Advertisment

ചെന്താരകം അണഞ്ഞു; സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

New Update
Yechury

ഡല്‍ഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസ്സായിരുന്നു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

Advertisment

 കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസ്സത്തെ തുടർന്ന് സീതാറാം യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്. നില വഷളായതോടെ വെൻ്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയായിരുന്നു.

പ്രമുഖ മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സീമ ചിസ്തി  ഭാര്യയാണ്. യുകെയില്‍ സര്‍വകലാശാല അധ്യാപികയായ അഖില യെച്ചൂരി, മാധ്യമപ്രവര്‍ത്തകനായിരുന്ന പരേതനായ ആശിഷ് യെച്ചൂരി എന്നിവര്‍ മക്കളാണ്.

ഇന്ത്യന്‍ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ ജനകീയ മുന്നേറ്റങ്ങള്‍ക്കായി പാകപ്പെടുത്താനുള്ള രാഷ്ട്രീയവും സംഘടനാപരവുമായ ഉത്തരവാദിത്തം അത്മാര്‍ത്ഥമായി നിര്‍വഹിച്ച നേതാവായിരുന്നു യെച്ചൂരി. 

സര്‍വേശ്വര സോമയാജി യെച്ചൂരി- കല്‍പ്പകം യെച്ചൂരി ദമ്പതികളുടെ മകനായി 1952 ആഗസ്ത് 12ന് ജനിച്ച സീതാറാം പഠനത്തിലും രാഷ്ട്രീയപ്രവര്‍ത്തനത്തിലും ഒരുപോലെ മികവ് തെളിയിച്ചയാളായിരുന്നു. 

ചെന്നൈയിലെ പ്രസിഡന്റ്സ് എസ്റ്റേറ്റ് സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറിക്ക് പഠിക്കുമ്പോള്‍ സിബിഎസ്സി പരീക്ഷയില്‍ രാജ്യത്ത് ഒന്നാംറാങ്ക് നേടി. തുടര്‍ന്ന് ഡല്‍ഹിയിലെ പ്രശസ്തമായ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ബിഎ ഓണേഴ്‌സ് പഠനം. ജെഎന്‍യുവില്‍ നിന്ന് എംഎ പൂര്‍ത്തിയാക്കി.

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയായിരിക്കെ 1974ലാണ് എസ്എഫ്‌ഐ അംഗമായത്. അടിയന്തിരാവസ്ഥ കാലത്ത് കുറെക്കാലം ഒളിവില്‍പ്രവര്‍ത്തിക്കുകയും 1975ല്‍അറസ്റ്റ ചെയ്യപ്പെടുകയും ചെയ്തു. 

അടിയന്തിരാവസ്ഥയ്ക്ക് ശേഷം ദില്ലി ജവഹര്‍ലാല്‍നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1978ല്‍ എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും പിന്നീട് പ്രസിഡന്റുമായി. 

 'പഠിക്കുക, പോരാടുക' എന്ന മുദ്രാവാക്യം എസ്എഫ്ഐ ഉയര്‍ത്തിയത് അക്കാലത്താണ്. സാമ്പത്തിക ശാസ്ത്രത്തില്‍ ഗവേഷണം തുടങ്ങിയെങ്കിലും അടിയന്തരാവസ്ഥക്കാലത്ത് ജയിലിലായതോടെ മുടങ്ങി.

1986-ല്‍ എസ്എഫ്ഐ ദേശീയ പ്രസിഡന്‍റായി. 1984-ല്‍ 32ാം വയസ്സിലാണ് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗമായത്. 1988-ല്‍ തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗമായി. 1992-ല്‍ മദ്രാസില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പൊളിറ്റ് ബ്യൂറോ അംഗമായി.

പിന്നീട് 2015-ല്‍ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രകാശ് കാരാട്ടില്‍ നിന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി പദവി യെച്ചൂരി ഏറ്റെടുത്തു. 2018-ല്‍ ഹൈദരാബാദിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ വീണ്ടും സിപിഎം ദേശീയ അധ്യക്ഷനായി.

2022-ല്‍ കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ മൂന്നാം വട്ടവും പാര്‍ട്ടി ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. പീപ്പിള്‍സ് ഡെമോക്രസി വാരികയുടെ എഡിറ്ററായിരുന്നു. 2005-ല്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. 

Advertisment