ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയും ആധുനിക ഭാരതത്തിന്‍റെ സൃഷ്ടാവുമായ ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ പേരു മായിച്ചു കളയാന്‍ ബിജെപി സര്‍ക്കാരിന്‍റെ വക ഒരു നീക്കം കൂടി. നെഹ്റു സ്മാരക മ്യൂസിയം ആന്‍റ് ലൈബ്രറിയുടെ പേരില്‍ നിന്നാണ് 'നെഹ്റു'വിനെ ഏറ്റവുമവസാനം നീക്കം ചെയ്തത്. ഇനി അത് 'പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആന്‍റ് ലൈബ്രറി സൊസൈറ്റി'യായി അറിയപ്പെടും.
പ്രധാനമന്ത്രിയായിരിക്കെ ജവഹര്‍ലാല്‍ നെഹ്റു താമസിച്ച തീര്‍മൂര്‍ത്തി ഭവനാണ് 1964 -ല്‍ അദ്ദേഹത്തിന്‍റെ നിര്യാണത്തിനു ശേഷം നെഹ്റു സ്മാരക മ്യൂസിയമാക്കി മാറ്റിയത്.
1929 - 30 കാലത്തു നിര്‍മ്മിച്ചതാണ് ഈ വീട്. ബ്രിട്ടീഷ് ആധ്യപത്യത്തില്‍ നിന്ന് മോചനം നേടിയ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായി നെഹ്റു ചുമതലയേറ്റപ്പോള്‍ അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതിയാവുകയായിരുന്നു തീന്‍മൂര്‍ത്തി ഭവന്‍. നെഹ്റു മ്യൂസിയം ആന്‍റ് ലൈബ്രറി സൊസൈറ്റി എന്ന പേരിലുള്ള സ്ഥാപനമാണ് ഈ സ്മാരകത്തിന്‍റെ ചുമതല നിര്‍വഹിക്കുന്നത്.
നെഹ്റു ആരായിരുന്നുവെന്നും ഇന്ത്യയ്ക്ക് നൽകിയ സംഭാവനകളെന്തെന്നും ബിജെപിക്ക് കൃത്യമായി അറിയാം. അതുകൊണ്ടുതന്നെയാണ് നെഹ്റുവിനെ മറക്കാനും ജനങ്ങളില്‍ നിന്നു മറച്ചുവയ്ക്കാനും അവര്‍ ശ്രദ്ധിക്കുന്നത്. നെഹ്റുവിനു പകരം വെയ്ക്കാനൊരു നേതാവിനെ മുന്നോട്ടുവെയ്ക്കാന്‍ ബിജെപിക്കില്ല.
തീന്‍മൂര്‍ത്തി ഭവനില്‍ കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ പ്രധാനമന്ത്രി സംഗ്രഹാലയ ആരംഭിച്ചിരുന്നു. എല്ലാ പ്രധാനമന്ത്രിമാരുടെയും സംഭാവനകള്‍ പ്രദര്‍ശിപ്പിക്കുന്ന സ്ഥലം എന്നര്‍ത്ഥം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സൊസൈറ്റിയുടെ അധ്യക്ഷന്‍. വൈസ് പ്രസിഡന്‍റ് പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങും.
നെഹ്റുവിന്‍റെ സ്മരണ മായിച്ചുകളയാന്‍ ബിജെപി എന്താണ് ഇത്രയധികം പാടുപെടുന്നത് ? സ്വാതന്ത്ര്യസമര മുന്നേറ്റത്തിന്‍റെ നായകന്മാരിലൊരാളായിരുന്ന നെഹ്റു സ്വതന്ത്ര ഇന്ത്യയ്ക്കു നല്‍കിയ വിലപ്പെട്ട സംഭാവനകളെ അറിയാഞ്ഞിട്ടാണോ കേന്ദ്ര ഭരണ നേതൃത്വം ഇത്തരം നടപടികളിലേയ്ക്കു നീങ്ങുന്നത് ?
നെഹ്റു ആരായിരുന്നുവെന്നും ഇന്ത്യയ്ക്ക് എന്തൊക്കെ സംഭാവനകളാണ് അദ്ദേഹം ചെയ്തിട്ടുള്ളതെന്നും ഇന്ത്യയുടെ ചരിത്രത്തില്‍ സുവര്‍ണ ലിപികള്‍ കൊണ്ട് ആ പേര് എഴുതിവെച്ചിരിക്കുന്നതെന്തുകൊണ്ടെന്നും ബിജെപി നേതാക്കള്‍ക്കു വ്യക്തമായിത്തന്നെ അറിയാം. അതുകൊണ്ടുതന്നെയാണ് നെഹ്റുവിനെ മറക്കാനും ജനങ്ങളില്‍ നിന്നു മറച്ചുവയ്ക്കാനും അവര്‍ ശ്രദ്ധിക്കുന്നത്. നെഹ്റുവിനു പകരം വെയ്ക്കാനൊരു നേതാവിനെ മുന്നോട്ടുവെയ്ക്കാന്‍ ബിജെപിക്കില്ല എന്നതാണു വസ്തുത.
