നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണ്- കേട്ടു തഴമ്പിച്ച വാചകമാണിത്. സാധാരണക്കാരന്റെ അവസാന പ്രതീക്ഷയും അഭയവും നീതിപീഠങ്ങളാണെന്നും ആവര്‍ത്തിക്കപ്പെടുന്നു.
പക്ഷേ, ഉന്നത നീതിപീഠങ്ങളും ചില ന്യായാധിപന്മാരും സംശയാതീതരല്ലെന്നതാണു ദുഃഖകരം. മുതിര്‍ന്ന അഭിഭാ ഷകനായ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞതുപോലെ, ജുഡീഷറി ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളിലും കറു ത്ത ആടുകളുടെയും അഴിമതിക്കാരായ ജഡ്ജിമാരുടെയും പങ്കുണ്ട്.
എന്നാല്‍, ഉത്തരവാദിത്വത്തില്‍നിന്നുള്ള സ്വാതന്ത്ര്യമല്ല എന്ന് പ്രശാന്ത് ഭൂഷണ്‍ ഓര്‍മിപ്പിക്കു ന്നു. ജുഡീഷറിയുടെ സ്വാതന്ത്ര്യം ഭരണഘടനയുടെ അടിസ്ഥാനഘടനയാണ്. സാധാരണ പൗരനു പോലും നീതി ലഭ്യമാക്കിയെങ്കിലേ ജനാധിപത്യം അര്‍ഥവത്താകൂ. ആരോഗ്യകരവും ശക്തവുമായ നിയമവാഴ്ചയില്ലെങ്കില്‍ ജനാധിപത്യം അപകടത്തിലാകും.
കാര്യങ്ങള്‍ ഓര്‍ഡറിലല്ല
ഭരണഘടനയും നിയമവ്യവസ്ഥയും സംരക്ഷിക്കുകയും സാധാരണ പൗരനു തുല്യനീതിയും തു ല്യാവകാശങ്ങളും തുല്യാവസരങ്ങളും ഉറപ്പാക്കുകയും ചെയ്യുകയാണു ജുഡീഷറിയുടെ പ്രധാന കടമ. പലപ്പോഴും അതുണ്ടാകുന്നില്ല.
ഭരണകൂട സംവിധാനം കുറ്റവാളികളെ സംരക്ഷിക്കുകയും പബ്ലി ക് പ്രോസിക്യൂട്ടര്‍മാര്‍ ചില കേസുകളിലെ പ്രതികളുമായി ഒത്തുകളിക്കുകയും ഇരകള്‍ പ്രത്യേക സമുദായത്തിലെ അംഗങ്ങളായിരിക്കുകയും ചെയ്യുമ്പോള്‍, എല്ലാവര്‍ക്കും നീതി എന്നതു പൊള്ളയായ പ്രയോഗമാണെന്നു പ്രശസ്ത അഭിഭാഷകനും സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡ ന്റുമായ കപില്‍ സിബല്‍ പറഞ്ഞിട്ടുണ്ട്.
ജനാധിപത്യം അപകടത്തിലാണെന്നും പരമോന്നത കോടതിയില്‍ കാര്യങ്ങള്‍ ഓര്‍ഡറില്‍ അല്ലെ ന്നും സുപ്രീംകോടതി കൊളീജിയത്തിലെ മുതിര്‍ന്ന നാലു ജഡ്ജിമാരായിരുന്ന ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ലോക്കുര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ പത്രസമ്മേളനം വിളിച്ചു തുറന്നടിച്ച തു മറക്കാറായിട്ടില്ല.
2018 ജനുവരി 12നായിരുന്നു ആ സംഭവം. അതേ രഞ്ജന്‍ ഗൊഗോയ് പിന്നീട് ചീഫ് ജസ്റ്റീസായതും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും കാരുണ്യത്തില്‍ രാ ജ്യസഭാംഗമായതും ജനങ്ങള്‍ക്കു കാണേണ്ടിവന്നു.
ചരിത്രം വിലയിരുത്തട്ടെ
സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് നാളെ വിരമിക്കുകയാണ്. ചീഫ് ജസ്റ്റീസ് എന്ന നിലയിലുള്ള തന്റെ പ്രവര്‍ത്തനകാലത്തെ ചരിത്രം എങ്ങനെയാകും വിലയിരുത്തുകയെന്ന ചോദ്യം തന്നെ വല്ലാതെ അലട്ടുണ്ടെന്നുണ്ടെന്ന് അദ്ദേഹംതന്നെയാണു വ്യക്തമാക്കിയത്. ഉദ്ദേശിച്ച കാര്യങ്ങ ളെല്ലാം ഫലപ്രാപ്തിയിലെത്തിയോ? വ്യതിരിക്തമായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമായിരുന്നോ?
