“രാഷ്ട്രീയക്കാരനാകാൻ ശ്രമിക്കുന്നില്ല. രാഷ്ട്രീയത്തിലേക്കു കടക്കില്ല. അവിടെയുള്ള വെള്ളം വളരെ ആഴമുള്ളതാണ്. എന്റെ മാർഗദർശിയായ ജെ.ആർ.ഡി. ടാറ്റയെപ്പോലെ, ഞാനൊരിക്കലും രാഷ്ട്രീയം പരിഗണിച്ചിട്ടില്ല’’- കോൽക്കത്തയിലെ ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സിന്റെ വനിതാ പഠന ഗ്രൂപ്പ് 2014ൽ സംഘടിപ്പിച്ച ആശയവിനിമയത്തിനിടെ രത്തൻ ടാറ്റ പറഞ്ഞതാണിത്.
രാഷ്ട്രീയത്തിൽനിന്നും വൻകിട നേതാക്കളിൽനിന്നും ആവശ്യമായ അകലം പാലിച്ചെങ്കിലും വ്യവസായലോകത്ത് മൂല്യങ്ങൾക്കും മാനുഷികതയ്ക്കും പ്രാധാന്യം നൽകിക്കൊണ്ട് ടാറ്റായുടെ സാമ്രാജ്യം വിപുലപ്പെടുത്താനും ആഗോളതലത്തിലേക്കു വികസിപ്പിക്കാനും വൻ വളർച്ചയിലേക്കു നയിക്കാനും കഴിഞ്ഞുവെന്നതാണു രത്തൻ ടാറ്റയെ വ്യത്യസ്തനാക്കുന്നത്.
രാഷ്ട്രീയത്തിൽ വലിയ സ്വാധീനം ചെലുത്താമായിരുന്ന ഇന്ത്യയിലെ ഏറ്റവും പ്രമുഖ വ്യക്തികളിലൊരാൾ ആയിരുന്നിട്ടും കക്ഷിരാഷ്ട്രീയത്തിൽനിന്നും ഏതെങ്കിലുമൊരു രാഷട്രീയനേതാവിൽനിന്നും അകലം പാലിക്കാൻ രത്തൻ ടാറ്റ ശ്രദ്ധിച്ചിരുന്നു.
മുകേഷ് അംബാനിയും ഗൗതം അദാനിയും ഉൾപ്പെടെയുള്ള വ്യവസായപ്രമുഖർ പ്രധാനമന്ത്രിമാരും മറ്റുമായി പരമാവധി അടുത്തുനിന്നു നേട്ടം കൊയ്തപ്പോഴും രത്തൻ ടാറ്റയുടെ വഴി വേറൊന്നായിരുന്നു.
എന്നാൽ, ഇന്ത്യൻ രാഷ്ട്രീയത്തിൽ സംഭവിച്ച അപചയങ്ങൾക്കെതിരേ ശബ്ദമുയർത്താൻ അദ്ദേഹം മടിച്ചില്ല. സ്വാതന്ത്ര്യസമര കാലത്തെപ്പോലെ ദേശീയ താത്പര്യങ്ങളാലല്ല, സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ രാഷ്ട്രീയ എക്സിക്യൂട്ടീവ് നയിക്കപ്പെടുന്നതെന്ന് 2019ൽ രത്തൻ ടാറ്റ തുറന്നെഴുതി.
ആർജിച്ചെടുത്ത ആദരവ്
പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ മുതൽ ടാറ്റയുടെ നാനോ പദ്ധതിയെ സിംഗൂരിൽനിന്നു പറപ്പിച്ച പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വരെയുള്ള ദേശീയ നേതാക്കളെല്ലാം കക്ഷിരാഷ്ട്രീയ ഭേദമന്യേ രത്തൻ ടാറ്റയുടെ സംഭാവനകളെ പുകഴ്ത്താനും അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാനും മുന്നിൽനിന്നു.
അതുതന്നെയാണു രത്തന്റെ പ്രത്യേകത. പത്മവിഭൂഷണ് നൽകി രാഷ്ട്രം ആദരിച്ച രത്തന്, ജെ.ആർ.ഡി. ടാറ്റയെപോലെ ഭാരതരത്നം നൽകണമെന്ന ആവശ്യം ശിവസേന അടക്കമുള്ളവർ ഉയർത്തിയിട്ടുണ്ട്.
