പോലീസ് സേനയ്ക്കും ഇതുപോലെ പ്രഗത്ഭരായ തലവന്മാര്‍ ഉണ്ടായിട്ടുണ്ട്. ഞാന്‍ ഓര്‍മിക്കുന്ന ഒരു പ്രമുഖന്‍ എം.കെ ജോസഫ് ആണ്. പോലീസിന് കായിക രംഗത്ത് ഒരു പുതിയ മുഖം ഉണ്ടാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഫുട്ബോള്‍, വോളിബോള്‍, ബാസ്കറ്റ്ബോള്‍ എന്നീ ഇനങ്ങളില്‍ പോലീസിനു വേണ്ടി മികവുറ്റ ടീമുകള്‍ക്കു രൂപം നല്‍കി. തിരുവനന്തപുരത്ത് പാളയത്തെ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം നിര്‍മിച്ചതും അദ്ദേഹം തന്നെ.
എന്‍റെ 'മാതൃഭൂമി'ക്കാലത്തു തന്നെ എപ്പോഴും സംശയം ചോദിക്കാന്‍ പറ്റിയ ഒരാളുമുണ്ടായിരുന്നു - ഡോ. പി.ജെ അലക്സാണ്ടര്‍. 1982 ഡിസംബര്‍ അവസാനം തിരുവനന്തപുരത്ത് പെട്ടെന്നു വര്‍ഗീയ ലഹള ഉണ്ടായപ്പോള്‍ പെരുന്താന്നിയിലെ 'മാതൃഭൂമി' ഓഫീസില്‍ ഞങ്ങള്‍ ചെറുപ്പക്കാരായ സബ് എഡിറ്റര്‍മാര്‍ - എം.ജി രാധാകൃഷ്ണന്‍, ടി.എന്‍ ഗോപകുമാര്‍, എം ഹരികുമാര്‍ എന്നിങ്ങനെ - ചുറ്റുപാടും ലഹള പടരുന്നതും അല്‍പ്പം ദൂരെ ചാലക്കമ്പോളം കത്തിയെരിയുന്നതും ഭയപ്പാടോടെ കണ്ടുനിന്നത് ഇന്നുമോര്‍ക്കുന്നു.
കരമനയിലും ചാലയിലും കിഴക്കേക്കോട്ടയിലുമൊക്കെ ലഹള പടരുകയും തീ ആളിക്കത്തുകയും ചെയ്തിട്ടും പോലീസ് ഇറങ്ങിയിരുന്നില്ല. ന്യൂസ് എഡിറ്റര്‍ ടി. വേണുഗോപാലന്‍ ഒന്നാം പേജ് തയ്യാറാക്കി. ചാല കത്തിയെരിഞ്ഞ് പുകയിലമരുന്ന ഭയപ്പെടുത്തുന്ന ചിത്രത്തിനു മേലേ സംഭ്രമജനകമായ തലക്കെട്ട്: "ചാലക്കമ്പോളം കത്തിയെരിയുന്നു; പോലീസ് നോക്കിനില്‍ക്കുന്നു." അച്ചടി തുടങ്ങിക്കഴിഞ്ഞു. ആദ്യ കോപ്പികള്‍ ഞങ്ങള്‍ മറിച്ചു നോക്കിക്കൊണ്ടിരിക്കെ അക്രമം ഉടന്‍ അടിച്ചമര്‍ത്താന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍റെ ഉത്തരവു വരുന്നു.
അക്രമം അമര്‍ച്ച ചെയ്യാന്‍ പട്ടാളത്തെയും മുഖ്യമന്ത്രി വിളിച്ചിരിക്കുന്നു. തോക്കും പിടിച്ചു നിന്ന പാട്ടാളക്കാരെയും കൊണ്ട് പാങ്ങോട് മിലിട്ടറി ക്യാമ്പില്‍ നിന്ന് ട്രക്കുകള്‍ ഇരമ്പി നഗരത്തിലൂടെ ഓടാന്‍ തുടങ്ങി. തോക്കും ലാത്തിയുമേന്തി പോലീസ് സംഘങ്ങളും നിരത്തില്‍ ഓടുന്നു. പോലീസിനു നേതൃത്വം നല്‍കുന്നത് ഡിഐജി ഡോ. പി.ജെ അലക്സാണ്ടര്‍.