ഭാവിതലമുറയിലെ ജഡ്ജിമാര്‍ക്കും നിയമലോകത്തുള്ളവര്‍ക്കും കൈമാറുന്ന പൈതൃകം എന്തായിരിക്കും? ഈ ചോദ്യങ്ങള്‍ക്കൊന്നും തനിക്കു കൃത്യമായ ഉത്തരങ്ങളില്ലെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യ ത്തിനായി എന്തെങ്കിലും ചെയ്തുവെന്ന ആത്മസംതൃപ്തിയോടെയാണു ദിവസവും കിടന്നുറങ്ങുന്ന തെന്നു ചീഫ് ജസ്റ്റീസ് വിശദീകരിച്ചു. കോടതിയില്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമി ക്കണമെന്ന് അവസാന പ്രവൃത്തിദിവസമായ ഇന്നലെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറയാനും അദ്ദേ ഹം മടിച്ചില്ല.
രണ്ടു വര്‍ഷം ഇന്ത്യയുടെ ചീഫ് ജസ്റ്റീസായിരുന്നു ധനഞ്ജയ വൈ. ചന്ദ്രചൂഡ്. സമീപകാലത്തെ ദൈര്‍ഘ്യമേറിയ കാലയളവുകളിലൊന്നാണിത്. ജഡ്ജി എന്ന നിലയിലും സുപ്രീംകോടതിയുടെ ഭര ണപരമായ തലവനെന്ന നിലയിലും ജസ്റ്റീസ് ചന്ദ്രചൂഡിന്റെ ഔദ്യോഗിക കാലയളവിലേക്കു തിരി ഞ്ഞുനോക്കുമ്പോള്‍ സമ്മിശ്ര പ്രതികരണങ്ങളാണു കിട്ടുക.
അദ്ദേഹം സ്വയം ഉയര്‍ത്തിയ ചോദ്യങ്ങ ള്‍തന്നെയാണു നിയമലോകത്തു തല്ലും തലോടലുമായത്. സത്യസന്ധനും നീതിമാനുമെന്നു പേരെ ടുക്കുകയും അഴിമതിയാരോപണങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്തപ്പോഴും ജസ്റ്റീസ് ചന്ദ്രചൂഡിന്റെ തിളക്കത്തിനു മങ്ങലേല്‍ക്കരുതായിരുന്നു.
പറഞ്ഞതൊന്ന്, ചെയ്തതോ?
ചില മുന്‍ഗാമികളുടെ നടപടികള്‍ വിവാദമായ പശ്ചാത്തലത്തില്‍ നലം തികഞ്ഞ, കറകളഞ്ഞ ന്യാ യാധിപനെന്ന നിലയില്‍ ധനഞ്ജയ ഡി. ചന്ദ്രചൂഡ് ചീഫ് ജസ്റ്റീസായി ചുമതലയേല്‍ക്കുമ്പോള്‍ അ ദ്ദേഹത്തില്‍ വലിയ പ്രതീക്ഷകളുണ്ടായിരുന്നു. പക്ഷേ, ചന്ദ്രചൂഡ് വളരെ ആഴത്തില്‍ നിരാശനാക്കിയെന്നും പ്രതീക്ഷകള്‍ തെറ്റിച്ചെന്നുമാണു പ്രമുഖ അഭിഭാഷകനും സുപ്രീംകോടതി ബാര്‍ അസോ സിയേഷന്‍ മുന്‍ പ്രസിഡന്റുമായ ദുഷ്യന്ത് ദവെ തുറന്നടിച്ചത്.
രാഷ്ട്രീയപ്രാധാന്യമുള്ള (സെന്‍സി റ്റീവായ) കാര്യങ്ങളില്‍ ജസ്റ്റീസ് ചന്ദ്രചൂഡ് നിരാശനാക്കുമെന്ന്, ചീഫ് ജസ്റ്റീസായി ചുമതലയേല്‍ ക്കുന്നതിനു മുമ്പായി 2022 ഒക്ടോബറില്‍ ഇതേ ദുഷ്യന്ത് ദവേ മുന്നറിയിപ്പു നല്‍കിയിരുന്നു.
