കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ഒരു ആള്‍മാറാട്ടമായിരുന്നു ആദ്യം. കേരള സര്‍വകലാശാലയുടെ കീഴിലെ ഈ കോളജില്‍ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട എ.എസ് അനഘയ്ക്കു പകരം കോളജിലെ എസ്എഫ്ഐ നേതാവ് എ വിശാഖിന്‍റെ പേര് അയച്ചുകൊടുത്തത് പത്രവാര്‍ത്ത ആയതിനേതുടര്‍ന്നാണ് എസ്എഫ്ഐയെ ചൊല്ലി സംസ്ഥാനത്ത് രാഷ്ട്രീയ വിവാദം പൊട്ടിപ്പുറപ്പെട്ടത്.
ദിവസങ്ങള്‍ക്കുള്ളില്‍ മറ്റൊരു വിവാദവും ഉയര്‍ന്നു. ഇത്തവണ കെ. വിദ്യ എന്ന മുന്‍ എസ്എഫ്ഐ നേതാവിന്‍റെ പേരില്‍. എറണാകുളം മഹാരാജാസ് കോളജിന്‍റെ വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഇടുക്കിയിലെ ആര്‍.ജി.എം ഗവണ്‍മെന്‍റ് കോളജ് മലയാളം വിഭാഗത്തില്‍ താല്‍ക്കാലിക ജോലി കരസ്ഥമാക്കാന്‍ ശ്രമം നടത്തിയെന്നതായിരുന്നു വിഷയം.
അവിടെയും തീര്‍ന്നില്ല. കായംകുളം എം.എസ്.എം കോളജില്‍ നിഖില്‍ തോമസ് എന്ന വിദ്യാര്‍ത്ഥി കലിംഗ യൂണിവേഴ്സിറ്റിയുടെ വ്യാജ ബി.കോം ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി എം.കോം ക്ലാസില്‍ അഡിമിഷന്‍ വാങ്ങിയ വാര്‍ത്തയായി പിന്നാലേ. ദിവസങ്ങളോളം വാര്‍ത്ത മാധ്യമങ്ങളില്‍ കടുത്ത ആരോപണമായി നിന്നു. കലിംഗ സര്‍വകലാശാലയുടെ ബിരുദം കേരള സര്‍വകലാശാല അംഗീകരിച്ചതാണെന്നു പറഞ്ഞ് എസ്എഫ്ഐ നേതാവ് നിഖില്‍ തോമസ് പിടിച്ചു നിന്നു. തങ്ങള്‍ക്കു പങ്കൊന്നുമില്ലെന്നു പറഞ്ഞ് കോളജ് മാനേജ്മെന്‍റും കൈ മലര്‍ത്തി.
അവസാനം കേരള സര്‍വകലാശാല അന്വേഷണം തുടങ്ങിയപ്പോള്‍ കാര്യങ്ങള്‍ പുറത്തുവന്നു തുടങ്ങി. നിഖില്‍ തോമസ് എന്നൊരു വിദ്യാര്‍ത്ഥി അവിടെ പഠിച്ചിട്ടില്ലെന്ന് കലിംഗ സര്‍വകലാശാലാ രജിസ്ട്രാര്‍ സന്ദീപ് ഗാന്ധി വിവരമന്വേഷിച്ച മാധ്യമ പ്രവര്‍ത്തകരോടു വിശദീകരിച്ചു. നേരത്തേ എസ്എഫ്ഐ നേതൃത്വത്തെയും ആലപ്പുഴ സിപിഎം നേതൃത്വത്തെയും തന്‍റെ വാദം പറഞ്ഞു വിശ്വസിപ്പിച്ചിരുന്ന നിഖില്‍ തോമസിന്‍റെ വാദങ്ങളൊക്കെയും തെറ്റാണെന്നു തെളിയുകയായിരുന്നു.
നിഖിലിനെ വിശ്വസിച്ച് മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ ധൈര്യത്തോടെ കാര്യങ്ങള്‍ വിശദീകരിച്ച എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയും കേരള ജനതയുടെ മുമ്പില്‍ മുഖം നഷ്ടപ്പെട്ടു നിന്നു. രാവിലെ പറഞ്ഞ കാര്യങ്ങള്‍ തിരുത്തിപ്പറയാന്‍ വൈകിട്ട് ആര്‍ഷോ വീണ്ടും മാധ്യമപ്രവര്‍ത്തകരെ കണ്ടു.
ഇതിനിടയിക്ക് പി.എം ആര്‍ഷോയ്ക്കെതിരെയും ആരോപണങ്ങളുയര്‍ന്നു. എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥിയായ പി.എം ആര്‍ഷോ പരീക്ഷയൊന്നും എഴുതാതെ വിജയിച്ചുവെന്നായിരുന്നു ആരോപണം. കെഎസ്‍യു ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ എസ്എഫ്ഐക്കെതിരെ രംഗത്തിറങ്ങി. താന്‍ പരീക്ഷയൊന്നും എഴുതിയിരുന്നില്ലെന്നും പിന്നെ എങ്ങനെയാണു ജയിക്കുക എന്നുമുള്ള എതിര്‍ വാദവുമായി പി.എം ആര്‍ഷോ തന്നെ രംഗത്തു വന്നു.
