പെട്രോൾ, ഡീസൽ, പാചകവാതക വിലകളിലെ നിയമാനുസൃത കൊള്ളയടി പലപ്പോഴും വേണ്ടത്ര ചർച്ചയാകാറില്ല. പെട്രോളിയം വിപണന കന്പനികൾ ചില്ലറ വില്പന വിലകൾ ദിവസേന നിശ്ചയിക്കുന്നു എന്നായിരുന്നു കേന്ദ്രസർക്കാരിന്റെ അവകാശവാദം.
എന്നാൽ, ഭരിക്കുന്ന സർക്കാരിന്റെ നിർദേശപ്രകാരം രാഷ്ട്രീയലാഭം നോക്കിയാണു വില കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നതെന്നു മനസിലാക്കാൻ പ്രയാസമുണ്ടായില്ല.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി മാർച്ച് 15ന് പെട്രോളിനും ഡീസലിനും ലിറ്ററിനു രണ്ടു രൂപ കുറച്ചതിനു പിന്നിലും വോട്ടുബാങ്കു രാഷ്ട്രീയം മാത്രമെന്നതു വ്യക്തം.
പലതവണ വിലയും നികുതികളും സെസും കൂട്ടിയശേഷമാണ് നേരിയ കുറവു വരുത്തിയത്. ആറു മാസത്തോളമായി പെട്രോൾ, ഡീസൽ വില രാജ്യത്താകെ മരവിപ്പിച്ചു നിർത്തിയിരിക്കുകയാണ്. സർക്കാരിന്റെ താത്പര്യം വ്യക്തം.
പൗരന്മാരെ കൊള്ളയടിക്കുന്നു
ആഗോള വിപണിയിൽ മാസങ്ങളോളം എണ്ണവില കുറഞ്ഞിട്ടും ഇന്ത്യയിലെ ഉപയോക്താവിനു മാത്രം വില കുറയുന്നില്ല. അസംസ്കൃത എണ്ണവിലയിൽ കഴിഞ്ഞ ജനുവരിക്കു ശേഷമുള്ള ഏറ്റവും വലിയ ഇടിവാണുണ്ടായത്. എന്നിട്ടും ഇന്ത്യയിൽ ഇന്ധനവില കുറച്ചില്ല.
പകരം തുടർച്ചയായി ഉയർന്ന വില ഈടാക്കി സാധാരണ പൗരന്മാരെ കൊള്ളയടിക്കുന്നു. വാണിജ്യാവശ്യത്തിനുള്ള 19 കിലോയുടെ എൽപിജി സിലിണ്ടറിനു കഴിഞ്ഞ ഒന്നാം തീയതി മുതൽ 39 രൂപ വീതം വില കൂട്ടുകയും ചെയ്തു.
ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണക്കന്പനികളുടെയും റിലയൻസ് ജിയോ, അദാനി, എസാർ, ഷെൽ തുടങ്ങിയ സ്വകാര്യ കന്പനികളുടെയും ലാഭം കുതിച്ചുയർന്നിട്ടും സാധാരണക്കാരെ കൊള്ളയടിക്കുന്നതു തുടരുന്നു.
അസംസ്കൃത എണ്ണവില ഇടിഞ്ഞതിന്റെ പ്രയോജനം സാധാരണ ഉപയോക്താവിനു കൈമാറാതെയാണ് എണ്ണക്കന്പനികളും സർക്കാരും പോക്കറ്റ് വീർപ്പിക്കുന്നത്.
14 മാസത്തിലെ ഏറ്റവും താഴെ
അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില കഴിഞ്ഞ വ്യാഴാഴ്ച 14 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. 2023 ജൂണിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് ആഗോള എണ്ണവില. ഇന്നലെ ഒരു ശതമാനം വില ഉയർന്നു. എങ്കിലും കുറഞ്ഞ വില തുടരുമെന്നാണു റിപ്പോർട്ട്.
അറബ് രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്സ്പോർട്ടിംഗും (ഒപെക്) സഖ്യരാജ്യങ്ങളും വിതരണം വർധിപ്പിക്കാൻ വൈകുന്നതും അമേരിക്കൻ ഇൻവെന്ററികളിൽനിന്നു പ്രതീക്ഷിച്ചതിലും വലിയ പിൻവലിക്കലും ഉണ്ടായിട്ടും ഗണ്യമായി വില കൂടിയില്ല.