അയോധ്യ, ഇലക്ടറല്‍ ബോണ്ട്, ജമ്മു കാഷ്മീരിന്റെ അനുച്ഛേദം 370 റദ്ദാക്കല്‍ അടക്കമുള്ള സുപ്രധാന കേസുകളിലെ ജസ്റ്റീസ് ചന്ദ്രചൂഡിന്റെ വിധിതീര്‍പ്പുകളും നിലപാടുകളും സമീപനങ്ങളും കടു ത്ത വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായി.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹര്‍ ജികള്‍ പരിഗണിക്കാതെ നീട്ടിയതിലും രാഷ്ട്രീയചായ്വാണു നിയമലോകം ദര്‍ശിച്ചത്.
തെരഞ്ഞെടുപ്പു കടപ്പത്ര പദ്ധതി ഭരണഘടനാവിരുദ്ധമെന്ന് പ്രഖ്യാപിച്ചശേഷം അതിലൂടെ ശതകോടികള്‍ കൈക്കലാക്കിയവരെക്കുറിച്ച് അന്വേഷണം വേണ്ടെന്നു വച്ചതിനെ എങ്ങനെ ന്യായീകരിക്കും? വിമര്‍ശനാത്മകമായി വിലയിരുത്തപ്പെട്ടാല്‍ മാത്രമേ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാലു തൂണുകളും ശക്തിപ്പെടുകയുള്ളൂ.
ദൈവത്തെ ചാരിയ അയോധ്യ
പൊതുവെ സ്വീകരിക്കപ്പെട്ടെങ്കിലും അനുച്ഛേദം 370 റദ്ദാക്കലിലും ചില പോരായ്മകളുണ്ടായി. ജ മ്മുകാഷ്മീര്‍ നിയമസഭയാണ് അനുച്ഛേദം 370 റദ്ദാക്കണമോ പരിഷ്‌കരിക്കണമോ നിലനിര്‍ത്തണ മോയെന്ന കാര്യം ആദ്യം പരിഗണിക്കേണ്ടിയിരുന്നതെന്ന വാദം വിസ്മരിക്കാനാകില്ല.
എന്നാല്‍, സ്വ കാര്യതാ സംരക്ഷണ വിധി മുതല്‍ അവസാനമായി ഇന്നലെ അലിഗഡ് മുസ്ലിം സര്‍വകലാശാലയു ടെ ന്യൂനപക്ഷ പദവി നിലനിര്‍ത്തിയതു വരെയുള്ള പലതിലും അദ്ദേഹത്തിന്റെ തീര്‍പ്പുകള്‍ക്കു തിള ക്കവുമുണ്ട്.
അയോധ്യ കേസില്‍ വിധിതീര്‍പ്പുണ്ടായപ്പോള്‍ ചന്ദ്രചൂഡ് ചീഫ് ജസ്റ്റീസ് ആയിരുന്നില്ല. എന്നാല്‍, അദ്ദേഹമാണ് ആ വിധിയെഴുതിയതെന്ന് ഇപ്പോഴറിയാം. തര്‍ക്കഭൂമി പൂര്‍ണമായി രാമക്ഷേത്രത്തിനാ യി വിട്ടുകൊടുത്ത അന്തിമവിധിക്കായി ദൈവത്തോടു താന്‍ പ്രാര്‍ഥിച്ചുവെന്ന് ജസ്റ്റീസ് ചന്ദ്രചൂഡ് സ്വയം നടത്തിയ വെളിപ്പെടുത്തലില്‍ നിയമജ്ഞര്‍ അപകടം മണക്കുന്നു.
നിയമങ്ങളേക്കാളും പൊ തുവികാരവും മതസ്‌നേഹവും വിധിയെ സ്വാധീനിക്കരുതല്ലോ. ന്യായാധിപനു മുന്നില്‍ വ്യക്തിപര മായ വിശ്വാസം, മതം, ജാതി എന്നിവ പാടില്ല.
ഭരണഘടനയാകണം ജഡ്ജിയുടെ വേദപുസ്തകം. നിയമങ്ങളാകണം ചട്ടക്കൂട്. ശബരിമല കേസ് മുതല്‍ സ്വവര്‍ഗരതി, വ്യഭിചാരം തുടങ്ങിയ വിഷയങ്ങളിലേതുപോലെ പൊതുവികാരം നോക്കി ഒഴുക്കിനൊപ്പം നീന്തുകയല്ല ന്യായാധിപ ജോലി.
