രാജ്യത്താകെ ജൂണിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില്പനയിൽ 60 ശതമാനം ഇടിവുണ്ടായി. മേയിൽ വില്പന സർവകാല റെക്കാഡായ 1.05 ലക്ഷം, ജൂണിൽ 45,734 എണ്ണമായി കുറഞ്ഞു. 2022 ജൂണിലെ 43,919 എണ്ണത്തിന് ശേഷം കുറിക്കുന്ന ഏറ്റവും താഴ്ന്ന വില്പനയാണ് കഴിഞ്ഞമാസത്തേത്. ഒല 39 ശതമാനം, ഏഥർ 71 ശതമാനം, ഹീറോ ഇലക്ട്രിക് 24 ശതമാനം, ടി.വി.എസ് 62 ശതമാനം എന്നിങ്ങനെ പ്രമുഖ കമ്പനികളെല്ലാം ജൂണിൽ നഷ്ടം നേരിട്ടു.
ഇലക്ട്രിക് വാഹനങ്ങൾക്ക് ഫെയിം2 പ്രകാരം അനുവദിച്ചിരുന്ന സബ്സിഡിയിൽ ജൂൺ ഒന്നുമുതൽ കുറവ് വരുത്തിയിരുന്നു. ഇ.വി. ഇരു ചക്രവാഹനങ്ങൾക്ക് എക്സ്ഷോറൂം വിലയുടെ 40 ശതമാനമോ അല്ലെങ്കിൽ ബാറ്ററി കലോവാട്ട് അവറിന് 15,000 രൂപയോ (ഇതിൽ ഏതാണോ കുറവുള്ളത്) സബ്സിഡി നേരത്തെ നല്കിയിരുന്നു. ഇത് കഴിഞ്ഞ മാസം മുതൽ എക്സ്ഷോറൂം വിലയുടെ 15 ശതമാനം അല്ലെങ്കിൽ ബാറ്ററി കിലോവാട്ട് അവറിന് 10,000 രൂപ (ഇതിൽ കുറവുള്ളത്) എന്നാക്കി കുറയ്ക്കുകയായിരുന്നു. ഇത് കാരണം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് കഴിഞ്ഞമാസം 6,000 രൂപ മുതൽ 32,000 രൂപവരെ വർദ്ധിച്ചെന്നാണ് ഏകദേശ കണക്ക്.
സബ്സിഡി കുറഞ്ഞതോടെ, വിലയിലുണ്ടാകുന്ന ബാദ്ധ്യതയുടെ ചെറിയപങ്ക് ചില കമ്പനികൾ ഏറ്റെടുത്തെങ്കിലും ഉപയോക്താക്കൾ കൂടുതൽ തുക ചെലവഴിക്കേണ്ടി വന്നത് വില്പനയെ ബാധിച്ചിട്ടുണ്ട്.സംസ്ഥാനത്ത് പ്രമുഖ ഇലക്ട്രിക് ഇരുചക്ര നിർമ്മാതാക്കളായ ഒലയുടെ വില്പന മേയിലെ 2,619ൽ നിന്ന് ജൂണിൽ 1,895 ആയി കുറഞ്ഞു. ഏഥറിന്റെ വില്പന മേയിലെ 2,169ൽ നിന്ന് 623 എണ്ണമായി ഇടിഞ്ഞു. ഹീറോ ഇലക്ട്രിക്കിന്റെ വില്പന 95 എണ്ണത്തിൽ നിന്ന് 64 ആയും കുറഞ്ഞു.
സംസ്ഥാനത്ത് ഇലക്ട്രിക് വാഹന (ഇ.വി.)ങ്ങളുടെ വില്പനയിൽ കുറവ്. കേരളത്തിൽ മേയിൽ 8,635 യൂണിറ്റ് വൈദ്യുത വാഹനങ്ങൾ വിറ്റഴിച്ചപ്പോൾ ജൂണിലെ വില്പന 5,119 യൂണിറ്റായി കുറഞ്ഞതായി പരിവാഹൻ പോർട്ടലിലെ കണക്കുകൾ വ്യക്തമാക്കുന്നു. ഇലക്ട്രിക് വാഹനങ്ങൾക്ക് നൽകി വന്നിരുന്ന സബ്സിഡി വെട്ടിക്കുറച്ചത് രാജ്യത്തുടനീളം ഈ വിഭാഗത്തിലെ വില്പന കുറയാൻ കാരണമായി. ഇത് കേരളത്തിലും പ്രതിഫലിക്കുകയായിരുന്നു.