ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത്തരമാണ്. തെരഞ്ഞെടുപ്പിന്റെ നാലു ഘട്ടങ്ങൾ പൂർത്തിയായപ്പോൾ മത്സരം കൂടുതൽ പ്രവചനാതീതമായി. തരംഗം ഏതുമില്ലാത്ത തെരഞ്ഞെടുപ്പാണിത്. നരേന്ദ്ര മോദിക്കും ബിജെപിക്കും കേവല ഭൂരിപക്ഷം കിട്ടിയേക്കില്ലെന്ന അഭ്യൂഹം വ്യാപകവും ശക്തവുമാണ്.
ഇന്ത്യ സഖ്യത്തിനു വ്യക്തമായ ഭൂരിപക്ഷം കിട്ടുമോയെന്നതിലും ആർക്കും തീർച്ചയില്ല. തൂക്കുസഭ വന്നാൽ നരേന്ദ്ര മോദി തന്നെ മൂന്നാം തവണയും പ്രധാനമന്ത്രി ആകുമെന്ന വിശ്വാസത്തിലാണ് ബിജെപിക്കാരും വ്യവസായികളും. എന്നാൽ, മോദിയെ താഴെയിറക്കി കേന്ദ്രത്തിൽ ഭരണം പിടിക്കുമെന്നതിൽ സംശയം വേണ്ടെന്ന് കോണ്‍ഗ്രസും ഇന്ത്യ സഖ്യം നേതാക്കളും പറയുന്നു.
ജൂണ്‍ നാലിന് വോട്ടെണ്ണുന്നതു വരെ ഇന്ത്യ ഇനി ആരു ഭരിക്കുമെന്നതിനു വ്യക്തത വരില്ല. രാഷ്ട്രീയ നേതാക്കളിലെ ആശയക്കുഴപ്പവും ആശങ്കയും 16 ദിവസം കൂടി തുടരും. 2014ലും 2019ലും വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ മോദിക്ക് ഇത്തവണ വെല്ലുവിളി ഏറെയാണ്.
ബിജെപിയുടെ പ്രചാരണം മോദിയിലേക്കു പൂർണമായി കേന്ദ്രീകരിച്ചതു തിരിച്ചടിയാകുമോ എന്നതും കണ്ടറിയേണ്ടിയിരിക്കുന്നു. മോദി കളം നിറഞ്ഞപ്പോൾ, ബിജെപിയും ആർഎസ്എസും കേൾക്കാതായി. ബിജെപിയുടെ പ്രകടനപത്രിക പോലും മോദി ഗാരന്റിയായി.
രാജ്യമെങ്ങും ബിജെപി സ്ഥാപിച്ച പരസ്യബോർഡുകളിൽ മോദിയും മോദി ഗാരന്റിയും മാത്രമായി. ദക്ഷിണേന്ത്യ വിട്ടാൽ പാർട്ടി അധ്യക്ഷൻ മുതൽ സ്ഥാനാർഥികൾ വരെ പരസ്യബോർഡുകളിൽനിന്ന് ഔട്ടായി. എല്ലാം മോദി മയം!
തിരിച്ചടികളുടെ വേനലറുതി
ന്യൂസ്ക്ലിക് എന്ന വാർത്താ പോർട്ടലിന്റെ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുരകായസ്തയെ സുപ്രീംകോടതി വിട്ടയച്ചു. കൃത്യമായ കാരണം അറിയിക്കാതെയുള്ള പുരകായസ്തയുടെ അറസ്റ്റും റിമാൻഡും നിയമവിരുദ്ധമാണെന്നു കോടതി വ്യക്തമാക്കി.
ഇഡിയുടെ എല്ലാവിധ എതിർപ്പും തള്ളിക്കൊണ്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് പ്രചാരണത്തിനിറങ്ങാൻ ജാമ്യം നൽകിയതിനു പിന്നാലെയാണിത്. എഎപി നേതാവ് സഞ്ജയ് സിംഗ് എംപിക്കും സുപ്രീംകോടതി ജാമ്യം നൽകി.