രാഷ്ട്രമീമാംസയില്‍ ഡോക്ടറേറ്റ് എടുത്തിട്ടുള്ള അലക്സാണ്ടര്‍ കേരള സര്‍വകലാശാലാ പൊളിറ്റിക്സ് ഡിപ്പാര്‍ട്ട്മെന്‍റില്‍ അധ്യാപകനായിരിക്കുമ്പോഴാണ് ഐപിഎസ് നേടി പോലീസിലെത്തിയത്. കരുണാകരനു പ്രിയപ്പെട്ട ജയറാം പടിക്കല്‍, ടി.വി മധുസൂദനന്‍, പി.ജെ അലക്സാണ്ടര്‍ എന്നീ ത്രിമൂര്‍ത്തികളിലൊരാള്‍. 1991 -ല്‍ കരുണാകരന്‍ അവസാനവട്ടം മുഖ്യമന്ത്രിയായപ്പോഴേയ്ക്ക് അലക്സാണ്ടര്‍ കരുണാകരന്‍റെ ഇഷ്ടക്കാരനല്ലാതായി. അതിനും ഏറെ മുമ്പേ ഞാന്‍ അലക്സാണ്ടറുമായി അടുത്ത സൗഹൃദത്തിലായിക്കഴിഞ്ഞിരുന്നു. അതുവഴി 'മാതൃഭൂമി' ലേഖകനായിരുന്ന എനിക്ക് ആ സൗഹൃദം സമ്മാനിച്ചത് ഒട്ടുവളരെ ഗംഭീരന്‍ റിപ്പോര്‍ട്ടുകള്‍.
അലക്സാണ്ടര്‍ ഡിജിപിയായി വിരമിച്ചെങ്കിലും ഹെഡ് ക്വാര്‍ട്ടേഴ്സ് ഡിജിപി ആയില്ല. ഇന്നും ഏറെ ബഹുമാനത്തോടെ ഞാന്‍ ഓര്‍മിക്കുന്ന ഒരു ഡിജിപിയാണ് - രാജഗോപാല്‍ നാരായണന്‍. 'മാതൃഭൂമി' ലേഖകനായിരിക്കെ ഒരു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ കേരളാ ഡിജിപി രാജഗോപാല്‍ നാരായണനെന്ന് ഓഫീസില്‍ വാര്‍ത്ത വന്നത് പതിവുപോലെ രാത്രിയിലായിരുന്നു. 1988 -ലോ 89 -ലോ ആണ്.
അപ്പോള്‍ത്തന്നെ ഫോട്ടോഗ്രാഫറെയും കൂട്ടി ഞാന്‍ അദ്ദേഹത്തിന്‍റെ വിട്ടിലേക്കു തിരിച്ചു. കവടിയാറില്‍ ഇന്‍കംടാക്സ് ഓഫീസിനു തൊട്ടടുത്താണ് അദ്ദേഹത്തിന്‍റെ വീട്. ഒരു പോലീസ് മേധാവിയുടെ പത്രാസോ ഗമയോ ഒന്നുമില്ലാതെ ഡിജിപി രാജഗോപാല്‍ നാരായണന്‍. പോലീസ് ജീവിതത്തെക്കുറിച്ചും കുടുംബകാര്യങ്ങളെക്കുറിച്ചുമൊക്കെ സംഭാഷണം. ഇടയ്ക്ക് പതിഞ്ഞ ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞു: "പടിക്കലിനെയും മധുസൂദനനെയും ഞാനാണ് അറസ്റ്റ് ചെയ്തത്."
അതെ. ജയറാം പടിക്കലും ടി.വി മധുസൂദനനും. അടിയന്തരാവസ്ഥക്കാലത്ത് കോഴിക്കോട് റീജ്യണല്‍ എഞ്ചിനീയറിങ്ങ് കോളജ് വിദ്യാര്‍ത്ഥി പി. രാജനെ നക്സലൈറ്റ് പ്രവര്‍ത്തകനെന്നു മുദ്രകുത്തി പോലീസ് അറസ്റ്റ് ചെയ്തതും കസ്റ്റഡിയില്‍ പോലീസ് രാജനെ ഉരുട്ടിക്കൊന്നതും അതിന്‍റെ പേരില്‍ കെ. കരുണാകരന് മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജി വെയ്ക്കേണ്ടിവന്നതും ചരിത്രം. ആ കേസിലെ പ്രതികളെന്ന നിലയ്ക്കാണ് കോടതി നിര്‍ദേശ പ്രകാരം മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരായ ജയറാം പടിക്കലിനെയും ടി.വി മധുസൂദനനെയും രാജഗോപാല്‍ നാരായണന് അറസ്റ്റ് ചെയ്യേണ്ടി വന്നത്.