ഇന്ത്യയ്ക്ക് എല്ലാമെല്ലാമായിരുന്നു ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു. കൊടും ദാരിദ്യത്തില്‍ ജനിച്ച ഇന്ത്യാമഹാരാജ്യത്തെ ഒരു ആധുനിക രാജ്യമാക്കാനുള്ള സുശക്തമായ അടിത്തറയിട്ട ഭരണാധികാരി എന്ന നിലയിലാണ് ഇന്ത്യാ ചരിത്രത്തില്‍ നെഹ്റുവിന്‍റെ സ്ഥാനം. അതി വിശാലമായ കാഴ്ചപ്പാടും അങ്ങേയറ്റം സുതാര്യമായ ജനാധിപത്യ - മതേതര ബോധവും നെഹ്റുവിന്‍റെ പ്രത്യേകതകള്‍ തന്നെയായിരുന്നു.
എല്ലാ സമ്പത്തും പിഴിഞ്ഞെടുത്ത് ഇന്ത്യ വിട്ടുപോയ ബ്രിട്ടീഷ് സാമ്രാജ്യം അവശേഷിപ്പിച്ചത് ദരിദ്രവും ശുഷ്കവുമായ ഒരു രാജ്യത്തെയാണ്. കടുത്ത ദാരിദ്ര്യത്തിലായിരുന്ന ഒരു ജനത. വ്യവസായ സ്ഥാപനങ്ങളോ വിദ്യാഭ്യാസ സ്ഥാപനങ്ങളോ വാണിജ്യ സംവിധാനമോ ഇല്ലാത്ത ഒരു രാജ്യം. അവിടെനിന്നായിരുന്നു പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ തുടക്കം.
വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുന്ന ഒരു നയമാണ് നെഹ്റു രൂപീകരിച്ചത്. ഉന്നത വിദ്യാഭ്യാസത്തിന് തലയെടുപ്പുള്ള വമ്പന്‍ സ്ഥാപനങ്ങള്‍ അദ്ദേഹം സൃഷ്ടിച്ചു. സാങ്കേതിക വിദ്യ പഠിക്കാന്‍ ഐഐടി, മാനേജ്മെന്‍റ് പഠനത്തിന് ഐഐഎം എന്നിങ്ങനെ. മികവിന്‍റെ ആരോഗ്യ സ്ഥാപനമായി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, പ്രതിരോധ രംഗത്തെ ഗവേഷണത്തിന് ഡിഫന്‍സ് റിസര്‍ച്ച് ആന്‍റ് ഡവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ), ബഹിരാകാശ ഗവേഷണത്തിന് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) തുടങ്ങി എത്രയെത്ര സ്ഥാപനങ്ങള്‍ ! ഒക്കെയും വലിപ്പം കൊണ്ടും മികവു കൊണ്ടും ലോകത്തിന്‍റെ നെറുകയില്‍ നില്‍ക്കുന്നവ !
ലോകത്തെവിടെ മികച്ചതു കണ്ടാലും അത് ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാന്‍ ശ്രമിക്കുക നെഹ്റുവിന്‍റെ പതിവായിരുന്നു. ഒരിക്കല്‍ അമേരിക്കയിലെ പ്രശസ്തരായ രണ്ട് ആര്‍ക്കിടെക്ട്മാരെക്കുറിച്ച് നെഹ്റു അറിഞ്ഞു - ചാള്‍സ് ഊംസും ഭാര്യ റേ ഈംസും. ഫര്‍ണിച്ചര്‍ ഡിസൈനിലും മറ്റും അന്ന് വളരെ പ്രസിദ്ധരായിരുന്നവര്‍. ഇരുവരെയും നെഹ്റു ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് അവര്‍ ഡല്‍ഹിയിലെത്തി. നെഹ്റു അവരുമായി ദീര്‍ഘനേരം സംസാരിച്ചു. സ്വാതന്ത്ര്യം കിട്ടി സ്വന്തം നിലയ്ക്കു വളരാന്‍ തുടങ്ങുന്ന ഒരു രാജ്യമായ ഇന്ത്യയ്ക്ക് ഒരു സ്വന്തം ഡിസൈന്‍ പോളിസിയും ഡിസൈന്‍ പഠിപ്പിക്കാന്‍ സംവിധാനവും വേണമെന്ന ആവശ്യമാണ് നെഹ്റു അവരുടെ മുമ്പില്‍ വെച്ചത്.
