ഫ്‌ളോറിഡാ: ഫ്‌ളോറിഡാ കാര്‍ലട്ടണ്‍ റിസെര്‍വില്‍ നിന്നും അഴുകിയ നിലയില്‍ കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങള്‍ ഗാബി പെറ്റിറ്റോയുടെ മരണത്തില്‍ പോലീസ് പ്രതി ചേർത്ത കാമുകന്‍ ബ്രയാന്‍ ലോണ്‍ട്രിയുടെതാണെന്ന് സ്ഥിരീകരിച്ചതായി എഫ്.ബി.ഐ. ഫീല്‍ഡ് ഓഫീസ് അറിയിച്ചു.
മൃതദ്ദേഹം കണ്ടെടുത്ത സ്ഥലത്തു നിന്നും ലോണ്‍ട്രിയുടെതെന്ന് സംശയിക്കുന്ന ബാക്ക്പാക്കും, വാലറ്റും കണ്ടെത്തിയിട്ടുണ്ട്. ദന്തപരിശോധനക്കു ശേഷമാണ് മൃതദ്ദേഹം ലോണ്‍ട്രിയുടേതാണെന്ന് സ്ഥിരീകരിച്ചത്.
ജൂണ്‍ 7ന് ഗാബിയും(22) ബ്രയാനും ചേര്‍ന്ന് ക്രോസ് കണ്‍ട്രി ട്രിപ്പിന് പുറപ്പെട്ടതായിരുന്നു. ആഗസ്റ്റ് വരെ ഇവര്‍ യാത്ര തുടര്‍ന്നു. ആഗസ്റ്റ് 12ന് ഇവര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പോലീസ് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് പരിശോധന നടത്തി. പിന്നീട് ഇരുവരേയും വിട്ടയച്ചു. സെപ്റ്റംബര്‍ ആദിവാരം ഗാബിയില്ലാതെ ബ്രയാന്‍ ഫ്‌ളോറിഡായിലെ വീട്ടില്‍ തിരിച്ചെത്തി.
ഇതിനിടയില്‍ ഗാബിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചു. സെപ്റ്റംബര്‍ 19ന് വയോമിംഗിലുള്ള നാഷ്ണല്‍ ഫോറസ്റ്റില്‍ നിന്നും ഗാബിയുടെ മൃതദ്ദേഹം കണ്ടെത്തി. ഗാബിയുടെ മരണത്തില്‍ ബ്രയാനെതിരെ പോലീസ് കേസ്സെടുത്തു. സെപ്റ്റംബര്‍ 11ന് ബ്രയാനെ കാണാനില്ലെന്ന് കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കി. ഗാബിയുടെ മരണം കഴുത്തു ഞെരിച്ചായിരുന്നു എന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതി ബ്രയാനാണെന്ന് പോലീസ് സ്ഥിരീകരിച്ചു. തുടര്‍ന്നുള്ള വ്യാപകമായ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ബ്രയാന്റെ മരണത്തോടെ ഗാബിയുടെ കൊലപാതകത്തിന്റെ അന്വേഷണവും വഴി മുട്ടി.