Advertisment

നമ്പി നാരായണനെയും മറിയം റഷീദയേയും താമസിപ്പിച്ചിരുന്ന ചെന്നൈയിലെ സിബിഐ ഓഫീസായ മല്ലികയിലേയ്ക്ക് അടിയന്തിരമായി വിളിച്ചുവരുത്തിയപ്പോള്‍ രമണ്‍ ശ്രീവാസ്തവ ഉറപ്പിച്ചിരുന്നു, അറസ്റ്റ് ഉണ്ടാകുമെന്ന്. രക്ഷപെട്ടത് ഭാഗ്യംകൊണ്ട് മാത്രം. അതിന്‍റെ പേരില്‍ കരുണാകരനെ ബലിയാടാക്കിയ ഉമ്മന്‍ ചാണ്ടിതന്നെ ഒടുവില്‍ ശ്രീവാസ്തവയ്ക്ക് ഡിജിപി പദവി നല്‍കി - പോലീസ് ചരിത്രത്തില്‍ ശ്രീവാസ്തവ എന്ന ഒരദ്ധ്യായമുണ്ട് - അള്ളും മുള്ളും പംങ്തിയില്‍ ജേക്കബ് ജോര്‍ജ് (മൂന്നാം ഭാഗം)

author-image
ജേക്കബ് ജോര്‍ജ്
Updated On
New Update

publive-image

Advertisment

അഴിമതിയും ക്രമക്കേടുമൊന്നും തൊട്ടുതീണ്ടിയിട്ടുപോലുമില്ലാത്ത വ്യക്തിത്വമായിരുന്നു കെ.ജെ ജോസഫിന്‍റേത്. അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് പോലീസ് സേനയ്ക്ക് പട്രോളിങ്ങിനായി ടൊയോട്ടാ ക്വാളിസ് വാഹനങ്ങള്‍ വാങ്ങിയത്. ക്വാളിസ് ഇന്ത്യയില്‍ ഇറങ്ങിയ സമയമായിരുന്നു അത്. പോലീസിന്‍റെ രാത്രി പട്രോളിങ്ങ് അദ്ദേഹം ശക്തമാക്കി.

രാത്രി പോലീസിന്‍റെ സാന്നിദ്ധ്യം റോഡുകളിലുണ്ടാവണമെന്നതായിരുന്നു കെ.ജെ ജോസഫിന്‍റെ പക്ഷം. ഒരിക്കല്‍ അദ്ദേഹം പറഞ്ഞു: "അക്രമികളും കള്ളന്മാരും പൊതുവെ രാത്രിയിലാണിറങ്ങുക. തങ്ങളുടെ കൃത്യം കഴിഞ്ഞ് അവര്‍ മടങ്ങുന്നത് റോഡിലൂടെയാകും. അവിടെ പോലീസുണ്ടാകണം. എങ്കില്‍ അക്രമവും മോഷണവുമെല്ലാം കുറയും."

ഈ പട്ടികയില്‍ രണ്ടുപേര്‍ കൂടിയുണ്ട് - രമണ്‍ ശ്രീവാസ്തവയും ജേക്കബ് പുന്നൂസും. ഇന്ത്യയില്‍ ഒരു ഐപിഎസ് ഉദ്യോഗസ്ഥനു നേരേയുണ്ടാകുന്ന ഏറ്റവും ഭയങ്കരവും ഭയാനകവുമായ പീഡനങ്ങളിലൂടെ കടന്നുപോയ ആളാണ് രമണ്‍ ശ്രീവാസ്തവ. അദ്ദേഹത്തിന്‍റെ പേരില്‍ കേരള രാഷ്ട്രീയത്തിലെ ഏറ്റവും തലയെടുപ്പുള്ള നേതാക്കളിലൊരാളായ കെ. കരുണാകരന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചൊഴിയേണ്ടിയും വരികയും ചെയ്തു. ഒരു കാലത്തു കേരള സമൂഹത്തെയും കേരള രാഷ്ട്രീയത്തെയും പിടിച്ചു കുലുക്കിയ ഐഎസ്ആര്‍ഒ ചാരക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട രമണ്‍ ശ്രീവാസ്തവയുടെ കഥ രാഷ്ട്രീയത്തിലെ തന്നെ പേടിപ്പിക്കുന്ന ഒരദ്ധ്യായമാണ്.