വിജയികളുടെ ലിസ്റ്റ് തയ്യാറാക്കിയതിലെ സാങ്കേതിക പിഴവാണു കാരണമെന്ന് കോളജ് പ്രിന്‍സിപ്പലും ചൂണ്ടിക്കാട്ടുന്നു. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍ററാണ് (എന്‍.ഐ.സി) പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതെന്നും പ്രിന്‍സിപ്പല്‍ പറയുന്നു. സാങ്കേതിക തകരാറെന്നു വാദം.
എസ്എഫ്ഐ മാത്രമല്ല, എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും അവയുടെ നേതൃത്വങ്ങളും സദാ ജാഗ്രതയോടെയിരിക്കണം. സിപിഎം, കോണ്‍ഗ്രസ് തുടങ്ങിയ മാതൃപാര്‍ട്ടികള്‍ക്കും തങ്ങളുടെ വിദ്യാര്‍ത്ഥി - യുവജന സംഘടനകളുടെ മേല്‍ ഒരു കണ്ണു വേണം.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എന്ന നിലയ്ക്ക് പി.എം ആര്‍ഷോയാണ് സംഘടന നേരിടുന്ന ആരോപണങ്ങള്‍ക്കൊക്കെയും മറുപടി പറയേണ്ടത്. ആള്‍മാറാട്ടവും വ്യാജ രേഖ ചമയ്ക്കലുമെല്ലാം ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ്. പോലീസ് നടപടിയും പിന്നാലെ കോടതി നടപടിയും തീര്‍ച്ച. കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ പ്രിന്‍സിപ്പല്‍ ഡോ. ഷൈജുവിനെയും ആള്‍മാറാട്ടം നടത്തിയെന്ന് പറയുന്ന വിശാഖിനെയും കോളജില്‍ നിന്നു സസ്പെന്‍റ് ചെയ്തുകഴിഞ്ഞു. പോലീസ് നടപടിയും ആരംഭിച്ചു. ഒരാഴ്ചയിലേറെയായി, കെ. വിദ്യ ഒളിവിലാണ്.
കുറെ കാലമായി കേരളത്തിലെ കലാലയങ്ങളില്‍ എസ്എഫ്ഐ തന്നെയാണു മേല്‍ക്കൈ പുലര്‍ത്തുന്നത്. അറുപതുകളുടെ അവസാനവും എഴുപതുകളിലും ആധിപത്യം പുലര്‍ത്തിയിരുന്ന കെഎസ്‌യുവിനെ പിന്നിലാക്കിയാണ് എസ്എഫ്ഐ മുന്നേറിയത്. കോണ്‍ഗ്രസിലും സിപിഎമ്മിലും ഇന്നു കാണുന്ന പ്രമുഖ നേതാക്കളൊക്കെയും അതതു വിദ്യാര്‍ത്ഥി സംഘടനകളില്‍ പ്രവര്‍ത്തിച്ചു വളര്‍ന്നു വന്നവരാണ്. കേരളത്തില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം തന്നെയാണ് പൊതു രാഷ്ട്രീയത്തെ പോഷിപ്പിച്ചു നിര്‍ത്തുന്നത്.
കുറെ വര്‍ഷങ്ങളായി കേരളത്തിലെ സര്‍വകലാശാലകളിലെല്ലാം എസ്എഫ്ഐ ഏകപക്ഷീയമായ മേധാവിത്വം പുലര്‍ത്തുന്നു. പിന്നാലേ കെഎസ്‌യുവുമുണ്ടെങ്കിലും അവര്‍ക്ക് എസ്എഫ്ഐയെ പിന്തള്ളി മുന്നിലെത്താന്‍ കഴിയുന്നില്ല. എഐഎസ്എഫ്, എബിവിപി, എംഎസ്എഫ് തുടങ്ങിയ സംഘടനകളും കലാലയങ്ങളിലുണ്ട്. അവയ്ക്കും നാമമാത്രമായ സാന്നിധ്യമേയുള്ളു.
കാമ്പസുകളില്‍ തുടരുന്ന ഈ മേധാവിത്വം എസ്എഫ്ഐ എന്ന വിദ്യാര്‍ത്ഥി സംഘടനയില്‍ ജീര്‍ണത വളര്‍ത്തിയിട്ടുണ്ടോ ? സംഘടന വളരും തോറും അനഭിലഷണീയമായ പ്രവണതകളും നേതൃസ്ഥാനത്തിനു യോജിക്കാത്ത വ്യക്തികളും ഉള്ളില്‍ കടക്കാനുള്ള സാധ്യത കൂടുക സ്വാഭാവികം. കാട്ടാക്കടയിലും എറണാകുളത്തും കായംകുളത്തും കാണുന്ന സംഭവങ്ങള്‍ ഒരിക്കലും ഒരു സംഘടനയ്ക്കും ഭൂഷണമല്ല തന്നെ.
എസ്എഫ്ഐ മാത്രമല്ല, എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും അവയുടെ നേതൃത്വങ്ങളും സദാ ജാഗ്രതയോടെയിരിക്കണം. സിപിഎം, കോണ്‍ഗ്രസ് തുടങ്ങിയ മാതൃപാര്‍ട്ടികള്‍ക്കും തങ്ങളുടെ വിദ്യാര്‍ത്ഥി - യുവജന സംഘടനകളുടെ മേല്‍ ഒരു കണ്ണു വേണം.