ഹൈബ്രിഡ് വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കി ചണ്ഡിഗഡ്. മാർച്ച് 18, 2023 മൂന്നു മുതൽ മാർച്ച് 17, 2028 വരെയുള്ള അഞ്ചുവർഷ കാലയളവിൽ ചണ്ഡിഗഡ് യൂണിയൻ ടെറിറ്ററിക്ക് കീഴിൽ രജിസ്റ്റർ ചെയ്യുന്ന സ്ട്രോങ് ഹൈബ്രിഡ്, പ്ലഗ് ഇൻ ഹൈബ്രിഡ് വാഹനങ്ങളുടെ റോഡ് നികുതിയാണ് ഒഴിവാക്കിയത്. ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതിയും റജിസ്ട്രേഷൻ ഫീസും ചണ്ഡിഗഡ് നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു.
റോഡ് നികുതി ഒഴിവാക്കിയതോടെ 18 ലക്ഷം രൂപ വില വരുന്ന വാഹനം റജിസ്റ്റർ ചെയ്യുമ്പോൾ ഉടമയ്ക്ക് ഏകദേശം 78000 രൂപ വരെ ലാഭിക്കാം. 2022 ൽ നിലവിൽ വന്ന ഇലക്ട്രിക് വെഹിക്കിൾ പോളിസി പ്രകാരം ചണ്ഡിഗഡിനെ അഞ്ചുവർഷത്തിനുള്ളിൽ മോഡൽ ഇലക്ട്രിക് സിറ്റിയായി മാറ്റുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ ഇളവുകൾ. ഇലക്ട്രിക് വാഹനങ്ങൾക്ക് 3000 രൂപ മുതൽ 2 ലക്ഷം രൂപ വരെ ഇൻസെന്റീവും നൽകുന്നുണ്ട്.
വിവിധ വിഭാഗങ്ങളിലുള്ള 42000 വാഹനങ്ങൾക്കായിരിക്കും ഇൻസെന്റീവ് നൽകുക. ഇതിൽ 25000 ഇലക്ട്രിക് ഓട്ടോറിക്ഷകളും 10000 ഇലക്ട്രിക് ബൈക്കുകളും 3000 കാറുകളുമുണ്ട്. 2022 സെപ്റ്റംബർ 20 മുതൽ 2027 സെപ്റ്റംബർ 19 വരെ റജിസ്റ്റർ ചെയ്യുന്ന വാഹനങ്ങള്‍ക്കാണ് ഇൻസെന്റീവ് നൽകുന്നത്. ഇവി പോളിസി നിലവിൽ വന്നതിന് ശേഷം 420 ഇലക്ട്രിക് കാറുകളും 1233 ഇലക്ട്രിക് ബൈക്കുകളും 2036 ഹൈബ്രിഡ് കാറുകളും ചണ്ഡിഗഡിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്. 2017 മുതൽ 2022 വരെയുള്ള കാലയളവിൽ ഇത് 3000-മായിരുന്നു.
ചണ്ഡിഗഡ് ഇവി പോളിസി പ്രകാരം ഓരോ വർഷവും നിശ്ചിത ശതമാനം ഇലക്ട്രിക് വാഹനങ്ങൾ റജിസ്റ്റർ ചെയ്യണം. ആദ്യ വർഷം റജിസ്റ്റർ ചെയ്യുന്ന പാസഞ്ചർ ഓട്ടോറിക്ഷകളിൽ 100 ശതമാനവും ഇരുചക്രവാഹനങ്ങളിൽ 35 ശതമാനവും ഗുഡ്സ് ഓട്ടോകളും ഗുഡ്സ് നാലുചക്രവാഹനങ്ങളിലും 20 ശതമാനം സ്വകാര്യ കാറുകളിൽ 10 ശതമാനവും കോമേഷ്യൽ കാറുകളിൽ 20 ശതമാനവും ബസുകളിൽ 40 ശതമാനവും ഇലക്ട്രിക് ആയിരിക്കണം.
രണ്ടാം വർഷം പാസഞ്ചർ ഓട്ടോറിക്ഷകളിൽ 100 ശതമാനവും ഇരുചക്രവാഹനങ്ങളിൽ 70 ശതമാനവും ഗുഡ്സ് ഓട്ടോകളും ഗുഡ്സ് നാലുചക്രവാഹനങ്ങളിലും 40 ശതമാനം സ്വകാര്യ കാറുകളിൽ 20 ശതമാനവും കോമേഷ്യൽ കാറുകളിൽ 40 ശതമാനവും ബസുകളിൽ 50 ശതമാനവും ഇലക്ട്രിക് ആയിരിക്കണം.