സ്‌റ്റോക്‌ഹോം: 2023ലെ സാഹിത്യത്തിനുളള നൊബേൽ സമ്മാനം നോർവീജിയൻ എഴുത്തുകാരൻ യോൺ ഫോസെയ്ക്ക്. അദ്ദേഹത്തിന്റെ കൃതികൾ നിശ്ശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമായി മാറിയതായി അക്കാദമി അഭിപ്രായപ്പെട്ടു. നോർവീജിയൻ പശ്ചാത്തലത്തെ കലാപരമായ സാങ്കേതികതയുമായി സമന്വയിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ശൈലി. മനുഷ്യന്റെ ഉത്കണ്ഠയും അവ്യക്തതയും അതിന്റേതായ തീവ്രതയോടെ തനതായ രീതിയിൽ തുറന്നുകാട്ടുന്നവയാണ് അദ്ദേഹത്തിന്റെ രചനകളെന്നും സ്വീഡിഷ് അക്കാദമി അഭിപ്രായപ്പെട്ടു.
പുരസ്‌കാരനേട്ടം ഒരേസമയം ആശ്ചര്യപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതുമാണെന്നാണ് യോൺ ഫോസെയുടെ പ്രതികരണം. നാടകകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ വിഖ്യാതനായ എഴുത്തുകാരനാണ് യോണ്‍ ഫൊസ്സെ. സമകാലിക നോര്‍വീജിയന്‍ സാഹിത്യത്തിലെ അതികായനാണ് അദ്ദേഹം. നോവല്‍, ചെറുകഥ, കവിത, നാടകം, ലേഖനം, ബാലസാഹിത്യം, സിനിമ എന്നിങ്ങനെ നീളുന്നു ഫൊസേയുടെ എഴുത്ത് ലോകം. 1989 മുതലുള്ള സാഹിത്യ ജീവിതത്തില്‍ രചിക്കപ്പെട്ട മുപ്പത് പുസ്തകങ്ങള്‍ നാല്‍പ്പതിലേറെ ഭാഷകളിലേക്ക് മൊഴി മാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.