Advertisment

ഒരു ബിഷപ്പ് പ്രസ്താവനയിറക്കിയതുകൊണ്ടു മാത്രം റബര്‍ വില കൂടില്ല. ആ പ്രീണനവും വോട്ട് ബാങ്ക് രാഷ്ട്രീയവുമൊക്കെ കോണ്‍ഗ്രസിന്‍റെ ശൈലി. ജമാ അത്തെ ഇസ്ലാമിയും മുസ്ലിം ലീഗും മോശക്കാരല്ല. ബിജെപിക്ക് അവരുമായും കൂട്ടുകൂടാം. രാജ്യം അവരുടേതു കൂടിയാണ്. ബിജെപിയുടെ എതിര്‍പ്പ് വര്‍ഗീയതയോടല്ല, തീവ്രവാദത്തോടാണ്. ഫാ: സ്റ്റാന്‍ സ്വാമിയുടെ കാര്യത്തില്‍ നിയമത്തിന്‍റെ മാര്‍ഗമായിരുന്നു പ്രധാനം - നിലപാടു പറഞ്ഞ് ആര്‍എസ്എസ്-മുന്‍ ബിജെപി നേതാവ് കെആര്‍ ഉമാകാന്തന്‍റെ അഭിമുഖം...

New Update

publive-image

Advertisment

ആര്‍എസ്എസും ബിജെപിയുമൊക്കെ മാറ്റത്തിന്‍റെ ദിശയിലാണ്, അതവര്‍ അംഗീകരിക്കില്ലെങ്കില്‍ പോലും. മുസ്ലിം ലീഗും ജമാ അത്തെ ഇസ്ലാമിയുമൊക്കെ തങ്ങള്‍ക്ക് കൂട്ടുകൂടാന്‍ കഴിയുന്ന സംഘടനകളാണെന്ന് അവര്‍ പരസ്യമായി പ്രഖ്യാപിക്കുന്നതാണ് കാലഘട്ടം. ക്രൈസ്തവരെ ഒപ്പം കൂട്ടാന്‍ ഏത് നിമിഷവും ആര്‍എസ്എസും ബിജെപിയും ഒരുക്കമാണ്.

പക്ഷേ അടിസ്ഥാന നിലപാടുകളില്‍ മാറ്റം വരുത്താന്‍ അവര്‍ ഇപ്പോഴും തയ്യാറല്ല. അത്തരം കാര്യങ്ങളില്‍ നിലപാട് വ്യക്തമാക്കുകയാണ് കേരളത്തില്‍ ആര്‍എസ്എസിന്‍റെയും ബിജെപിയുടെയും ബൗദ്ധിക ശക്തികേന്ദ്രങ്ങളില്‍ പ്രമുഖനായ കെ.ആര്‍ ഉമാകാന്തന്‍. ആര്‍എസ്എസിന്‍റെ സംസ്ഥാന സഹപ്രചാര്‍ പ്രമുഖ് ആയിരുന്ന ഉമാകാന്തനാണ് കേരളത്തില്‍ ഏറ്റവും ദീര്‍ഘകാലം ബിജെപിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി (2006 - 2017) ആയിരുന്നത്. 5 വര്‍ഷക്കാലം പാര്‍ട്ടി മുഖപത്രമായ ജന്മഭൂമിയുടെ മാനേജിംങ്ങ് ഡയറക്ടറായിരുന്നു.

ഉമാകാന്തന്‍ സംഘടനാ ജനറല്‍ സെക്രട്ടറിയായിരുന്ന കാലഘട്ടത്തിലാണ് കേരളത്തിലാദ്യമായി ബിജെപി നിയമസഭയില്‍ അക്കൗണ്ട് തുറന്നത്. അന്ന് 7 നിയമസഭാ മണ്ഡലങ്ങളില്‍ രണ്ടാമതെത്തി. ഏറ്റവും ഉയര്‍ന്ന വോട്ടിംങ്ങ് ശതമാനവും. അന്നത്തെ പ്രസിഡന്‍റ് വി മുരളീധരനൊപ്പം സംഘടനയെ ബൂത്ത് തലത്തില്‍ ഉയര്‍ത്തെഴുന്നേല്പിക്കാന്‍ കേരളം മുഴുവന്‍ ഓടിനടന്ന ഉമാകാന്തന്‍ കേരളത്തില്‍ ഒരേപോലെ ആര്‍എസ്എസിന്‍റെയും ബിജെപിയുടെയും പള്‍സ് അറിയുന്ന നേതാവാണ്. സത്യം ഓണ്‍ലൈന്‍ എഡിറ്റര്‍ വിന്‍സെന്‍റ് നെല്ലിക്കുന്നേലിന് അനുവദിച്ച അഭിമുഖത്തില്‍ ഉമാകാന്തന്‍ മനസു തുറന്നു :

