ഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയെങ്കിലും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ബിജെപി വിയര്‍ക്കുന്നു. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ് ഗഡ് എന്നിവിടങ്ങളില്‍ വോട്ടെണ്ണല്‍ കഴിഞ്ഞ് ഒരാഴ്ചയായിട്ടും ബിജെപിക്ക് കഴിഞ്ഞിട്ടില്ല. എംഎല്‍എമാരുടെ മനസ് അറിയാന്‍ മൂന്നു സംസ്ഥാനങ്ങളിലേക്കും പാര്‍ട്ടി നിരീക്ഷകരെ അയച്ചിരിക്കുകയാണ്.
രാജസ്ഥാനിലാണ് സ്ഥിതി സങ്കീര്‍ണം. മുഖ്യമന്ത്രി പദത്തിനായി വസുന്ധര രാജെ സിന്ധ്യ ശക്തമായി മത്സരരംഗത്തുണ്ട്. ഫലം വന്നതിന് ശേഷം വസുന്ധരെ തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ യോഗം ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെ വസുന്ധരയെ ബിജെപി ദേശീയ നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു.
ജെപി നഡ്ഡയും അമിത് ഷായും അടക്കമുള്ള നേതാക്കള്‍ വസുന്ധരയുമായി സംസാരിച്ചു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടിയുള്ള മത്സരത്തില്‍ നിന്നും മാറി നില്‍ക്കാന്‍ വസുന്ധര തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ രാജ്‌നാഥ് സിങിന്റെ നേതൃത്വത്തിലുള്ള നിരീക്ഷക സംഘത്തെയാണ് രാജസ്ഥാനിലേക്ക് അയച്ചിട്ടുള്ളത്. വസുന്ധരയെ അനുനയിപ്പിക്കുകയാണ് ഇതിന് പിന്നിലെന്നാണ് സൂചന.
ഛത്തീസ് ഗഡില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാനായി ഇന്നു രാവിലെ 11 ന് ബിജെപി എംഎല്‍എമാരുടെ യോഗം ചേരും. കേന്ദ്രമന്ത്രി അര്‍ജുന്‍ മുണ്ടെയുടെ നേതൃത്വത്തിലുള്ള നിരീക്ഷക സംഘം യോഗത്തില്‍ സംബന്ധിക്കും. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയും യോഗത്തില്‍ പങ്കെടുക്കും. ഗോത്ര വിഭാഗത്തില്‍ നിന്നുള്ള നേതാവാകും മുഖ്യമന്ത്രിയാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
മധ്യപ്രദേശിലും പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തുക ബിജെപിക്ക് തലവേദനയായി മാറിയിട്ടുണ്ട്. പൊതുതെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ ജനപ്രീതിയില്‍ മുന്നിലുള്ള ശിവരാജ് സിങ് ചൗഹാനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റി നിര്‍ത്തുന്നത് തിരിച്ചടിയാകുമോ എന്നാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ആശങ്ക.
പുതിയ മുഖ്യമന്ത്രി സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ, ചൗഹാന്റെ പുതിയ പോസ്റ്റും ചര്‍ച്ചയായിട്ടുണ്ട. എല്ലാവര്‍ക്കും റാം റാം... എന്നാണ് ചൗഹാന്‍ എക്‌സില്‍ കുറിച്ചത്.