പ്രതിപക്ഷ നേതാക്കളെ കേസിൽ കുടുക്കി അറസ്റ്റ് ചെയ്യുന്ന പരന്പരയിലെ തിരിച്ചടികളും കേന്ദ്രത്തിനെതിരേ പരന്പരയാവുകയാണ്. തെരഞ്ഞെടുപ്പുകാലമായതോടെ മോദിയുടെ സ്വപ്നങ്ങൾക്കുമേൽ കരിനിഴൽ വീഴ്ത്തുന്നതാണു പല സംഭവങ്ങളും.
മോദി സർക്കാരിന്റെ വിവാദമായ ഇലക്ടറൽ ബോണ്ട് പദ്ധതി അപ്പാടെ റദ്ദാക്കുകയും ഭരണഘടനാവിരുദ്ധമാണെന്നു പ്രഖ്യാപിക്കുകയും ചെയ്തതിന്റെ ക്ഷീണം മാറുംമുന്പാണു കേജരിവാളിനും സഞ്ജയ് സിംഗിനും പുരകായസ്തയ്ക്കും ജാമ്യം നൽകിയത്.
ചൈനീസ് അനുകൂല വാർത്ത പ്രചരിപ്പിക്കാൻ പണം കൈപ്പറ്റിയെന്ന കേസിൽ യുഎപിഎ ചുമത്തിയാണ് ന്യൂസ് ക്ലിക് പത്രാധിപരെ തുറുങ്കിലടച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ മൂന്നിന് ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത കേസിൽ കുറ്റപത്രം സമർപ്പിച്ച ശേഷമാണു പുരകായസ്തയെ വിട്ടയച്ചതെന്നതും ശ്രദ്ധേയമായി.
ഏതായാലും കൊടുംവേനലിൽ ഉത്തരേന്ത്യ ചുട്ടുപൊള്ളുന്പോൾ, സുപ്രീംകോടതിയിൽനിന്നു തുടരെയുള്ള പ്രഹരമാണു കേന്ദ്രസർക്കാരിനും അന്വേഷണ ഏജൻസികൾക്കും കിട്ടുന്നത്.
വിപണികളിൽ ചാഞ്ചാട്ടം
വലിയ മോഹങ്ങളുമായി തെരഞ്ഞെടുപ്പിനിറങ്ങിയ മോദിക്ക് വോട്ടെടുപ്പിന്റെ ഓരോ ഘട്ടം കഴിയുന്തോറും ആശങ്കകൾ കൂടുകയാണ്. ഊഹക്കച്ചവടക്കാരും ഓഹരിവിപണിയിലെ വന്പന്മാരും മുതൽ ചൂതാട്ടക്കാർ വരെ മോദിയുടെ ഗ്രാഫ് താഴ്ത്തുന്നു.
ഓഹരിവിപണിയുടെ ചാഞ്ചാട്ടത്തിന്റെയും പ്രതീക്ഷയുടെയും അളവുകോലായി കണക്കാക്കുന്ന ഇന്ത്യൻ വോളറ്റലിറ്റി ഇൻഡക്സ് (വിഐഎക്സ്) സൂചികയും മോദിക്കെതിരാണ്. സൂചിക ഒരു മാസത്തിനുള്ളിൽ 65 ശതമാനമാണ് ഉയർന്നത്.
ഓഹരിവിപണിയിലെ അസ്ഥിരതാ സൂചിക ഉയരുന്നത് ബിജെപിക്കെതിരേയുള്ള വേലിയേറ്റത്തിന്റെ സൂചനയാണോയെന്നാണു നിരീക്ഷകരുടെ സംശയം. ബിജെപിക്കും എൻഡിഎയ്ക്കും അവർ അവകാശപ്പെടുന്ന 400, 300 സീറ്റുകൾ കിട്ടില്ലെന്നല്ല, മറിച്ചു കേവല ഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകൾ പോലും കിട്ടാതെപോയേക്കുമെന്ന ആശങ്ക പ്രകടമാണ്.