ബ്രെന്റ് ക്രൂഡ് ബാരലിന് 73.59 ഡോളറും അമേരിക്കയുടെ ഡബ്ല്യുടിഐ (വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ്) ക്രൂഡിന് 70.14 ഡോളറുമാണ് ഇന്നലത്തെ വില. ഇന്ത്യ വാങ്ങുന്ന അസംസ്കൃത എണ്ണവില ശരാശരി 73.6 ഡോളറായി കുറഞ്ഞു.
മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) ക്രൂഡ് ഓയിൽ ഫ്യൂച്ചറുകൾ ബാരലിന് 512 രൂപ നിരക്കിലാണ് ഇന്ത്യ വാങ്ങിയത്. ബാരലിന് 85 ഡോളർ ശരാശരി വില ആയാലും ഭയപ്പെടാനില്ല. ലിബിയയിൽനിന്നുള്ള എണ്ണവിതരണം കൂടാൻ സാധ്യതയുള്ളതിനാൽ ആഗോള വിപണിയിൽ വീണ്ടും വില കുറഞ്ഞേക്കാം.
ഇന്ത്യക്കിത് അനുകൂല കാലം
അസംസ്കൃത എണ്ണവില താഴാൻ ഘടകങ്ങൾ പലതാണ്. ഓഗസ്റ്റ് 30ന് അവസാനിച്ച ആഴ്ചയിൽ 69 ലക്ഷം ബാരൽ ക്രൂഡ് ആണു വിപണിയിലെത്തിയത്. 2019 മുതലുള്ള അഞ്ചു വർഷത്തിനിടെ ശരാശരി 38 ലക്ഷം ബാരലുകളുടെ കുറവുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഇതേ ആഴ്ചയിൽ 63 ലക്ഷം ബാരലുകളെത്തിയിരുന്നു. ഒക്ടോബർ, നവംബർ മാസങ്ങളിലെ ആസൂത്രിത എണ്ണ ഉത്പാദന വർധന വൈകിക്കാൻ ഒപെക് രാജ്യങ്ങൾ തീരുമാനിച്ചിട്ടുണ്ടെങ്കിലും അതും വില കൂട്ടില്ല.
ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ ഇറക്കുമതി രാജ്യമായ ചൈന, ഫോസിൽ ഇന്ധനത്തെ ആശ്രയിക്കുന്നതു കുറയ്ക്കുന്ന നയം തുടരുന്നതു വീണ്ടും വിലയിടിക്കും. ചൈനയിലെ ആവശ്യം കൂടാത്തതും ലിബിയൻ എണ്ണ കയറ്റുമതി നിർത്തലാക്കുന്ന തർക്കം അവസാനിച്ചതുമെല്ലാം ആഗോള എണ്ണവിപണിയിലെ വിലയിടിവിനു പ്രേരകമാകും.
യുക്രെയ്ൻ യുദ്ധത്തെ തുടർന്നു കുറഞ്ഞ വിലയ്ക്ക് ഇന്ത്യക്ക് എണ്ണ വിൽക്കാതെ റഷ്യക്കു തരമില്ലാതെ വന്നതിന്റെ നേട്ടവും ഇന്ത്യക്കുണ്ട്. ഏഷ്യൻ രാജ്യങ്ങൾക്ക് ഒക്ടോബറിൽ വിൽക്കുന്ന അസംസ്കൃത എണ്ണവിലയിൽ ബാരലിന് 70 സെന്റ് വരെ കുറയ്ക്കാൻ സൗദി അറേബ്യ തീരുമാനിച്ചതും ഗുണകരമാകും
എണ്ണക്കമ്പനി ലാഭം 71 മടങ്ങ്
ആഗോളവിപണിയിൽ എണ്ണവില കുറഞ്ഞിട്ടും ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കുറയ്ക്കാതെ, പൊതുമേഖലാ എണ്ണമ്പനികൾ റിക്കാർഡ് ലാഭം നേടി.
സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം (ഐഒസിഎൽ, ബിപിസിഎൽ, എച്ച്പിസിഎൽ) എന്നീ കമ്പനികൾ ഒരുമിച്ച് 2023-24ൽ 82,500 കോടി രൂപയാണു ലാഭം ഉണ്ടാക്കിയത്.