തികച്ചും വേറിട്ടൊരു ഡിജിപിയായിരുന്നു 2001 -ലെ എ.കെ ആന്‍റണി ഗവണ്‍മെന്‍റിന്‍റെ സമയത്തുണ്ടായിരുന്നത്. കെ.ജെ. ജോസഫ്. ജോലിയുടെ കാര്യത്തിലായാലും ജോലിയിലെ അച്ചടക്കത്തിന്‍റെ കാര്യത്തിലായാലും ഒരിക്കലും ഒരു വിട്ടുവീഴ്ചയും കാണിക്കാത്തയാള്‍. അതുകൊണ്ടുതന്നെ അദ്ദേഹത്തിനു പോലീസില്‍ 'ഇരുമ്പന്‍ ജോസഫ്' എന്നു പേരും വീണു. 'പട്ടാളം ജോസഫ്' എന്നു മറ്റൊരു പേരുമുണ്ട്. മിലിട്ടറി സര്‍വീസിനു ശേഷം ഐപിഎസില്‍ ചേര്‍ന്നതുകൊണ്ടാണ് ഈ പേര്.
ആന്‍റണിക്കു മുമ്പ് ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വിജിലന്‍സ് ഡയറക്ടറായിരുന്ന കെ.ജെ ജോസഫ് വിജിലന്‍സ് തലവന്‍ എന്ന നിലയ്ക്ക് പോലീസിന്‍റെ ചുമതലയുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശമൊന്നും ചെവിക്കൊള്ളാന്‍ ഒരിക്കലും തയ്യാറായില്ല. അധികം കാലം ആ സ്ഥാനത്തിരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞതുമില്ല. കെ.ജെ ജോസഫുമായി ഞാന്‍ നല്ല സൗഹൃദത്തിലായിരുന്നു.
2001 -ലെ എ.കെ ആന്‍റണി സര്‍ക്കാരിന്‍റെ കാലഘട്ടത്തിലെ ഒരു സംഭവം. ഭക്ഷ്യമന്ത്രി പ്രൊഫ. കെ.വി തോമസിനെതിരെ സൂര്യ ടിവി നാടകീയമായി ഒരു വാര്‍ത്ത പുറത്തുവിട്ടു. ഫ്രഞ്ച് ചാരക്കേസില്‍ പ്രൊഫ. തോമസ് കുറ്റക്കാരനാണെന്ന പോലീസ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ആധാരമാക്കിയാണു വാര്‍ത്ത. ഇന്‍റലിജന്‍സ് എഡിജിപി ആയിരുന്ന ഹോര്‍മിസ് തരകന്‍റെ ഒപ്പും മുദ്രയും വെച്ച റിപ്പോര്‍ട്ട്. കെ.വി തോമസ് ഉടന്‍ രാജി വെയ്ക്കണമെന്ന ആവശ്യവും ഉയര്‍ന്നു.
അങ്ങനെയൊരു റിപ്പോര്‍ട്ട് ഇല്ലെന്നും ടിവിയില്‍ വന്ന രേഖ വ്യാജമാണെന്നും പോലീസിനു ബോധ്യമായി. സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണം സൂര്യ ടിവി ലേഖകനായിരുന്ന അനില്‍ നമ്പ്യാരിലേയ്ക്കു നീണ്ടു. അനില്‍ ഒളിവില്‍ പോയി. തിരുവല്ലായ്ക്കടുത്ത് കുമ്പനാട്ട് ഒരു വീട്ടിലാണ് ഒളിവു താമസം. ഒരു മാസത്തിലേറെ കാലമാണ് അനില്‍ നമ്പ്യാര്‍ ഒളിവില്‍ കഴിഞ്ഞത്. പ്രശ്നം തീര്‍ക്കാന്‍ സൂര്യയുടെ തിരുവനന്തപുരം മേധാവി പ്രവീണ്‍ കുമാറും പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് കെ. കുഞ്ഞിക്കണ്ണനെ സമീപിച്ചു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിനു മുന്നില്‍ കീഴടങ്ങാന്‍ അനില്‍ നമ്പ്യാര്‍ തയ്യാറാണെന്നും അറിയിച്ചു.