  • ജമാ അത്തെ ഇസ്ലാമിയും മുസ്ലിം ലീഗുമായുമൊക്കെ സംഘപരിവാർ നേതൃത്വം ചര്‍ച്ച നടത്തുന്നു. ലീഗ് വര്‍ഗിയ പാര്‍ട്ടിയല്ലെന്ന് ആർ എസ് എസ് സംസ്ഥാന നേതൃത്വം പറയുന്നു. പണ്ട് ആർ എസ് എസ് ഇങ്ങനെ പറയുമായിരുന്നോ ? ശരിക്കും മാറ്റം ആര്‍എസ്എസിനാണോ, ഈ സംഘടനകള്‍ക്കാണോ ?

ഇന്ത്യാ വിഭജന കാലഘട്ടത്തില്‍പോലും ഭാരതത്തിലെ ക്രൈസ്തവരെയും മുസ്ലിം ജനതയേയും തള്ളിപ്പറയാത്തവരാണ് ആര്‍എസ്എസ്. അന്ന് സർവര്‍ക്കറും അംബേദ്കറും ഇവിടെയുള്ള മുസ്ലിംങ്ങളെ പാക്കിസ്ഥാനിലേയ്ക്കും അവിടെയുള്ള ഹിന്ദുക്കളെ ഭാരതത്തിലേയ്ക്കും കൊണ്ടുവരണമെന്ന് നിലപാടെടുത്തപ്പോള്‍ പോലും ആ ജനതയെ തിരസ്കരിക്കണമെന്ന് പറയാത്തവരാണ് ആര്‍എസ്എസ്.

അന്നു മുതല്‍ ഇന്നു വരെ എല്ലാ കാലത്തും സംഘപരിവാര്‍ നേതൃത്വവും മുസ്ലിം-ക്രിസ്ത്യന്‍ നേതൃത്വങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അടിയന്തിരാവസ്ഥയ്ക്കു ശേഷം ആര്‍എസ്എസ് കാര്യാലയത്തില്‍ ചര്‍ച്ചകള്‍ക്കായെത്തിയ ജമാ അത്തെ ഇസ്ലാമി ഭാരവാഹികള്‍ക്ക് നിസ്കരിക്കാന്‍ കാര്യാലയത്തിനുള്ളില്‍ സൗകര്യമൊരുക്കിക്കൊടുത്ത ചരിത്രമുണ്ടിവിടെ.

പക്ഷേ ബിജെപി അധികാരത്തില്‍ വന്നശേഷം നടക്കുന്ന ചര്‍ച്ചകള്‍ക്ക് കൂടുതല്‍ വാര്‍ത്താ പ്രാധാന്യം ലഭിക്കുന്നുവെന്നത് സത്യമാണ്.

publive-image


ഈ രാജ്യം മുസ്ലിം ജനതയേയും ക്രൈസ്തവ സമൂഹത്തെയും ഉള്‍ക്കൊണ്ടുകൊണ്ടുതന്നെ എക്കാലവും മുന്നോട്ടു പോകണമെന്ന അഭിപ്രായമാണ് ആര്‍എസ്എസിനുള്ളത്. ആ നയത്തിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല. അവരേകൂടി ചേര്‍ത്തു നിര്‍ത്തുന്നതാണ് ആര്‍എസ്എസ് നിലപാട്.


അതിനാല്‍ തന്നെ മുസ്ലിം ലീഗുമായും ജമാ അത്തെ ഇസ്ലാമിയുമായും സമാന സംഘടനകളുമായുമുള്ള സഹകരണം ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഉരുത്തിരിഞ്ഞു വരാം.