ആ അദ്ധ്യായം തുടങ്ങുന്നത് തിരുവനന്തപുരത്തെ കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ ഓഫീസില്‍ നിന്ന്. 1994 ഡിസംബര്‍ ഒന്നാം തീയതി ഐബിയുടെ തിരുവനന്തപുരം ജോയിന്‍റ് ഡയറക്ടര്‍ ഡല്‍ഹിയിലെ ഡയറക്ടര്‍ക്ക് ഒരു റിപ്പോര്‍ട്ട് അയക്കുന്നു. റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം ഇതാണ്: "തിരുവനന്തപുരത്തു ചുരുളഴിഞ്ഞുകൊണ്ടിരിക്കുന്ന ചാര കേസിലെ ഉള്ളറകളിലെ ഒരു പ്രധാന കണ്ണി ഐജി രമണ്‍ ശ്രീവസ്തവയാണെന്നു തെളിഞ്ഞുകൊണ്ടിരിക്കുകയാണ്."


13 ദിവസത്തിനു ശേഷം കേരള ഹൈക്കോടതിയുടെ ഒരു ഡിവിഷന്‍ ബെഞ്ച് ഈ രഹസ്യ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി വിധിയെഴുതി - ചാരക്കേസ് പ്രതികളുമായി രമണ്‍ ശ്രീവാസ്തവയ്ക്കു ബന്ധമുണ്ട്.

കേന്ദ്രത്തിനു റിപ്പോര്‍ട്ട് എഴുതിയ ദിവസം തന്നെ, ഉച്ചതിരിഞ്ഞ് മാത്യു ജോണും ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.ബി ശ്രീകുമാറും കേരളാ പോലീസ് ഡിജിപി ടി.വി മധൂസുദനനെ കാണാന്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലെത്തി. നേരത്തെ അറിയിക്കാതെയെത്തിയ രണ്ടുദ്യോഗസ്ഥരും നേരേ ഡിജിപിയുടെ മുറിയിലേയ്ക്കു കടന്നു ചെന്നു. ആ സമയത്ത് ഐജി സിബി മാത്യൂസും ഡിവൈഎസ്‌പി ബാബുരാജും ഡിജിപിയുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ശ്രീവാസ്തവയെ ഉടന്‍ സസ്പെന്‍റ് ചെയ്യുകയും അറസ്റ്റ് ചെയ്യുകയും വേണം - മാത്യു ജോണ്‍ ആവശ്യപ്പെട്ടു. രമണ്‍ ശ്രീവാസ്തവയ്ക്കെതിരെ ഒരു തെളിവും ഇതുവരെ കിട്ടിയിട്ടില്ലെന്ന് സിബി മാത്യൂസ് ഐബി ഉദ്യോഗസ്ഥരോടു പറഞ്ഞു. മാത്യു ജോണിന് ആ മറുപടി ഇഷ്ടപ്പെട്ടില്ല. അദ്ദേഹം സിബി മാത്യൂസിനോടു കയര്‍ത്തു. സിബി മാത്യൂസ് തിരിച്ചും ചൂടായി. ഡിജിപി മധുസൂദനന്‍ ഇടപെട്ടു. "മതി മതി. മതിയായ തെളിവില്ലാതെ ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുന്ന പ്രശ്നമില്ല," അദ്ദേഹത്തിന്‍റെ മറുപടി.

മാത്യു ജോണും ആര്‍.ബി ശ്രീകുമാറും കോപത്തോടെ ഡിജിപിയുടെ മുറിവിട്ടിറങ്ങി. മാത്യു ജോണ്‍ ബൂട്ടിട്ട കാലുകൊണ്ട് ആഞ്ഞു ചവുട്ടിയാണ് പുറത്തേക്കിറങ്ങിയത്.


അന്നു വൈകിട്ടുതന്നെ മാത്യു ജോണും ആര്‍.ബി ശ്രീകുമാറും ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി കെ. കരുണാകരനെ കണ്ടു. രമണ്‍ ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യാന്‍ ഡിജിപിക്കു നിര്‍ദേശം നല്‍കണമെന്ന് അവര്‍ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു. അവര്‍ പറഞ്ഞതൊക്കെയും കരുണാകരന്‍ ശ്രദ്ധയോടെ കേട്ടു. ഒന്നും പറയാതിരുന്ന കരുണാകരന്‍ ഒരുറപ്പും നല്‍കാതെ അവരെ യാത്രയാക്കി. പിറ്റേന്ന്, ഡിസംബര്‍ രണ്ടാം തീയതി, കരുണാകരന്‍ കേന്ദ്ര പേഴ്സണല്‍ വകുപ്പു മന്ത്രി മാര്‍ഗരറ്റ് ആല്‍വയെ ഫോണില്‍ വിളിച്ചു. ഐഎസ്ആര്‍ഒ കേസ് അന്നുതന്നെ സിബിഐ ഏറ്റെടുത്തു.