മുൻ വർഷത്തെ ലാഭത്തിന്റെ 71 മടങ്ങാണിത്. കമ്പനികൾ സ്ഥാപിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ അറ്റാദായം! 2022-23ൽ ഈ കമ്പനികൾ 6,810.40 കോടി രൂപയാണ് അറ്റാദായം നേടിയത്. 2022 സാന്പത്തികവർഷത്തേക്കാൾ 75.2 ശതമാനം വർധനയായിരുന്നു അത്.
രാജ്യത്തെ ഏറ്റവും വലിയ എണ്ണവിപണന കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷൻ 2023-24ൽ എക്കാലത്തെയും ഉയർന്ന അറ്റാദായമായ 39,618.84 കോടി രൂപയാണു സ്വരുക്കൂട്ടിയത്.
തൊട്ടുമുൻവർഷം 10,058.69 കോടി രൂപയായിരുന്നു അറ്റാദായം. കന്പനിയുടെ ഗ്രോസ് റിഫൈനിംഗ് മാർജിൻ ഒരു വർഷം മുന്പത്തെ 19.52ൽ നിന്ന് 2023-24ൽ ബാരലിന് 12.05 ഡോളറായി കുറഞ്ഞിരുന്നു. ഹിന്ദുസ്ഥാൻ പെട്രോളിയം 2024 സാന്പത്തികവർഷത്തിൽ 14,600 കോടി രൂപയുടെ റിക്കാർഡ് അറ്റാദായം നേടി. മുൻ വർഷം 8,974 കോടി രൂപയുടെ നഷ്ടമാണു രേഖപ്പെടുത്തിയത്.
കോരന്റെ കണ്ണീരിൽ ധൂർത്ത്
മര്യാദയില്ലാത്ത ധൂർത്തും ന്യായമായതിലും കൂടുതൽ ശന്പളവും ആനുകൂല്യങ്ങളും നൽകിയ ശേഷമാണു സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കന്പനികൾ കൊള്ളലാഭം ഉണ്ടാക്കിയത്. ഹൈ സ്പീഡ് ഡീസലിനും പെട്രോളിനും ഇരട്ട അക്ക മൊത്ത റിഫൈനിംഗ് മാർജിനുകളും നല്ല മാർക്കറ്റിംഗ് മാർജിനുകളും നൽകിയ ശേഷമുള്ള ലാഭമാണിത്.
ക്രൂഡ് ഓയിൽ വിലക്കുറവിന്റെ ഗുണം ജനങ്ങൾക്കു കൈമാറാതെയാണു നട്ടുച്ചയ്ക്ക് പകൽക്കൊള്ള തുടരുന്നത്. സാധാരണക്കാരിൽനിന്ന് ഓരോ ലിറ്ററിനും മാസങ്ങളായി അമിതവില ഈടാക്കുന്നു.
സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ മേലുദ്യോഗസ്ഥർക്കും ജീവനക്കാർക്കും എത്ര കിട്ടിയാലും മതിയാകില്ല. മന്ത്രിമാർ എംപിമാർ, എംഎൽഎമാർ, ഐഎഎസ്, ഐപിഎസ് തുടങ്ങിയ സിവിൽ സർവീസ് ഉദ്യോഗസ്ഥർ എന്നിവരും ശന്പളവും കിന്പളവും ആനുകൂല്യങ്ങളുമായി ലക്ഷങ്ങളും കോടികളും സന്പാദിക്കുന്നതും ജനം കാണുന്നുണ്ട്.
ഇപ്പോഴും 25 കോടിയിലേറെ പേർ ദാരിദ്ര്യത്തിലും കൊടിയ ദുരിതത്തിലും കഴിയുന്ന രാജ്യത്താണു സർക്കാർ ഉദ്യോഗസ്ഥർ ശന്പളവും ആനുകൂല്യങ്ങളും പതിവായി വർധിപ്പിച്ചെടുത്ത് അർമാദിക്കുന്നത്. ഒരു നേരത്തെ കഞ്ഞിക്കു നിവൃത്തിയില്ലാത്ത കോരന്മാരെയും പ്രതിസന്ധിയിലായ കർഷകരെയും സാധാരണ തൊഴിലാളികളെയും സഹായിക്കാൻ ഭരണ, രാഷ്ട്രീയ നേതൃത്വത്തിനു താത്പര്യമില്ല.