കൈവിട്ട കല്ലും വാവിട്ട വാക്കും
രാഷ്ട്രീയ നേതാക്കൾ പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ അന്തരമുണ്ടാകുന്നുവെന്ന് അറിയാം. എന്നാൽ, ഒരേ നേതാവിന്റെ അടുത്തടുത്തുള്ള പ്രസ്താവനകളിൽ ഒരിക്കൽ പറയുന്നതും പിന്നീടു പറയുന്നതും തമ്മിൽ തുടർച്ചയായ അന്തരം ഉണ്ടാകുക അസ്വാഭാവികമാണ്.
ഒരു നാവിലൂടെ പല രീതിയിൽ ഒരേ കാര്യം വരുന്നതു നല്ലതല്ല. പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് അത്തരം കടുത്ത വൈരുധ്യങ്ങൾ ജനം പ്രതീക്ഷിക്കുന്നില്ല. കൈവിട്ട കല്ലും വാവിട്ട വാക്കും തിരിച്ചെടുക്കാനാകില്ലെന്നു നല്ലപോലെ അറിയാവുന്നയാളാണ് മോദി.
വർഗീയതയുള്ള തുടർപ്രസ്താവനകളിൽനിന്ന് മോദിയുടെ ആശങ്കയും ഭയപ്പാടും വ്യക്തമാണെന്നു പലരും വിശ്വസിക്കുന്നു. സബ്കാ സാത്ത്, സബ്കാ വികാസ് എന്ന മുദ്രാവാക്യം പറയുന്ന പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിലെ ഊന്നൽ തികച്ചും മുസ്ലിം വിരുദ്ധത കുത്തിനിറച്ചതിനു പിന്നിലെ ലക്ഷ്യം വ്യക്തം.
മുസ്ലിം, മംഗല്യസൂത്രം, മട്ടണ്‍ തുടങ്ങിയവയും പാക്കിസ്ഥാനും കൂട്ടിച്ചേർത്ത് ഭൂരിപക്ഷ വോട്ടുകളുടെ ധ്രുവീകരണത്തിനായി എന്തും പറയുന്ന നിലയിലേക്കു പ്രധാനമന്ത്രി തരം താഴ്ന്നുവെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പറയുന്നു.
ഹിന്ദു-മുസ്ലിം വേർതിരിവോടെ സംസാരിച്ചാൽ രാഷ്ട്രീയത്തിൽനിന്നുതന്നെ മാറുമെന്നു പറയുന്ന മോദി, അതിന്റെ മുന്നിലും പിന്നിലും കടുത്ത മുസ്ലിം വിരുദ്ധത പറഞ്ഞതാണു വിരോധാഭാസം. മതം വേർതിരിച്ച് ഒരിക്കലും പറയില്ലെന്നതു തന്റെ പ്രതിജ്ഞയാണെന്നാണ് മോദി സ്വന്തം മണ്ഡലമായ വാരണാസിയിൽ പറഞ്ഞത്.
തെരഞ്ഞെടുപ്പിൽ ജയിക്കാനായി ഹിന്ദു- മുസ്ലിം ഭിന്നത സൃഷ്ടിക്കുകയാണെന്ന വിമർശനങ്ങൾ ഞെട്ടിച്ചുവെന്നു മോദി പറഞ്ഞു. കൂടുതൽ കുട്ടികളുള്ളവർ എന്നു പറഞ്ഞാൽ എങ്ങനെയാണു മുസ്ലിംകൾക്ക് എതിരാവുക?
അതു പാവപ്പെട്ട കുടുംബങ്ങൾ ആകരുതോയെന്നും മോദി ചോദിച്ചു. ഇതു പറയുന്പോൾ പോലും കൂടുതൽ കുട്ടികളുള്ളവരെ മുസ്ലിംകളുമായാണു മോദി ബന്ധിപ്പിച്ചതെന്ന് അദ്ദേഹത്തിന് അറിയാഞ്ഞിട്ടാകില്ല.
