ലോകമെമ്പാടുമുള്ള 48 ദശലക്ഷം ദമ്പതികളെയും 186 ദശലക്ഷം വ്യക്തികളെയും ബാധിക്കുന്ന ഒരു ആഗോള ആരോഗ്യ പ്രശ്നമാണ് വന്ധ്യത. ലോകത്തെ ഏറ്റവും ആരോഗ്യകരമായ ഭക്ഷണക്രമങ്ങളില്‍ ഒന്നായി കരുതപ്പെടുന്ന മെഡിറ്ററേനിയന്‍ ഡയറ്റ് ഗര്‍ഭം ധരിക്കാനും കുഞ്ഞിന് ജന്മം നല്‍കാനുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നത് ശുഭപ്രതീക്ഷ നല്‍കുന്നതാണ്.പഴങ്ങളും പച്ചക്കറികളും പയര്‍വര്‍ഗ്ഗങ്ങളും ധാരാളമായി അടങ്ങിയിട്ടുള്ള മെഡിറ്ററേനിയന്‍ ഭക്ഷണം നിരവധി ആരോഗ്യഗുണങ്ങള്‍ ഉള്ളതാണെന്ന് മുമ്പും തെളിയിക്കപ്പെട്ടിട്ടുണ്ട്.
എന്നാല്‍, ഇത് വന്ധ്യതാ ചികിത്സയ്ക്ക് സഹായകമാണെന്നാണ് പുതിയ തെളിവുകള്‍ സൂചിപ്പിക്കുന്നത്. മെഡിറ്ററേനിയന്‍ ഭക്ഷണക്രമം പുരുഷ ബീജത്തിന്റെ ഗുണനിലവാരം, പ്രത്യുല്‍പാദനക്ഷമത, അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്‌നോളജിയുടെ (എആര്‍ടി) വിജയം എന്നിവ വര്‍ദ്ധിപ്പിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. മെഡിറ്ററേനിയന്‍ ഭക്ഷണത്തിന്റെ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ഗര്‍ഭധാരണ സാധ്യത മെച്ചുപ്പെടുത്തുമെന്നാണ് കണ്ടെത്തല്‍.
സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രത്യുത്പാദനക്ഷമതയെ ബാധിക്കുന്നതാണ് വീക്കം. ബീജത്തിന്റെ ഗുണനിലവാരം, ആര്‍ത്തവചക്രം, ഇംപ്ലാന്റേഷന്‍ എന്നിവയെ ഇത് ബാധിക്കുമെന്നും ഗവേഷണങ്ങള്‍ പറയുന്നു. അതുകൊണ്ട് വീക്കം കുറയ്ക്കുന്ന മെഡിറ്ററേനിയന്‍ ഭക്ഷണക്രമം പോലുള്ളവ പ്രത്യുല്‍പാദന ഫലങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് കണ്ടെത്തല്‍.
പ്രധാനമായും സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണക്രമമാണ് മെഡിറ്ററേനിയന്‍ വിഭവങ്ങള്‍. അതില്‍ ധാന്യങ്ങള്‍, ഒലിവ് ഓയില്‍, പഴങ്ങള്‍, പച്ചക്കറികള്‍, ബീന്‍സ്, പയര്‍വര്‍ഗ്ഗങ്ങള്‍, പരിപ്പ്, ഔഷധസസ്യങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. തൈര്, ചീസ്, മത്സ്യം, ചിക്കന്‍, മുട്ട, റെഡ് മീറ്റ് തുടങ്ങിയവ ചെറിയ അളവില്‍ മാത്രമേ കഴിക്കൂ.