മുസ്ലിം ലീഗിന് ഒരു രാഷ്ട്രീയമുണ്ട്. രാഷ്ട്രീയ നിലപാടുണ്ട്. യുഡിഎഫിലെ ഒരു ഘടകകക്ഷിയായി ഉറച്ചു നില്‍ക്കുന്ന ഒരു രാഷ്ട്രീയമാണ് മുസ്ലിം ലീഗിനുള്ളത്. അതില്‍നിന്നു വ്യതിചലിക്കാന്‍ ഒരുക്കമല്ലെന്ന് ലീഗ് തെളിയിച്ചിരിക്കുന്നു.
സിപിഎം അങ്ങനെയല്ല കണ്ടത്. ഏക സിവില്‍ കോഡ് പ്രശ്നത്തില്‍ മുസ്ലിം ലീഗിന്‍റെ രാഷ്ട്രീയത്തില്‍ ഒരു കുലുക്കമുണ്ടാക്കാനാകുമോ എന്നാണ് സിപിഎം കണക്കുകൂട്ടിയത്. ആ വഴിക്ക് കുറെ നീങ്ങുകയും ചെയ്തു സിപിഎം. ശനിയാഴ്ച കോഴിക്കോട്ടു സംഘടിപ്പിക്കുന്ന സെമിനാറില്‍ മുസ്ലി സമുദായ സംഘടനകളോടൊപ്പം മുസ്ലിം ലീഗിനെകൂടി കിട്ടുമോ എന്നാണ് സിപിഎം നോക്കിയത്. പക്ഷെ ഇക്കാര്യത്തില്‍ സിപിഎമ്മിന്‍റെ സെമിനാറില്‍ പങ്കെടുക്കേണ്ടെന്ന് ലീഗ് നേതൃത്വം തീരുമാനിക്കുകയായിരുന്നു. സിപിഎമ്മിന്‍റെ വഴിക്കണക്കുകളൊക്കെയും തെറ്റുകയും ചെയ്തു.
യുഡിഎഫില്‍ രണ്ടാമത്തെ വലിയ ഘടകകക്ഷിയാണ് മുസ്ലിം ലീഗ്. 1969 -ല്‍ ഒമ്പത് അംഗങ്ങളുടെ നേതാവായി കേരള സഭയില്‍ ചുരുണ്ടുകൂടിയിരുന്ന കെ. കരുണാകരന്‍ കഠിനാധ്വാനം ചെയ്തു കെട്ടിപ്പടുത്ത മുന്നണി. ലീഗില്ലാതെ യുഡിഎഫ് എന്ന ഐക്യ ജനാധിപത്യ മുന്നണിക്കു വലിയ പ്രസക്തിയൊന്നുമില്ല തന്നെ. യുഡിഎഫ് രാഷ്ട്രീയം തന്നെയാണ് ലീഗിന്‍റെയും രാഷ്ട്രീയം. ആ രാഷ്ട്രീയത്തില്‍ മായം ചേര്‍ക്കാന്‍ ലീഗ് നേതൃത്വം തയ്യാറായില്ലെന്നര്‍ത്ഥം.
മുസ്ലിം ലംഘടനകള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ സ്വതന്ത്രമായ നിലപാടു സ്വീകരിക്കാമെന്നാണ് മുസ്ലിം കോഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. അതുപ്രകാരം സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലെമ സെമിനാറില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സമസ്ത കാന്തപുരം വിഭാഗവും സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്. ഇതില്‍ കാന്തപുരം വിഭാഗം ഏറെ കാലമായി ഇടതുപക്ഷ നിലപാടാണു സ്വീകരിക്കുന്നതെന്ന കാര്യം ഓര്‍മിക്കണം. ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കുന്ന സമസ്തയാകട്ടെ, എപ്പോഴും മുസ്ലിം ലീഗിനോടൊപ്പം നില്‍ക്കുന്ന സംഘടനയുമായിരുന്നു.