ലീഗും ജമാ അത്തെയുമൊന്നും തീവ്ര നിലപാടുള്ള സംഘടനകളല്ല. വർഗീയതയല്ല പ്രശ്നം, തീവ്രവാദമാണ് അപകടം. ഈ ആർഎസ്എസ് നിലപാടുകൾ മറ്റുള്ളവര്‍ക്കു ബോധ്യമായി കഴിഞ്ഞാൽ അത്തരം ആശങ്കകൾക്ക് പിന്നെ സ്ഥാനമില്ല .

  • കേരളത്തില്‍ ന്യൂനപക്ഷത്തെ സംരക്ഷിക്കാന്‍ ആര്‍എസ്എസിനെ കഴിയൂ എന്നാണ് നിങ്ങള്‍ പറയുന്നത്. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ എന്‍ഡിഎ അധികാരത്തിലെത്തിയ ശേഷം വര്‍ധിച്ചുവെന്നാണ് ന്യൂനപക്ഷങ്ങളുടെ ആരോപണം. 2021 ൽ ക്രൈസ്തവർക്കെതിരെ ഉണ്ടായത്  486 അതിക്രമങ്ങൾ, 2020 ൽ അത് 279. ന്യൂനപക്ഷങ്ങള്‍ കേരളത്തില്‍ മാത്രം സംരക്ഷിക്കപ്പെട്ടാല്‍ മതിയോ ?  

രാജ്യത്ത് പല ഭാഗങ്ങളിലും വിവിധ മതങ്ങള്‍ തമ്മിലും ഒരേ മതങ്ങള്‍ക്കുള്ളിലുള്ള ആളുകള്‍ തമ്മില്‍ തമ്മിലും വരെ സംഘര്‍ഷങ്ങള്‍ നടക്കാറുണ്ട്. ക്രൈസ്തവരും ചിലയിടത്ത് തമ്മില്‍ കലഹിക്കുന്നു. മുസ്ലിംങ്ങളും ഇങ്ങനെ തമ്മില്‍ പോരടിക്കുന്ന സംഭവങ്ങളുണ്ട്.

പ്രാദേശിക കാരണങ്ങള്‍ കൊണ്ടുണ്ടാകുന്നതാണ് പലതും. അതെല്ലാം കൂടി കൂട്ടിച്ചേര്‍ത്ത് ഒരു കണക്കുണ്ടാക്കി ആര്‍എസ്എസിനെ കരിവാരി തേയ്ക്കാന്‍ വേണ്ടി ഒരു ഇന്‍റര്‍നാഷണല്‍ ലോബി പ്രവര്‍ത്തിക്കുന്നുണ്ട്.

ഇതില്‍ ഭൂരിപക്ഷം സംഘര്‍ഷങ്ങളും നടന്ന സ്ഥലങ്ങളിലൊക്കെ ആര്‍എസ്എസിന് ശാഖകള്‍ പോലും ഇല്ലായിരുന്നു എന്നതാണ് സത്യം. പക്ഷെ കണക്കുകൾ പറയുമ്പോള്‍ അതെല്ലാം സംഘപരിവാറിനുമേല്‍ ചാര്‍ത്തുകയാണ്.

publive-image


സംഘപരിവാറിന് അസന്ദിഗ്ദ്ധമായി പറയാൻ കഴിയും  രാജ്യത്ത് ഹൈന്ദവര്‍ക്കൊപ്പം തുല്യ പരിഗണനതന്നെ ക്രൈസ്തവര്‍ക്കും മുസ്ലിംങ്ങള്‍ക്കും നല്‍കണമെന്നു തന്നെയാണ് ഞങ്ങളുടെ നിലപാട്.


  • സ്റ്റാൻ സ്വാമിയുടെ ദാരുണ മരണം ക്രൈസ്തവർക്കിടയിൽ ഒരു ദുഃഖമാണ്. അതിനിടയിലെ സംഭവങ്ങൾ ഒക്കെ നമുക്കറിയാം. അതിൽ ഭരണകൂട വീഴ്ച സംഭവിച്ചില്ലേ ?