ഐബിയും കേരള പോലീസും കൂടി കെട്ടിച്ചമച്ചതാണ് ഐഎസ്ആര്‍ഒ ചാരക്കേസ് എന്നാണ് സിബിഐയുടെ വിശദമായ അന്വേഷണത്തില്‍ തെളിഞ്ഞത്. ശ്രീവാസ്തവയ്ക്കെതിരെ ഐബിയുടെയും കേരളാ പോലീസിന്‍റെയും ഉദ്യോഗസ്ഥര്‍ ഒരുക്കിയിരുന്നത് കള്ളത്തെളിവുകള്‍ മാത്രം. 1994 ഡിസംബര്‍ 17 -ാം തീയതി കാലത്ത് ഐഎസ്ആര്‍ഒ കേസ് അന്വേഷിക്കുന്ന സിബിഐ ജോയിന്‍റ് ഡയറക്ടര്‍ എം.എല്‍ ശര്‍മ നേരിട്ട് ശ്രീവാസ്തവയെ ഫോണില്‍ വിളിച്ചു.

ഇന്നുതന്നെ ചെന്നൈയില്‍ സിബിഐ ഓഫീസായ 'മല്ലിക'യിലെത്തണം. ശ്രീവാസ്തവ പേടിച്ചു വിറച്ചു. വൈകിട്ടത്തെ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ചെന്നൈയിലേയ്ക്ക്. അവിടെ നമ്പി നാരായണനെയും മറിയം റഷീദയെയും കേസിലെ മറ്റു പ്രതികളെയും വിളിച്ച് അദ്ദേഹത്തിനു മുന്നില്‍ നിര്‍ത്തി. നമ്പി നാരായണന് അതാരെന്നു മനസിലായതേയില്ല. മറിയം റഷീദയ്ക്കു മനസിലായി. കേരളാ പോലീസിലെ ഒരു ഇന്‍സ്പെക്ടര്‍ വിവിധ ഫോട്ടോകള്‍ കാണിച്ച് ഇതാണു രമണ്‍ ശ്രീവാസ്തവ എന്ന് ശരിക്കു പഠിപ്പിച്ചിരുന്നതുകൊണ്ട്. പിറ്റേന്ന് ശ്രീവാസ്തവ തിരുവനന്തപുരത്തേയ്ക്കു മടങ്ങി. ഈ കേസില്‍ ശ്രീവാസ്തവയ്ക്ക് പങ്കൊന്നുമില്ലെന്നു സിബിഐ ഉറപ്പിച്ചു കഴിഞ്ഞിരുന്നു.

ഐഎസ്ആര്‍ഒ ചാരക്കേസ് കേരളത്തിലെ പത്രങ്ങള്‍ക്ക് വലിയ വിരുന്നു തന്നെയായിരുന്നു. പക്ഷേ എന്തോ ഒരു ഭാഗ്യംകൊണ്ട് ഞാന്‍ അതിലേയ്ക്ക് എടുത്തു ചാടിയില്ല. തന്‍റെ പത്രാധിപര്‍ ശേഖര്‍ ഗുപ്ത പലതവണ എന്നോടു ചോദിച്ചു എന്താണ് ഇതേപ്പറ്റി ഒന്നും റിപ്പോര്‍ട്ട് ചെയ്യാത്തതെന്ന്. എനിക്ക് അത്രകണ്ടു വിശ്വാസം വന്നില്ലെന്ന ഒഴുക്കന്‍ മറുപടി പറഞ്ഞു ഞാന്‍ പിടിച്ചു നിന്നു.

ഒടുവില്‍ സിബിഐ ഉദ്യോഗസ്ഥരെ കണ്ടാലോ എന്ന് ശേഖര്‍ ഗുപ്തയുടെ നിര്‍ദേശം. ഞാന്‍ അവരോടു ബന്ധപ്പെട്ടു. സിബിഐ സംഘം കൊച്ചിയിലാണ്. കൊച്ചിയില്‍ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിന്‍റെ ഗസ്റ്റ് ഹൗസില്‍. ജോയിന്‍റ് ഡയറക്ടര്‍ എം.എല്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സിബിഐ സംഘത്തിനാണ് ചാരക്കേസ് അന്വേഷണ ചുമതല.

publive-image


എം.എല്‍ ശര്‍മയുമായി ബന്ധപ്പെട്ടപ്പോള്‍ രാത്രി കാണാമെന്നു പറഞ്ഞു. മൂന്നു രാവുകള്‍ എനിക്കു സംഭവബഹുലമായിരുന്നു. എം.എല്‍ ശര്‍മയും ഡിഐജി പി.എം നായരും എനിക്കുമുമ്പിലിരുന്ന് അവരുടെ അന്വേഷണത്തില്‍ കിട്ടിയ കാര്യങ്ങള്‍ വിശദീകരിക്കുകയാണ്. അടുത്ത ലക്കം 'ഇന്ത്യാടുഡേ' കേരളത്തെ ഞെട്ടിക്കുന്ന ആ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ഐബിയുടെയും പോലീസിന്‍റെയും കേസ് നുണക്കഥകളാണെന്നായിരുന്നു ആ റിപ്പോര്‍ട്ട്.


