഞെടുത്ത കെമിസ്ട്രി അധ്യാപകര്‍ ഉത്തരസൂചിക തയ്യാറാക്കി ഹയര്‍ സെക്കണ്ടറി ജോ. ഡയറക്ടര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ കെമസട്രിയിലെ മാത്രം ഉത്തര സൂചിക ഒഴിവാക്കിയെന്നാണ് ആക്ഷേപം. മൂല്യനിര്‍ണയത്തിന് നല്‍കിയത് ചോദ്യകര്‍ത്താവ് നല്‍കിയ ഉത്തരസൂചിക ആയിരുന്നു.

ഇതോടെ ചെറിയ തെറ്റുണ്ടായാല്‍ പോലും മാര്‍ക്ക് നല്‍കാനാവാത്ത സ്ഥിതിയാണുള്ളത്. ഇത്തവണ പല മൂല്യനിര്‍ണയ ക്യാമ്പിലും പൂജ്യം മാര്‍ക്ക് വരെ നല്‍കേണ്ട സ്ഥിതി വന്നു. ഇതോടെയാണ് അധ്യാപകര്‍ പ്രതിഷേധവുമായി എത്തിയത്. എന്നാല്‍ വിദ്യാഭ്യാസ വകുപ്പ് അധ്യാപകര്‍ക്കെതിരെ കടുത്ത നിലപാടിലാണ്. പരീക്ഷാ മൂല്യനിര്‍ണയ ക്യാമ്പില്‍ നിന്നും വിട്ടുനിന്നാല്‍ നടപടി ഉറപ്പാണെന്നാണ് സര്‍ക്കാര്‍ നിലപാട്.

Advertisment