മോദിയുടെ വർഗീയച്ചേരുവ
വാരണാസിയിൽ പറഞ്ഞതിന്റെ പിറ്റേന്നു മഹാരാഷ്ട്രയിലെ നാസിക്കിൽ എത്തിയപ്പോൾ മോദിയുടെ മതസഹിഷ്ണുത നഷ്ടമായി. രാജ്യത്തെ ബജറ്റിന്റെ 15 ശതമാനം മുസ്ലിംകൾക്കു നൽകാൻ കോണ്‍ഗ്രസ് ആഗ്രഹിച്ചിരുന്നു എന്നാണ് മോദി ആരോപിച്ചത്.
ഹിന്ദുക്കൾക്കും മുസ്ലിംകൾക്കും വെവ്വേറെ ബജറ്റുകൾ കൊണ്ടുവരാനാണ് കോണ്‍ഗ്രസിന്റെ ആഗ്രഹമത്രേ. മുന്‍പ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിൽ ഒരിടത്തുമില്ലാത്ത കാര്യം പറഞ്ഞ മോദി ഇതേ കാര്യം മറ്റൊരു തരത്തിൽ ആവർത്തിക്കുന്നു.
രാജ്യത്തെ വിഭവങ്ങളുടെ ആദ്യ അവകാശം മുസ്ലിംകൾക്കാണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പറഞ്ഞെന്ന് ആരോപിച്ചായിരുന്നു ആദ്യത്തെ പ്രസ്താവന. മോദിയുടെ ഈ വിവാദ പ്രസ്താവനയ്ക്കെതിരേ പ്രതിപക്ഷം പരാതി നൽകിയെങ്കിലും ബിജെപി അധ്യക്ഷനു നോട്ടീസ് നൽകി, മറ്റൊന്നും പ്രതികരിക്കാതെ ഉറങ്ങുകയാണ് നിഷ്പക്ഷരാകേണ്ട കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ!
വോട്ട് ജിഹാദ് എന്ന പദപ്രയോഗം വരെ പ്രധാനമന്ത്രി മോദി നടത്തിയതാണു കഷ്ടം. ജനങ്ങൾ കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്തുക്കൾ പിടിച്ചെടുത്ത് വോട്ട് ജിഹാദ് നടത്തുന്നവർക്ക് കോണ്‍ഗ്രസ് വിതരണം ചെയ്യുമെന്ന് ജാർഖണ്ഡിലെ ഛായ്ബാസയിൽ മോദി പ്രസംഗിച്ചു. ലോക തൊഴിലാളിദിനത്തിലായിരുന്നു ഇത്. കോണ്‍ഗ്രസിനു ഭരണം കിട്ടിയാൽ കർണാടക മാതൃകയിൽ പിന്നാക്കക്കാരുടെ സംവരണം കവർന്നെടുത്തു മുസ്ലിംകൾക്കു കൊടുക്കും.
വോട്ട് ബാങ്ക് എന്ന ഒറ്റ ന്യൂനപക്ഷമേ കോണ്‍ഗ്രസിനു മുന്നിൽ ഉള്ളൂവെന്നും നാസിക്കിലെ റാലിയിൽ മോദി ആരോപിച്ചു. കോണ്‍ഗ്രസ് വന്നാൽ ക്രിക്കറ്റ് ടീമിൽ പോലും ന്യൂനപക്ഷങ്ങൾക്കു മുൻഗണന നൽകുമെന്നു മധ്യപ്രദേശിലെ ധറിൽ കഴിഞ്ഞയാഴ്ച മോദി പറഞ്ഞു.
മുസ്ലിംകൾക്കു സംവരണം നൽകാൻ ഭരണഘടന മാറ്റില്ലെന്ന് എഴുതിത്തരാൻ കോണ്‍ഗ്രസിനു ധൈര്യമുണ്ടോയെന്നു ഗുജറാത്തിലെ റാലിയിൽ ചോദിച്ചതിന്റെ ലക്ഷ്യവും പച്ചയായ വർഗീയ ധ്രുവീകരണമാകും.