സ്റ്റാന്‍ സ്വാമിയുടെ കാര്യത്തില്‍ പല വേര്‍ഷന്‍സ് ഉണ്ട്. അദ്ദേഹം ആന്‍റി നാഷണല്‍ ആക്ടിവിറ്റികളില്‍ പങ്കെടുത്തിരുന്നതിന് നിയമപരമായ കണ്ടെത്തലുകളുടെ അടിസ്ഥാനമുണ്ടായിരുന്നു എന്നാണ് ഞാന്‍ മനസിലാക്കുന്നത്.

അതേസമയം അദ്ദേഹത്തിന് ജയിലില്‍ ചില മാനുഷിക അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടുവെന്ന തരത്തിലൊക്കെയുള്ള ആക്ഷേപങ്ങളുള്ളത് നിയമ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടതാണ്. അതിലൊന്നും എന്തായാലും ആര്‍എസ്എസിനോ ബിജെപിക്കോ മനഃപൂർവ്വമായ ഒരിടപെടലില്ല.

publive-image

  • ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം ആകണമെന്നാണ് ആർഎസ്എസിന്റെ പ്രഖ്യാപിത ലക്‌ഷ്യം എന്നാണ് സമൂഹം ധരിച്ചു വച്ചിരിക്കുന്നത്. അതല്ലേ ശരി. അതിനിടയിൽ ന്യൂനപക്ഷ താല്പര്യ സംരക്ഷണം എങ്ങനെ നടക്കും ?

ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രം ആക്കണം എന്ന് ആര്‍എസ്എസ് ഒരിക്കലും പറഞ്ഞിട്ടില്ല. കാരണം ഭാരതം ഹിന്ദു രാഷ്ട്രം ആണ്. ഇന്നലെ ആയിരുന്നു, ഇന്ന് ആണ്, നാളെയും ആയിരിക്കും.

ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രം ആണെന്നതുതന്നെയാണ് ഈ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കുള്ള ഏറ്റവും വലിയ ഉറപ്പ്. കാരണം അവരെ ഒപ്പം നിര്‍ത്തി സംരക്ഷിക്കാന്‍ ഹൈന്ദവര്‍ക്കാണ് ബാധ്യത.


ഇന്ത്യ നാനാജാതി മതങ്ങളുടെ വൈവിധ്യങ്ങളാല്‍ സമ്പന്നമായ രാജ്യമാണ്. അവരെ ചേര്‍ത്തു നിര്‍ത്തുന്നതാണ് രാജ്യത്തിന്‍റെ സംസ്കാരവും സൗന്ദര്യവും. അതിനാല്‍ ലോകത്തെവിടെ മുസ്സിംങ്ങളും ക്രൈസ്തവരും ഇല്ലാതായാലും ഇന്ത്യയില്‍ അവരുണ്ടാകും. അവർ  ഇന്ത്യയുടെ അനിവാര്യതയാണ്.


  • നിങ്ങള്‍ എന്തൊക്കെ പറഞ്ഞാലും ആര്‍എസ്എസിന് ന്യൂനപക്ഷങ്ങളോടും അവർക്ക് തിരിച്ചും പരസ്പരം ഒരു ഉള്‍ക്കൊള്ളായ്ക എവിടെയൊക്കെയോ ഉണ്ട്. അതാണ് കഴിഞ്ഞ മാസവും 79 ക്രൈസ്തവ സംഘടനകൾ ചേർന്ന് ഡൽഹിയിൽ നടത്തിയ സമരം ?

ഒന്നാമതായി, ബിജെപി ഭരണം ഓരോ ദിവസവും മുന്നോട്ടുപോകും തോറും അത്തരം സംശയങ്ങള്‍ ദൂരീകരിക്കപ്പെടും. മറ്റ് വിഭാഗങ്ങളുടെ തെറ്റിദ്ധാരണകള്‍ താനേ മാറും.

രണ്ടാമതായി, ആര്‍എസ്എസിന്‍റെയോ ബിജെപിയുടെയോ നിലപാടുകള്‍ സംബന്ധിച്ച് ആര്‍ക്കൊക്കെ സംശയങ്ങള്‍ ഉണ്ടോ അത് ദൂരീകരിക്കാൻ ഞങ്ങൾതന്നെ മുൻകൈ എടുക്കും. അത്തരം സംശയങ്ങളില്‍ വീണ്ടും വീണ്ടും നിലപാട് വ്യക്തമാക്കും.

