കൊച്ചി: ലോകത്തെ ആദ്യ ജസ്റ്റിസ് ടെക്‌നോളജി (ജസ്‌ടെക്ക്) കമ്പനിയായ ജൂപ്പിറ്റസും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ബിട്രേഷന്‍ ആന്‍ഡ് മീഡിയേഷനും(ഐഐഎഎം) തമ്മില്‍ തന്ത്രപരമായ സാങ്കേതിക സഹകരണത്തിന് ധാരണാ പത്രം ഒപ്പുവച്ചു. ജൂപ്പിറ്റസ് സ്ഥാപകനും സിഇഒയുമായ രമണ്‍ അഗര്‍വാള്‍, ഐഐഎഎം പ്രസിഡന്റ് അനില്‍ സേവ്യര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ധാരണാ പത്രം ഒപ്പുവച്ചത്. സഹകരണത്തോടെ ഐഐഎഎം ഓണ്‍ലൈനായി ആള്‍ട്ടര്‍നേറ്റീവ് ഡിസ്പ്യൂട്ട് റെസല്യൂഷന്‍ (എഡിആര്‍) സേവനം നല്‍കാന്‍ സാധിക്കുന്ന ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ ഡിജിറ്റലൈസ്ഡ് എഡിആര്‍ സെന്ററാകും. ഈ കരാറിലൂടെ ജൂപ്പിറ്റസ് ഐഐഎഎമ്മിന് ഡിജിറ്റലൈസ്ഡ് എഡിആര്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് രൂപകല്‍പ്പന, നിര്‍മാണം തുടങ്ങിയവയില്‍ സാങ്കേതിക പിന്തുണയും നല്‍കും.
ധാരണയനുസരിച്ച് ഐഐഎഎം, ജൂപ്പിറ്റസിന്റെ പ്ലാറ്റ്‌ഫോമും സാങ്കേതിക സേവനവും ഉപയോഗിക്കും. അതുവഴി നിലവിലുള്ളതും ഭാവിയില്‍ വരാനിരിക്കുന്നതുമായ ഉപയോക്താക്കള്‍ക്ക് ഡിജിറ്റലായി തര്‍ക്ക പരിഹാരം സാധ്യമാകും. അതായത്, അഡ്ജുഡിക്കേഷന്‍+അഡ്മിനിസ്‌ട്രേറ്റീവ്+ ഡാറ്റാ അനലിറ്റിക്‌സ് എന്നിവയെല്ലാം പേപ്പര്‍ രഹിതമായി നേരിട്ടുള്ള ഹാജരാകല്‍ കൂടാതെ നടത്താനാകും. ജുപിറ്റിസിന്റെ സഹായത്തോടെ ഐഐഎഎം എഡിആര്‍ സെന്റര്‍ ഡിജിറ്റലാകുന്നതോടെ തര്‍ക്കത്തിലുള്ളവര്‍ക്ക് അവരുടെ ഹര്‍ജികള്‍ തയ്യാറാക്കല്‍, ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കല്‍, പ്രൊപോസല്‍ സമര്‍പ്പിക്കല്‍, ഓണ്‍ലൈന്‍ ഹാജരാകല്‍ തുടങ്ങി എല്ലാ നടപടികളും ഒറ്റ പ്ലാറ്റ്‌ഫോമില്‍ റിമോട്ടായി നടത്താം.
തര്‍ക്ക പരിഹാരം പൂര്‍ണമായും ഓണ്‍ലൈനായി നടക്കുന്നതിനാല്‍ ഇത് സൗകര്യപ്രദവും ധന നഷ്ടം, സമയം, ബുദ്ധിമുട്ടുകള്‍ തുടങ്ങിയവ കുറയുകയും ചെയ്യും. ജൂപ്പിറ്റിസും ഐഐഎഎമ്മും തമ്മിലുള്ള സഹകരണം എല്ലാവര്‍ക്കും നേട്ടമുണ്ടാക്കുമെന്ന് വിശ്വാസമുണ്ടെന്നും ജൂപ്പിറ്റസ് പങ്കാളിയാകുന്നതോടെ സ്ഥാപനം ഓണ്‍ലൈനായി മുഴുവന്‍ പ്രവര്‍ത്തനവും സാധ്യമാകുന്ന ഇന്ത്യയിലെ ആദ്യ എഡിആര്‍ ഇന്‍സ്റ്റിറ്റിയൂഷനാകുമെന്നും ഡിജിറ്റലാകുന്നതോടെ ഉപയോക്തൃ അനുഭവം മെച്ചപ്പെടുമെന്നും അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ്, ന്യൂട്രല്‍സ്, അഭിഭാഷകര്‍ തുടങ്ങി എല്ലാവര്‍ക്കും പ്രാപ്യവും കാര്യക്ഷമവുമാകുമെന്നും ജനങ്ങള്‍ക്കിടയില്‍ അനുരഞ്ജനം സാധ്യമാക്കാനും ശാക്തീകരിക്കാനും ഐഐഎഎം പ്രതിജ്ഞാബദ്ധമാണെന്നും ജൂപ്പിറ്റസിന്റെ സഹകരണത്തോടെ ഈ ലക്ഷ്യത്തോട് കൂടതല്‍ അടുക്കുകയാണെന്നും ഐഐഎഎം പ്രസിഡന്റ് അനില്‍ സേവ്യര്‍ പറഞ്ഞു.
ഇന്ത്യയിലെ പ്രമുഖ എഡിആര്‍ സ്ഥാപനവുമായി സഹകരിക്കുന്നത് ജൂപ്പിറ്റസിനാകെ അഭിമാനമാണെന്നും തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും വെല്ലുവിളികളെ അതിജീവിക്കുന്നതിനും വേണ്ടി ഐക്യപ്പെടാന്‍ കഴിയുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന ഐഐഎഎമ്മിന്റെ ദൗത്യവുമായി യോജിച്ച്, ആഗോള നീതിന്യായ വിതരണ സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനും ജൂപ്പിറ്റിസ് ഉറപ്പിച്ചുവെന്നും ഈ സഹകരണത്തോടെ,ഐഐഎഎമ്മുമായി ചേര്‍ന്ന് ഇന്ത്യന്‍ തര്‍ക്ക പരിഹാര ഇക്കോസിസ്റ്റം റീബൂട്ട് ചെയ്യാനുള്ള യാത്ര ആരംഭിക്കാന്‍ ജൂപ്പിറ്റസ് തയ്യാറെടുക്കുകയാണെന്നും ജൂപ്പിറ്റിസ് സ്ഥാപകനും സിഇഒയുമായ രമണ്‍ അഗര്‍വാള്‍ പറഞ്ഞു.
കേന്ദ്ര നിയമ-നീതി മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ 2001ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഐഐഎഎം രാജ്യത്ത് എഡിആര്‍ സേവനം നല്‍കുന്ന ലാഭേച്ഛയില്ലാത്ത മുന്‍നിര പ്രസ്ഥാനമാണ്. എഡിആറില്‍ പരിശീലന പരിപാടികള്‍ നടത്തുന്നതിനൊപ്പം അന്തര്‍ദ്ദേശീയവും ആഭ്യന്തരവുമായ വാണിജ്യ വ്യവഹാരം, മധ്യസ്ഥത, ചര്‍ച്ചകള്‍ എന്നിവ സ്ഥാപനം നല്‍കുന്നുണ്ട്, കൂടാതെ 10 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ഏഷ്യാ പസഫിക് സെന്റര്‍ ഫോര്‍ ആര്‍ബിട്രേഷന്‍ ആന്‍ഡ് മീഡിയേഷനില്‍ അംഗവുമാണ്.