ഡല്‍ഹി: രാജസ്ഥാനില്‍ ബിജെപി കുതിപ്പ് തുടരുന്നതിനിടെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ചര്‍ച്ചകള്‍ സജീവം. മുന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയുടെയും ബിജെപിയുടെ സിറ്റിംഗ് എംപി ദിയാ കുമാരിയുടെയും പേരുകള്‍ പ്രചാരണത്തിനിടെ വ്യാപകമായി ഉയര്‍ന്നുവന്നിരുന്നു.
ജയ്പൂരിലെ വിദ്യാധര്‍ നഗര്‍ സീറ്റില്‍ മത്സരിക്കുന്ന ദിയാ കുമാരി മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് പാര്‍ട്ടി നേതൃത്വം തീരുമാനിക്കുമെന്നായിരുന്നു ദിയാ കുമാരിയുടെ പ്രതികരണം.
'മുഖ്യമന്ത്രി സ്ഥാനം സ്വീകരിക്കണോ വേണ്ടയോ എന്നല്ല. അത് പാര്‍ട്ടിയുടെ ഉന്നത നേതൃത്വം തീരുമാനിക്കും. ജനങ്ങളുടെ സ്നേഹം കാരണമാണ് എന്നെ രാജസ്ഥാന്‍ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നത്.
ആരാണ് മുഖ്യമന്ത്രിയാകുന്നത് എന്ന് പാര്‍ലമെന്ററി ബോര്‍ഡ് തീരുമാനിക്കും,' ദിയാ കുമാരി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച പ്രകടനം നടത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
'മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപി വിജയിക്കുകയാണ്. ഞങ്ങള്‍ അതീവ സന്തുഷ്ടരാണ്. അഴിമതി നിറഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിഴുതെറിയുകയും വികസനത്തിനായി ജനങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്യുകയും ചെയ്തു,' ബിജെപി പ്രവര്‍ത്തകരുടെ വിജയാഹ്ലാദങ്ങള്‍ക്കിടയില്‍ ദിയാ കുമാരി പറഞ്ഞു.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് വളരെ നല്ലതും പോസിറ്റീവുമായ അന്തരീക്ഷമായതിനാല്‍ ബിജെപി മുമ്പത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്നായിരുന്നു മറുപടി.