Advertisment

ബ്രഹ്മപുരത്തെ തീ അണയ്ക്കാന്‍ നിലവിലെ രീതി ഉചിതമെന്ന് യു എസ് വിദഗ്ധൻ ജോർജ് ഹീലി, അമേരിക്കയില്‍ നിന്ന് വിദഗ്ധോപദേശം തേടി ജില്ലാ ഭരണകൂടം

author-image
Charlie
New Update

publive-image

Advertisment

എറണാകുളം : ബ്രഹ്മപുരത്തെ തീ അണയ്ക്കുന്നതിന് നിലവിലെ രീതിയാണ് ഉചിതമെന്നും തീ അണച്ച മേഖലകളിൽ അതീവ ജാഗ്രത തുടരണമെന്നും ന്യൂയോർക്ക് സിറ്റി ഫയർ ഡിപ്പാർട്ട്മെന്റിന്റെ ഡപ്യൂട്ടി ചീഫ് ജോർജ് ഹീലി. ജില്ലാ കളക്ടർ എൻ എസ് കെ. ഉമേഷ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ എൽ കുര്യാക്കോസ്, വെങ്കിടാചലം അനന്തരാമൻ ( ഐ.ഐ.ടി ഗാന്ധിനഗർ) എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഓൺലൈൻ യോഗത്തിലാണ് ജോർജ് ഹീലി ബ്രഹ്മപുരത്തെ സാഹചര്യം വിലയിരുത്തിയത്.

തീ കെടുത്തിയ ഭാഗങ്ങളിൽ വീണ്ടും മാലിന്യം കൂന കൂട്ടരുത്. ഉൾഭാഗങ്ങളിൽ വെള്ളം എത്തിക്കാനാകാതെ പുകയുന്ന മാലിന്യക്കൂനകളിൽ ക്ലാസ് എ ഫോം ഉപയോഗിക്കാം. അതേസമയം മുകളിൽ മണ്ണിന്റെ ആവരണം തീർക്കുന്നത് പ്രയോജനപ്രദമല്ല. അഗ്നിശമന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ മുഖാവരണം ധരിക്കണമെന്നും ജോർജ് ഹീലി നിർദേശിച്ചു. പുറമെ തീ അണഞ്ഞതായി തോന്നുമെങ്കിലും തീ ആളാനുള്ള സാധ്യത തള്ളിക്കളയാൻ ആവില്ലെന്നും നിരന്തര നിരീക്ഷണം നടത്തണമെന്നും ഹീലി പറഞ്ഞു. മാലിന്യങ്ങൾ മറ്റൊരിടത്തേക്ക് മാറ്റി വെള്ളത്തിൽ കുതിർത്തുന്ന രീതി, ബ്രഹ്മപുരത്തെ സ്ഥല പരിമിതിയും ചില ഭാഗങ്ങളിലേക്ക് എത്തിച്ചേരാനുള്ള പ്രയാസവും മൂലം പ്രായോഗികമാകില്ലെന്നും യോഗം വിലയിരുത്തി.

പുകയുന്ന ഭാഗങ്ങളിൽ അഗ്നിശമനസേനയുടെ പ്രവർത്തനം ഉണ്ടാകണം. തീയണഞ്ഞ ഭാ​ഗങ്ങളിൽ കെടുത്തിയ ഭാഗങ്ങളിൽ മുൻകരുതൽ തുടരണം. പുറമേക്ക് ദൃശ്യമല്ലാത്ത കനലുകൾ കണ്ടെത്തുന്നതിനായി തെർമൽ (ഇൻഫ്രാറെഡ്) ക്യാമറകൾ ഘടിപ്പിച്ച ഡ്രോണുകൾ ഉപയോഗിക്കാം. തീ കെടുത്തിയ ഭാഗങ്ങൾ ആഴത്തിൽ കുഴിച്ച് കനലുകളും പുകയും ഇല്ലെന്ന് ഉറപ്പു വരുത്തണം. ബ്രഹ്മപുരത്തും പരിസര പ്രദേശത്തും വായു, വെള്ളം നിലവാരം നിരന്തരമായി നിരീക്ഷിക്കണമെന്നും ജോർജ് ഹീലി നിർദേശിച്ചു.

Advertisment