വ്യവസായ രംഗത്തു വെല്ലുവിളി ഉയർത്തിയ പ്രബലന്മാരുമായി വളരെ ഊഷ്മളമായ സൗഹൃദം കാക്കുന്പോഴും നേരിയ അകലം പാലിക്കുന്നതിലും അദ്ദേഹം ശ്രദ്ധിച്ചു.
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, പിയൂഷ് ഗോയൽ, അശ്വനി വൈഷ്ണവ്, മുഖ്യമന്ത്രിമാരായ ചന്ദ്രബാബു നായിഡു, ഭൂപേന്ദ്ര പട്ടേൽ, ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, താക്കറെ കുടുംബം അടക്കമുള്ള മഹാരാഷ്ട്രയിലെ നേതാക്കൾ തുടങ്ങി നിരവധിയായ രാഷ്ട്രീയ, ഭരണ നേതാക്കളും മുകേഷ് അംബാനിയും ഭാര്യ നിതയും അടക്കമുള്ള വ്യവസായ, വാണിജ്യ പ്രമുഖരും സിനിമയിലെ സൂപ്പർ താരങ്ങളും നേരിട്ടെത്തി സംസ്കാര ചടങ്ങിൽ പങ്കെടുത്തത് രത്തനോടുള്ള ആദരവു പ്രകടമാക്കുന്നതായി.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി അടക്കമുള്ള രാഷ്ട്രനേതാക്കളെല്ലാം രത്തൻ ടാറ്റയെ അനുസ്മരിച്ചു. രാഷ്ട്രീയത്തിൽ നിന്നകന്നു നിൽക്കുന്പോഴും രാഷ്ട്രീയനേതാക്കളുമായി പിണങ്ങാതെ ആവശ്യത്തിന് അടുത്തു പ്രവർത്തിച്ചയാൾ എന്നതു രത്തനു മാത്രം സാധ്യമായ കാര്യമാണ്.
രാഷ്ട്രീയ തിന്മകൾക്കെതിരേ
ഇന്ത്യൻ രാഷ്ട്രീയത്തിൽ പണത്തിന്റെയും അഴിമതിയുടെയും സ്വാധീനം വളർന്നുവരുന്നതിനെതിരേ രത്തൻ ടാറ്റ നിലപാടു വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ തെരഞ്ഞെടുപ്പുകൾ ചെലവേറിയ കാര്യമായി മാറി.
തെരഞ്ഞെടുപ്പു നടത്തിപ്പിൽ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും പ്രചാരണച്ചെലവു വർധിച്ചതിൽ രത്തൻ ആശങ്ക പ്രകടിപ്പിച്ചു.
സർക്കാരിന്റെ വിവേചനാധികാരം വർധിച്ചതോടെ, തങ്ങളുടെ ഇടുങ്ങിയ ലക്ഷ്യങ്ങൾക്കായി സർക്കാരിന്റെ വിവേചനാധികാരം വിനിയോഗിക്കാൻ ശ്രമിക്കുന്ന നിക്ഷിപ്ത താത്പര്യങ്ങളുടെ നിരയിൽ സത്യസന്ധതയില്ലാത്ത ബിസിനസുകാർ ചേർന്നതായി രത്തൻ ടാറ്റ 2019ലെ ലേഖനത്തിൽ എഴുതി.
ഭരിക്കുന്നവരും വ്യവസായികളും തമ്മിലുള്ള ബന്ധം സ്വാതന്ത്ര്യസമരകാലത്തെ നിസ്വാർഥമായ ദേശീയ താത്പര്യത്താൽ നയിക്കപ്പെടുന്നില്ലെന്നു പറയാൻ അദ്ദേഹം മടിച്ചില്ല. രാഷ്ട്രീയ, ഭരണ നേതാക്കളുമായുള്ള ഇന്ത്യൻ വ്യവസായത്തിന്റെ ബന്ധം ദേശീയ താത്പര്യങ്ങളാലല്ല ഇപ്പോൾ നയിക്കപ്പെടുന്നത്.
