റോം: പ്രധാനമന്ത്രി നരേന്ദ്ര മോദി റോമിലെ പിയാസ ഗാന്ധിയിലെ മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. പിയാസ ഗാന്ധിയില്‍ മോദിക്ക് വന്‍ വരവേല്‍പാണ് ലഭിച്ചത്.
സംസ്‌കൃത മന്ത്രങ്ങള്‍ ഉരുവിട്ടും, 'മോദി, മോദി' മുദ്രാവാക്യങ്ങള്‍ മുഴക്കിയും ജനങ്ങള്‍ പ്രധാനമന്ത്രിയെ വരവേറ്റു. ഇന്ത്യക്കാരുമായി പ്രധാനമന്ത്രി നേരിട്ട് സംവദിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലാണ്.
ദ്വിദിന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് റോമിലെത്തിയത്. ജി 20 ഉച്ചകോടിക്ക്, മുന്നോടിയായി മോദി യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മിഷേല്‍, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
നാളെ മോദി മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തും. നെഹ്റു, ഇന്ദിരാഗാന്ധി, ഐ കെ ഗുജ്റാൾ, എ ബി വാജ് പേയി എന്നിവര്‍ക്ക് ശേഷം വത്തിക്കാനിലെത്തി മാര്‍പ്പാപ്പയെ കാണുന്ന അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.
സെന്‍റ്പീറ്റേഴ്സ് ബസലിക്കയ്ക്ക് സമീപത്ത് വത്തിക്കാൻ പാലസിലായിരിക്കും കൂടിക്കാഴ്ച നടക്കുക. അരമണിക്കൂര്‍ നീണ്ടു നിൽക്കുന്ന കൂടിക്കാഴ്ച്ചയ്ക്ക് ദേശീയതലത്തിൽ മാത്രമല്ല,അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ പ്രധാന്യമുണ്ട്.
നാളെ മുതൽ രണ്ട് ദിവസമായാണ് റോമിൽ ജി.20 ഉച്ചകോടി നടക്കുക. കൊവിഡ് മഹാമാരി സൃഷ്ടിച്ച ആഗോള സാമ്പത്തിക-വ്യാവസായിക മാന്ദ്യം ഉൾപ്പടെയുള്ള വിഷയങ്ങൾ ഉച്ചകോടിയിൽ ചര്‍ച്ചയാകും.