ഇന്ത്യയിലൊട്ടാകെ സഞ്ചരിച്ച് ഈ രാജ്യത്തെ പ്രത്യേകതകള്‍ പഠിക്കാന്‍ നെഹ്റു അവരോടു നിര്‍ദേശിച്ചു. അവര്‍ ഇന്ത്യ മുഴുവന്‍ ചുറ്റി സഞ്ചരിച്ചു. എന്നിട്ട് വിശദമായൊരു റിപ്പോര്‍ട്ട് നെഹ്റുവിനു സമര്‍പ്പിച്ചു. 'ഇന്ത്യാ റിപ്പോര്‍ട്ട്' എന്നായിരുന്നു ആ റിപ്പോര്‍ട്ടിന്‍റെ പേര്. 1958 -ല്‍ തയ്യാറാക്കിയ ആ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് പ്രധാനമന്ത്രി നെഹ്റു അഹമ്മദ് ബാദ് കേന്ദ്രമാക്കി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍ഐഡി) എന്ന സ്ഥാപനം തുടങ്ങിയത്. 1961 -ല്‍ കാറും കംപ്യൂട്ടറും മുതല്‍ ആധുനിക ലോകത്ത് നമുക്കു ചുറ്റും കാണുന്ന ചെറുതും വലുതുമായ വസ്തുക്കള്‍ക്കൊക്കെയും രൂപവും ഭംഗിയും നല്‍കുന്നതില്‍ എന്‍ഐഡിയില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് വലിയ പങ്കുണ്ട്.
ലോകത്തെ പ്രുമഖ കാര്‍ കമ്പനികള്‍ മുതല്‍ വിവിധങ്ങളായ ആധുനിക ഉല്‍പന്നങ്ങള്‍ വരെ നിര്‍മ്മിക്കുന്ന പലതരം സ്ഥാപനങ്ങല്‍ വരെ ഇന്ത്യയില്‍ പലേടത്തുമുള്ള എന്‍ഐഡിയില്‍നിന്നു വൈദഗ്ദ്ധ്യം നേടിയ ഡിസൈന്‍ വിദഗ്ദ്ധരെ കാത്തിരിക്കുന്നു. പുതിയ ഉല്‍പ്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ രൂപം നല്‍കാന്‍ അവര്‍ക്ക് എന്‍ഐഡിയില്‍ നിന്നുള്ള വിദഗ്ദ്ധരെ വേണം.
ഐടിഐ, ഭാരത് ഇലക്ട്രോണിക്സ്, ഓയില്‍ ആന്‍റ് നാച്ചുറല്‍ ഗ്യാസ് കമ്പനി (ഒഎന്‍ജിസി) തുടങ്ങി ധാരാളം വന്‍കിട സ്ഥാപനങ്ങള്‍ പൊതുമേഖലയില്‍ത്തന്നെ തുടങ്ങാനും നെഹ്റു യത്നിച്ചു. കുറെ സ്ഥാപനങ്ങളൊക്കെ പില്‍ക്കാലത്തു വിറ്റുകളഞ്ഞെങ്കിലും ചിലതെല്ലാം ഇന്നും തല ഉയര്‍ത്തിത്തന്നെ നില്‍ക്കുന്നു.
അതെ. രാജ്യനിര്‍മിതിക്കു ആവശ്യം വേണ്ടത് വന്‍ സ്ഥാപനങ്ങളാണെന്ന് നെഹ്റു പണ്ടേ അറിഞ്ഞു. അതിനു വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചു. ജനങ്ങളുണ്ടെങ്കില്‍ സമൂഹമേ ഉണ്ടാവുള്ളു എന്നും രാഷ്ട്രമുണ്ടാവണമെങ്കില്‍ വലിയ സ്ഥാപനങ്ങളുണ്ടാവണമെന്നുമുള്ള സത്യം മനസിലാക്കിയ നേതാവാണ് നെഹ്റു.
ഇന്ത്യയെ ഇന്നത്തെ നിലയിലേയ്ക്കു നിര്‍മിച്ചു വളര്‍ത്തിയെടുത്ത നേതാവാണ് ജവഹര്‍ലാല്‍ നെഹ്റു. ആരൊക്കെ മറക്കാനും മറയ്ക്കാനും ശ്രമിച്ചാലും അദ്ദേഹം സൃഷ്ടിച്ച വന്‍ സ്ഥാപനങ്ങള്‍ രാഷ്ട്രം നിര്‍മിച്ച ആ വലിയ നേതാവിന്‍റെ സ്മരണകളായി നിലനില്‍ക്കുക തന്നെ ചെയ്യും.