തീവിലയിൽ പൊറുതിമുട്ടി ജനം
അരി, പയർവർഗങ്ങൾ, ഭക്ഷ്യയെണ്ണ എന്നിവ മുതൽ മത്സ്യം, മാംസം, മുട്ട, പാൽ, പച്ചക്കറികൾ തുടങ്ങിയ അവശ്യസാധനങ്ങളുടെ അടക്കം ജനങ്ങൾ വാങ്ങുന്നതിനെല്ലാം റോക്കറ്റ് പോലെ വില കുതിച്ചുയരുന്നു. ഉയർന്ന ഡീസൽ, പെട്രോൾ വിലയാണ് ഇതിനു പ്രധാന കാരണം.
ഓണക്കാലമായിട്ടും ഉപ്പു മുതൽ കർപ്പൂരം വരെ തീവിലയായി. താങ്ങാനാകാത്ത പണപ്പെരുപ്പ നിരക്കിൽ നേരിയ കുറവുണ്ടെന്നു സർക്കാർ കണക്കു നിരത്തുന്പോഴും സാധാരണക്കാരന്റെ അടുക്കളയിൽ വേണ്ടതിനെല്ലാം പലമടങ്ങു വില കൂടിയെന്നതാണു പൊള്ളുന്ന യാഥാർഥ്യം.
കൃഷി, വിദ്യാഭ്യാസം, ചികിത്സ, ഭവനനിർമാണം എന്നിവ മുതൽ ബസ്, ടാക്സി, ട്രെയിൻ, വിമാന യാത്രകൾ വരെയുള്ള ജനങ്ങളുടെ ജീവിതച്ചെലവുകൾ പലമടങ്ങു വർധിച്ചു.
കോർപറേറ്റ് കുത്തകകൾക്കു വലിയ നികുതിയിളവുകൾ നൽകുന്പോഴും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ജനങ്ങളുടെ നികുതി ഭാരം കൂട്ടുകയാണ്. ഭൂമിയുടെ ആധാരച്ചെലവു മുതൽ ഏതാണ്ടെല്ലാറ്റിനും നിരക്കു കൂട്ടി.
സാധാരണക്കാർ, കർഷകർ, തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ തുടങ്ങിയവരുടെയെല്ലാം വരുമാനം കുറയുകയും ചെയ്തു. കോവിഡ് കാല ദുരിതങ്ങളിൽനിന്നു കരകയറുന്നതിനു മുന്പാണു വിലക്കയറ്റത്തിന്റെ ഭാരവും പേറുന്നത്.
ജനക്ഷേമം ഉറപ്പാക്കേണ്ട ജനകീയ സർക്കാരുകൾ, ജനങ്ങളെ ദ്രോഹിച്ചും ഞെക്കിപ്പിഴിഞ്ഞും കൊള്ളയടി തുടരുന്നതിനെതിരേ ജനരോഷം ഉയരാതെ മാർഗമില്ല.
ജനങ്ങളെ മറന്ന് എണ്ണ തേയ്ക്കരുത്
ആഗോള എണ്ണ വിപണിയിലെ വിലക്കുറവിന്റെ അർഹമായ ആനുകൂല്യം സാധാരണ ഉപയോക്താവിനു നിഷേധിച്ചുകൊണ്ടുള്ള ഈ കൊള്ള ഇനിയും തുടരാൻ അനുവദിച്ചു കൂടാ. ഇന്ധനവില ഉടൻ കുറച്ചേ മതിയാകൂ.
അന്താരാഷ്ട്ര വിപണിയിൽ വില കയറിയപ്പോഴൊക്കെ ജനങ്ങളുടെ മേൽ അമിതഭാരം ചുമത്താൻ മടിച്ചിട്ടുമില്ല. അംബാനിയുടെയും അദാനിയുടെയും അടക്കമുള്ള എണ്ണക്കന്പനികളും സർക്കാരുകളും ചേർന്നുള്ള പോക്കറ്റടിക്കെതിരേ കോണ്ഗ്രസും സിപിഎമ്മും ആം ആദ്മി പാർട്ടിയും അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ മൗനം തുടരുന്നതു പരിഹാസ്യവും തെറ്റുമാണ്.
രാഷ്ട്രീയക്കളികൾക്കിടയിൽ സാധാരണക്കാരുടെ വേദനയും ദുരിതവും കണ്ടില്ലെന്നു സർക്കാരുകളും രാഷ്ട്രീയനേതാക്കളും നടിക്കരുത്.