മൂന്നാമത്, ആശങ്കകള്‍ ഉള്ള വിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയും പരിഹാരം ഉണ്ടാക്കും. മറ്റ് ന്യൂനപക്ഷങ്ങളുമായി ചര്‍ച്ച നടത്തുന്നതു തന്നെ അവരെ ഉള്‍ക്കൊള്ളാന്‍, സ്വീകരിക്കാന്‍ ഞങ്ങൾ തയ്യാറാണെന്നതിന്‍റെ സൂചനയാണ്. ലോകത്ത് ഇത്തരത്തിലുള്ള മറ്റേതെങ്കിലും രാജ്യത്ത് ഈ ചര്‍ച്ചകളുണ്ടോ.

publive-image


ഏതെങ്കിലും ഒരു മുസ്ലിം രാജ്യത്ത് ഇതര മതങ്ങളുമായി ചര്‍ച്ച നടത്താറുണ്ടോ ? ഇന്ത്യയില്‍ അതുണ്ട് എന്നതു തന്നെയാണ് ഈ രാജ്യത്തിന്റെ സൗന്ദര്യം ! 8 വര്‍ഷത്തെ ബിജെപി ഭരണത്തില്‍ ഇന്ത്യയില്‍ ഏതെങ്കിലും ഒരു മതവിഭാഗത്തെ ദ്രോഹിച്ചതായി കേട്ടിട്ടുണ്ടോ.


ദേശീയ നിലപാടുകളുടെ പേരില്‍ ചില കാര്യങ്ങൾ നടപ്പിലാക്കുമ്പോള്‍ ചിലര്‍ക്ക് ഇഷ്ടപ്പെടാതെ വന്നിരിക്കാം. അതല്ലാതെ ഒരു പ്രത്യേക മതവിഭാഗത്തിനെതിരെ ഭരണപരമായ നടപടി സ്വീകരിച്ച ചരിത്രം മോഡി ഭരണത്തിലില്ല.

  • തലശേരി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞത് റബറിനു 300 രൂപ ആക്കിയാൽ ബിജെപിയെ സഹായിക്കും എന്നാണ്. റബറിനു വിലകൂടുമോ ? അങ്ങനെ ബിജെപി രക്ഷപ്പെടുമോ ?

ഒരു ബിഷപ്പ് ഒരു പ്രസ്താവനയിറക്കിയതുകൊണ്ട് റബറിന് വില കൂടില്ല. വോട്ട് ബാങ്ക് രാഷ്ട്രീയവും പ്രീണന രാഷ്ട്രീയവുമൊക്കെ കോണ്‍ഗ്രസിന്‍റെ ശൈലിയാണ്. അത് നാടിനു ഗുണം ചെയ്യില്ല, രാജ്യത്തിനും നല്ലതല്ല.


പക്ഷേ രാജ്യം നേരിടുന്ന സ്വാഭാവികമായ ഒരു കാര്‍ഷിക പ്രശ്നം എന്ന നിലയില്‍ റബര്‍ വിലയും അതിന്‍റെ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ കാര്യങ്ങളുമൊക്കെ കേന്ദ്ര ഗവണ്‍മെന്‍റ് അനുഭാവ പൂര്‍വ്വം പരിഗണിക്കും.


കാര്‍ഷിക മേഖലയുടെ ഉണര്‍വ്വും സംരക്ഷണവും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനപ്പുറം രാജ്യത്തിന്‍റെ ദേശീയ നയത്തിന്‍റെ ഭാഗമാണ്. കേരളത്തിന്‍റെ പൊതുവായ കാര്‍ഷിക പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യപ്പെടുന്നതില്‍ കേരളത്തിലെ എൻഡിഎ നേതൃത്വത്തിലും  ചില പോരായ്മകളുണ്ടെന്നത് ശരിയാണ്. അത് പരിഹരിക്കപ്പെടും.

രണ്ടാം ഭാഗം - ശനിയാഴ്ച

Advertisment