ഈ നിലപാടില്‍ അടുത്ത കാലത്ത് ഒരു ഇടര്‍ച്ച സംഭവിച്ചിട്ടുണ്ട്. സമസ്ത ഇടതു പക്ഷത്തേയ്ക്കു നന്നായിത്തന്നെ ചരിഞ്ഞിരിക്കുന്നു. ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉള്‍പ്പെടെയുള്ള സമസ്ത നേതാക്കളുടെ ആവശ്യങ്ങളൊക്കെയും അംഗീകരിച്ചു കൊടുക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറായതാണു കാരണം. സമസ്തയ്ക്ക് എപ്പോള്‍ എന്താവശ്യമുണ്ടാകുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ അവരെ ക്ലിഫ് ഹൗസിലേക്കു വിളിച്ച് സംഭാഷണം നടത്തും.
സമസ്തയുടെ ഇഷ്ടം നേടാന്‍ പിണറായിക്കു കഴിഞ്ഞുവെന്നത് ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ഒരു വലിയ രാഷ്ട്രീയ നേട്ടം തന്നെയാണ്. സമസ്ത കാന്തപുരം വിഭാഗം നേരത്തേതന്നെ ഇടതുപക്ഷത്തു നിലയുറപ്പിച്ചിരിക്കുകയും ചെയ്യുന്നു.
ഈ പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ കുറെ നാളായി മുസ്ലിം ലീഗിനുമേല്‍ കണ്ണുവെച്ച് നടത്തുന്ന നീക്കങ്ങള്‍ പ്രധാനമാണ്. രാഷ്ട്രീയം തന്നെ കാരണമെന്നു പ്രത്യേകം പറയേണ്ടതില്ല. അതില്‍ത്തന്നെ പ്രത്യേകിച്ച് 2024 -ലെ ലോക്സഭാ തെരഞ്ഞെടുപ്പും. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20 -ല്‍ 19 സീറ്റും യുഡിഎഫ് നേടിയതാണ്. ശബരിമല വിഷയത്തിനു പുറമേ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായതും വിഷയമായി. ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിനനുകൂലമായി തിരിയുകയായിരുന്നു.
2024 -ല്‍ യുഡിഎഫ് അങ്ങനെയൊരു നേട്ടം ആവര്‍ത്തിക്കരുതെന്ന് സിപിഎമ്മിന് അതിയായ ആഗ്രഹമുണ്ട്. കേരളത്തില്‍നിന്നു പരമാവധി സീറ്റുകള്‍ സ്വന്തമാക്കിയാല്‍ മാത്രമേ ദേശീയ പ്രതിപക്ഷ നിരയുണ്ടാക്കുമ്പോള്‍ സിപിഎമ്മിന് സ്വന്തം പ്രസക്തി തെളിയിക്കാനാകൂ. പാര്‍ട്ടിയുടെ കോട്ടകളായിരുന്ന പശ്ചിമ ബംഗാളും ത്രിപുരയും കൈവിട്ടുപോയിരിക്കുന്നു. ആകെ പ്രതീക്ഷ നല്‍കുന്നത് കേരളത്തിലെ 20 സീറ്റാണ്.
ഗോവിന്ദന്‍ മാസ്റ്റര്‍ കുറേ കാലമായി ലീഗിനു പിന്നാലെ കൂടിയിരിക്കുന്നതിനു കാരണവും ഇതു തന്നെ. മുസ്ലിം ലീഗില്‍ ഒരു വിഭാഗം നേതാക്കള്‍ അതിനോടു യോജിക്കുകയും ചെയ്തു. ഒരു വിഭാഗം ഈ നീക്കത്തെ എതിര്‍ക്കുകയും ചെയ്തു. പക്ഷെ അന്തിമ തീരുമാനമെടുത്തത് ഞായറാഴ്ച ചേര്‍ന്ന നേതൃയോഗത്തില്‍ മാത്രം. ഇത്രയും ദിവസം ഒരു തീരുമാനമെടുക്കാതെ കോണ്‍ഗ്രസിനെ മുള്‍മുനയില്‍ നിര്‍ത്താനും കഴിഞ്ഞു ലീഗിന്.
ആത്യന്തികമായി ലീഗ് യുഡിഎഫ് രാഷ്ട്രീയത്തെ മുറുകെ പിടിച്ചുവെന്നര്‍ത്ഥം. ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് മുന്നണിയില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നു വരുത്താന്‍ ലീഗ് തയ്യാറായില്ല. സിപിഎമ്മിനു നഷ്ടമൊന്നുമുണ്ടായില്ലെങ്കിലും ലാഭം തീരെയില്ലെന്ന സത്യം അവശേഷിക്കുകയും ചെയ്യുന്നു.