രാഷ്ട്രീയത്തിന്റെ ധാർമിക ഘടനയിലെ അപചയത്തോടൊപ്പമാണിതെന്നും രത്തൻ ടാറ്റ ചൂണ്ടിക്കാട്ടി. ബിസിനസ്, രാഷ്ട്രീയ മേഖലകളിൽ ധാർമികതയ്ക്കു പ്രാധാന്യം നൽകുന്നതാണു ടാറ്റയുടെ പാരന്പര്യമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നും സാധാരണക്കാരനായി
ഇന്ത്യൻ വ്യവസായത്തിന്റെ തുടക്കക്കാരായ ജംഷെഡ്ജി ടാറ്റ, വാൽചന്ദ് ഹിരാചന്ദ് എന്നിവരെപ്പോലുള്ളവർ തീക്ഷ്ണ ദേശീയവാദികളായിരുന്നു. ബജാജിന്റെയും ബിർളയുടെയും കുടുംബങ്ങളുമായുള്ള ഗാന്ധിജിയുടെ ബന്ധം പ്രസിദ്ധമാണ്.
പ്രധാന സാന്പത്തിക വിഷയങ്ങളിൽ ജവഹർലാൽ നെഹ്റുവും ജെ.ആർ.ഡി. ടാറ്റയും എല്ലായ്പോഴും ഒരുപോലെ ചിന്തിച്ചിരുന്നില്ല. എന്നാൽ ഉയർന്ന പരസ്പര ബഹുമാനം പങ്കിട്ടു.
സ്വാതന്ത്ര്യസമരകാലത്ത് ഇന്ത്യൻ നാഷണൽ കോണ്ഗ്രസിനു പ്രധാന ധനസഹായം നൽകുന്നതിൽ ഇന്ത്യൻ വ്യവസായം സന്തുഷ്ടരായിരുന്നു’ എന്നാണ് ‘ദ ഗ്രേറ്റ് മാർച്ച് ഓഫ് ഡെമോക്രസി: സെവൻ ഡിക്കേഡ്സ് ഓഫ് ഇന്ത്യാസ് ഇലക്ഷൻസ്’ എന്ന 2019ലെ സമാഹാരത്തിൽ രത്തൻ ടാറ്റ എഴുതിയത്.
വ്യവസായ സാമ്രാജ്യം ലോകത്തോളം വലുതായപ്പോഴും സാധാരണക്കാരനെപ്പോലെ എളിമ കാക്കാനും പരോപകാരത്തിൽ ശ്രദ്ധിക്കാനും രത്തൻ ടാറ്റയ്ക്കു കഴിഞ്ഞു. രാഷ്ട്രീയം അടക്കം അമിതമോഹങ്ങളിൽനിന്ന് അകന്നുനിൽക്കാനായതാണ് ഇതിനു കാരണം.
വ്യവസായം വളർന്നതിനോടൊപ്പം പാവങ്ങൾക്കായുള്ള ട്രസ്റ്റിന്റെ പ്രവർത്തനം വിപുലപ്പെടുത്താൻ അദ്ദേഹം മറന്നില്ല. വിദ്യാഭ്യാസം, ആരോഗ്യം അടക്കം ടാറ്റാ ട്രസ്റ്റ് നടത്തുന്ന സാമൂഹ്യസേവന പ്രവർത്തനങ്ങളുടെ പ്രേരകശക്തിയും പ്രചോദനവും എമരിറ്റസ് ചെയർമാൻ ആയിരുന്നു. സാധാരണക്കാരുടെയും പാവങ്ങളുടെയും സന്തോഷത്തിൽ സ്വയം സന്തോഷിക്കാനും സാധാരണക്കാരിലൊരാളായി മാറാനും അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു.
ഇന്ത്യയെ ലോകത്തോളം വളർത്തിയ വ്യവസായ പ്രമുഖനെന്നതിലേറെ മാനുഷികതയുടെ പ്രതിപുരുഷനെന്നതാകും രത്തൻ ടാറ്റയെ മനുഷ്യമനസുകളിൽ ജീവിക്കുക.