കുഞ്ഞിക്കണ്ണന്‍ കാര്യങ്ങള്‍ എന്നോടു പറഞ്ഞു. 'ജന്മഭൂമി' റസിഡന്‍റ് എഡിറ്ററാണ് അദ്ദേഹം. പത്രപ്രവര്‍ത്തക യൂണിയനിലും പത്രപ്രവര്‍ത്തനത്തിലും ഞങ്ങളെല്ലാം ഒന്നിച്ചു നില്‍ക്കുന്നവരാണ്. ഒരു വലിയ കൂട്ടം തന്നെയാണു ഞങ്ങള്‍ എന്നും ഇന്നും.
ഞാന്‍ ഡിജിപി കെ.ജെ ജോസഫിനെ ഫോണില്‍ വിളിച്ചു. അദ്ദേഹം അവധിയിലാണ്. കണ്ണൂരില്‍ അദ്ദേഹത്തിന്‍റെ വീട്ടിലാണ് ആ ദിവസങ്ങളില്‍. ഞാന്‍ കണ്ണൂരിലേയ്ക്കു വിളിച്ചു. അദ്ദേഹത്തോടു കാര്യങ്ങള്‍ വിശദീകരിച്ചു. താന്‍ തിരുവനന്തപുരത്തു വന്നിട്ടു കാര്യങ്ങള്‍ ശരിയാക്കാമെന്ന് അദ്ദേഹം ഉറപ്പു തന്നു. പക്ഷെ അതുവരെ അനില്‍ നമ്പ്യാരെ പുറത്തു വിട്ടുകൂടാ. അനില്‍ നമ്പ്യാര്‍ കുമ്പനാട്ടുനിന്നു രഹസ്യമായി തിരുവനന്തപുരത്തെത്തിയിരുന്നു. സ്റ്റാച്യുവില്‍ ഒരു ഹോട്ടലിന്‍റെ മുറിയിലാണുള്ളത്. പ്രവീണും കുഞ്ഞിക്കണ്ണനും ഞാനുമുണ്ട് മുറിയില്‍. വേറേ ആര്‍ക്കും കാര്യമറിയില്ല.
അനില്‍ നമ്പ്യാര്‍ ഒളിവില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ കാര്യം ഞാന്‍ ഡിജിപിയോടും പറഞ്ഞു. എവിടെങ്കിലും ഒളിവില്‍ത്തന്നെ പാര്‍പ്പിക്കാനായിരുന്നു അദ്ദേഹത്തിന്‍റെ നിര്‍ദേശം. "ഒരു കാരണവശാലും പോലീസിന്‍റെ കണ്ണില്‍ പെടരുത്. നമ്മുടെ പോലീസാണെന്നറിയാമല്ലോ ?" ഡിജിപി കെ.ജെ ജോസഫിന്‍റെ ശക്തമായ മുന്നറിയിപ്പ്.
പാതിരാത്രിയോടെ ഞാന്‍ അനില്‍ നമ്പ്യാരെ കാറില്‍ കയറ്റി എന്‍റെ വീട്ടിലേയ്ക്കു പോയി. തിരുവനന്തപുരത്ത് പാറ്റൂരില്‍ വലിയൊരു വാടക വീട്ടിലാണ് എന്‍റെ താമസം. 'ഇന്ത്യാടുഡേ' ഓഫീസും വീടും ഒന്നാണ്. അനിലിനെ ഒരു മുറിയില്‍ ഭദ്രമായി സൂക്ഷിച്ചു. മൂന്നു ദിവസം കഴിഞ്ഞാണ് ഡിജിപി മടങ്ങിയെത്തിയത്. ചെന്നയുടനേ അദ്ദേഹം ക്രൈംബ്രാഞ്ച് തലവന്‍ മഹേഷ് കുമാര്‍ സിംഗ്ളയെ വിളിച്ച് അറസ്റ്റിനു വേണ്ട കാര്യങ്ങള്‍ ഏര്‍പ്പാടു ചെയ്തു.
അറസ്റ്റ് ചെയ്യപ്പെട്ട അനില്‍ നമ്പ്യാരെ റിമാന്‍റ് ചെയ്യാനായിരുന്നു സര്‍ക്കാരിന്‍റെ തീരുമാനം. അതിനെതിരെ അര്‍ദ്ധരാത്രി തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകരൊക്കെയും കേസരി മന്ദിരത്തിനു മുന്നില്‍ സംഘടിക്കുകയും സെക്രട്ടേറിയറ്റിലേയ്ക്ക് പന്തം കൊളുത്തി പ്രകടനം നടത്തുകയും ചെയ്തതൊക്കെ വേറേ ചരിത്രം.
തുടരും...