ഇൻവിക്റ്റോയുടെ ടീസർ വിഡിയോ പുറത്തുവിട്ട് മാരുതി സുസുക്കി. ടൊയോട്ട ഹൈക്രോസിനെ അടിസ്ഥാനപ്പെടുത്തിയാണ് പുറത്തിറക്കുന്നതെങ്കിലും ഏറെ മാറ്റങ്ങൾ വാഹനത്തിനുണ്ടെന്നാണ് ടീസർ വിഡിയോ സൂചിപ്പിക്കുന്നത്. നെക്സയുടെ മറ്റു വാഹനങ്ങളിൽ കാണുന്ന മൂന്ന് ഡോട്ട് പാറ്റേൺ ഡിആർഎൽ ഹെഡ്‌ലാംപ്, പുതിയ ടെയിൽ ലാംപ്, ഹണികോമ്പ് ഫിനിഷിലുള്ള പുതിയ ഗ്രിൽ, ഗ്രാൻഡ് വിറ്റാരയ്ക്ക് സമാനമായി ഹെഡ്‌ലാംപുകളെ യോജിപ്പിച്ചുകൊണ്ടുള്ള ക്രോം സ്ട്രിപ്പ്, പുതിയ ഡിസൈനിലുള്ള ഡ്യുവൽടോൺ അലോയ് വീലുകൾ, മാറ്റങ്ങൾ വരുത്തിയ മുൻ–പിൻ ബംബർ, ഇന്റീരിയർ എന്നിവ ഇൻവിക്റ്റോയിലുണ്ട്.
ഇന്നോവ ഹൈക്രോസിലെ ഹൈബ്രിഡ് എൻജിൻ മാത്രമാണ് ഇൻവിക്റ്റോയിലുണ്ടാകുക. 183 ബിഎച്ച്പി കരുത്തുള്ള 2 ലീറ്റർ പെട്രോൾ ഹൈബ്രിഡ് എൻജിനും ഇ സിവിടി ഗിയർബോക്സുമാണ് വാഹനത്തിന്. ലീറ്ററിന് 21 കിലോമീറ്ററിൽ അധികം ഇന്ധനക്ഷമത ഹൈബ്രിഡിൽ നിന്ന് ലഭിക്കും. ഹൈബ്രിഡ് മാത്രമായിരിക്കു പുതിയ വാഹനത്തിലെന്ന് മാരുതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പെട്രോൾ പതിപ്പിന്റെ ബുക്കിങ് നിലവിൽ സ്വീകരിക്കുന്നില്ല.
ടൊയോട്ടയുടെ ബെംഗളൂരുവിലെ ബിഡഡി ശാലയിലാണ് വാഹനം നിർമിക്കുക. ടൊയോട്ടയുടെ ടിഎൻജിഎ–സി ആർക്കിടെക്ച്ചറിലാണ് എംപിവിയുടെ നിർമാണം. ഇന്നോവ ഹൈക്രോസിലുള്ള എഡിഎഎസ് ഫീച്ചറുകൾ ഇല്ലാതെയായിരിക്കും മാരുതി പതിപ്പ് വിപണിയിലെത്തുക.