ചാരക്കേസില്‍ പ്രതിയായ രമണ്‍ ശ്രീവാസ്തവയെ സംരക്ഷിക്കുന്ന കെ. കരുണാകരനെതിരെ കോണ്‍ഗ്രസില്‍ കലാപം മൂര്‍ഛിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയായിരുന്നു കരുക്കള്‍ നീക്കിയത്. ഒടുവില്‍ കരുണാകരന്‍ വീണു. പകരം എ.കെ ആന്‍റണി മുഖ്യമന്ത്രിയായി. 1996 -ല്‍ ഇടതുമുന്നണി അധികാരത്തില്‍ വരികയും ഇ.കെ നായനാര്‍ മുഖ്യമന്ത്രിയാവുകയും ചെയ്തു.

2001 -ല്‍ ആന്‍റണി വീണ്ടും മുഖ്യമന്ത്രി. 2004 -ല്‍ ആന്‍റണി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചപ്പോള്‍ പകരം മുഖ്യമന്ത്രിയായത് ഉമ്മന്‍ ചാണ്ടി. അധികം താമസിയാതെ ഡിജിപി സ്ഥാനത്ത് ഒഴിവു വന്നു. സീനിയോറിറ്റിയില്‍ മുമ്പന്‍ രമണ്‍ ശ്രീവാസ്തവ. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആ വലിയ തീരുമാനമെടുത്തു - രമണ്‍ ശ്രീവാസ്തവ ഡിജിപിയായി.

പിന്നീട് വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോഴും ഡിജിപിയായി ശ്രീവാസ്തവ തുടര്‍ന്നു. അപ്പോഴേയ്ക്ക് ജേക്കബ് പുന്നൂസ് ഇന്‍റലിജന്‍സ് ഡിജിപിയായി. പിന്നീട് ഡിജിപിയും. പ്രാഗത്ഭ്യത്തോടെയും തിക‍ഞ്ഞ പക്വതയോടെയും ദീര്‍ഘകാലം കേരളാ പോലീസിനെ നയിച്ച മേധാവിയാണ് ജേക്കബ് പുന്നൂസ്. ആരോപണങ്ങളൊന്നും കേള്‍പ്പിച്ചില്ല. വിവാദങ്ങള്‍ ഉണ്ടായതുമില്ല.

കേരളാ ബ്യൂറോക്രസിക്കും പോലീസിനും ഒരേ ദിവസം പുതിയ മേധാവികള്‍ സ്ഥാനമേറ്റ പശ്ചാത്തലത്തിലാണ് ഈ നീണ്ട കുറിപ്പ്. ഐഎഎസിനായാലും പോലീസിനായാലും എപ്പോഴും ഉന്നതരായ വ്യക്തികള്‍ തന്നെ തലപ്പത്തെത്തി. ആ സ്ഥാനത്തേയ്ക്ക് ഇതാ പുതിയ മേധാവികള്‍. ചീഫ് സെക്രട്ടറിയായി ഡോ. വി. വേണുവും ഡിജിപിയായി ഡോ. ഷേഖ് ദര്‍വേഷ് സാഹിബും.

ജോലി ചെയ്യാന്‍ മടിയുള്ളവരും അഴിമതിക്കാരും സര്‍വീസില്‍ വേണ്ടെന്ന നിലപാട് പുതിയ ചീഫ് സെക്രട്ടറി പ്രഖ്യാപിച്ചു കഴിഞ്ഞു. ആരോപണങ്ങളുടെയൊന്നും കുരുക്കില്‍ പെടാതെ തലപ്പത്തെത്തിയ ഉദ്യോഗസ്ഥനാണ് ഷേഖ് ദര്‍വേഷ് സാഹിബ്. അഴിമതിക്കാരനല്ലെന്ന സല്‍പ്പേരുമുണ്ട് കൈമുതലായി. ഐഎഎസ്, ഐപിഎസ് സര്‍വീസുകള്‍ക്ക് മുതല്‍കൂട്ടാവണം പുതിയ മേധാവികള്‍.

അവസാനിച്ചു.

Advertisment