മലമുകളിൽനിന്ന് ഇറങ്ങണം
കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിൽ വലിയ സംസ്ഥാനങ്ങളിൽ പലതിലും ബിജെപി പരമാവധി സീറ്റുകൾ നേടി. യുപി, ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, ഹരിയാന, ഡൽഹി, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വൻവിജയം മോദിക്കു ലഹരിയായി.
ഗുജറാത്ത്, രാജസ്ഥാൻ, ആന്ധ്രപ്രദേശ്, ഹരിയാന, ഡൽഹി, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് തുടങ്ങിയവ മുതൽ മിക്ക ചെറുസംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും കോണ്‍ഗ്രസ് വട്ടപ്പൂജ്യമായി.
യുപി, മഹാരാഷ്ട്ര, ബിഹാർ, മധ്യപ്രദേശ്, കർണാടക, ഒഡീഷ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പേരിനൊരു സീറ്റിൽ വീതമാണു കോണ്‍ഗ്രസിനു ജയിക്കാനായത്. കോണ്‍ഗ്രസ് കോട്ടയായിരുന്ന അമേഠിയിൽ രാഹുലിന്റെ തോൽവി പാർട്ടിയുടെ തകർച്ചയുടെ നേർചിത്രമായി.
വിജയത്തിന്റെ കൊടുമുടി കയറിയ ബിജെപിക്കും മോദിക്കും പക്ഷെ ഇക്കുറി മിക്ക സംസ്ഥാനങ്ങളിലും സീറ്റുനില ഉയർത്താൻ കഴിയില്ല. വലിയ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും ഒന്നു മുതൽ 10 വരെയെങ്കിലും സീറ്റുകൾ കുറയാനുള്ള സാധ്യതകളാണു രാഷ്ട്രീയനിരീക്ഷകർ പ്രവചിക്കുന്നത്.
ഒഡീഷയിലും ആന്ധ്രപ്രദേശിലും ബംഗാളിലും സീറ്റു കൂടുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. ബംഗാളിൽ ബിജെപിക്കു നിലവിലുള്ള 18 എംപിമാരുടെ എണ്ണത്തിൽ കുറവുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
കർണാടക, മഹാരാഷ്ട്ര, ബിഹാർ, തെലുങ്കാന, ഹരിയാന, ഡൽഹി, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉണ്ടാകുന്ന കുറവ് മറ്റെവിടെയെങ്കിലും മറികടക്കാൻ കഴിയുമെന്നു ബിജെപിയുടെ കേന്ദ്രനേതൃത്വം പോലും പ്രതീക്ഷിക്കാനിടയില്ല. ചുരുക്കത്തിൽ ബിജെപിക്കും എൻഡിഎക്കും ഉള്ളതു കുറയാനും കോണ്‍ഗ്രസിനും ഇന്ത്യ സഖ്യത്തിനും സീറ്റു കൂടാനും സാധ്യതയേറെയാണ്.
ജനവിധിക്കായി പ്രതീക്ഷയോടെ
കുറഞ്ഞ ഭൂരിപക്ഷത്തിലെങ്കിലും മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നു വിശ്വസിക്കുന്നവർ നിരവധിയാണ്. എന്നാൽ, മോദിയുടെ ഏകാധിപത്യത്തിന് അന്ത്യം കുറിച്ച്, തട്ടിക്കൂട്ടു മന്ത്രിസഭയെങ്കിലും രൂപീകരിക്കുമെന്നു പ്രതിപക്ഷ നേതാക്കൾ പ്രതീക്ഷിക്കുന്നു.
ഇന്ത്യയുടെ രാഷ്ട്രീയവും ഭരണരീതിയും ജനാധിപത്യവും മതേതരത്വവും അടക്കമുള്ളവയുടെ ഭാവി നിർണയിക്കുന്ന സങ്കീർണമായൊരു ജനവിധി എന്താകുമെന്നറിയാൻ അടുത്ത മാസാദ്യം വരെ കാത്തിരിക്കാം.