ശക്തരുടെ മുന്നില്‍ കുനിഞ്ഞ്
പ്രധാനമന്ത്രി മോദിയുടെയും സംഘപരിവാറിന്റെയും വിജയമായി അയോധ്യ കേസിലെ സുപ്രീം കോടതി വിധി ഭരണപക്ഷം ഉയര്‍ത്തിക്കാട്ടിയപ്പോള്‍, നീതിപീഠത്തിന്റെ നിഷ്പക്ഷതയിലാണു കരിനിഴല്‍ വീണത്.
രാമക്ഷേത്ര നിര്‍മാണവും അനുച്ഛേദം 370 റദ്ദാക്കലുമെല്ലാം ബിജെപി പ്രകടനപത്രി കയുടെ ഭാഗമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിക്കു മുന്നില്‍ പല കോടതികളും മുട്ടുമടക്കിയതുപോലെ, ശക്തനായ മോദിക്കു മുന്നില്‍ കീഴടങ്ങാനുള്ളതല്ല ഇന്ത്യന്‍ ജുഡീഷറിയു ടെ അന്തസും നിഷ്പക്ഷതയുമെന്നു ബോധ്യപ്പെടുത്താനുള്ള അവസരമാണു കളഞ്ഞുകുളിച്ചത്.
അധികാരത്തിലുള്ളവരുമായി ജഡ്ജിമാര്‍ ഒത്തുകളിക്കുന്നുവെന്ന തോന്നല്‍ പോലും ജനാധിപത്യത്തിനു ഹാനികരമാണ്.
രാജ്യത്തെ ഏതു നിയമം അനുസരിച്ചാണു തര്‍ക്കഭൂമിയുടെ അവകാശം തീരുമാനിച്ചതെന്ന ചോദ്യ ത്തിന് രാമക്ഷേത്ര നിര്‍മാണത്തെ അനുകൂലിച്ചവര്‍ക്കും കൃത്യമായ ഉത്തരമില്ല. ബാബറി മസ്ജിദ് പൊളിച്ചതു ക്രിമിനല്‍ കുറ്റമായി കണ്ടെത്തിയ കോടതിതന്നെയാണു കുറ്റം ചെയ്തവര്‍ക്ക് അനുകൂ ലമായി വിധിയെഴുതിയത്.
അയോധ്യ കേസില്‍ വിധിയെഴുതിയ ബെഞ്ചിലെ അഞ്ചു ജഡ്ജിമാര്‍ക്കും പിന്നീട് ഏതെങ്കിലും വിധത്തില്‍ ആനുകൂല്യമോ പദവിയോ ലഭിച്ചുവെന്നതും രാജ്യം തിരിച്ചറിയും. ചീഫ് ജസ്റ്റീസിന്റെ ഔദ്യോഗിക വസതിയില്‍, വീട്ടുകാര്‍ മാത്രമുള്ള സ്വകാര്യപൂജയ്ക്കായി പ്രധാനമ ന്ത്രി മോദിയെ പ്രത്യേകം ക്ഷണിച്ചുവരുത്തിയതും നിഷ്പക്ഷതയ്ക്കു കളങ്കമായി.
പൊതുചടങ്ങുകളില്‍ പങ്കെടുക്കുന്നതുപോലെയല്ലേ, സഹജഡ്ജിമാരെപോലും ക്ഷണിക്കാത്ത മതപരമായ സ്വകാ ര്യ ചടങ്ങിന് പ്രധാനമന്ത്രിയെ വീട്ടിലേക്കു വിളിച്ചത്. ചീഫ് ജസ്റ്റീസിന്റെ വീട്ടില്‍ മോദി പൂജ നടത്തു ന്ന ഫോട്ടോകളും വീഡിയോകളും പ്രധാനമന്ത്രിയുടെ ഓഫീസ് പരസ്യപ്പെടുത്തുകയും ചെയ്തു.
തിളക്കത്തിലും മങ്ങല്‍
ജസ്റ്റീസ് ചന്ദ്രചൂഡിന്റെ വിലപ്പെട്ട സംഭാവനകള്‍ വിസ്മരിക്കാനാകില്ല. മികച്ച നിയമജ്ഞനും ന്യാ യാധിപനും അതിലേറെ നല്ല വ്യക്തിത്വവുമാണ് ചന്ദ്രചൂഡ്. ന്യായാധിപന്റെ റോളിലുള്ള വാദങ്ങളി ല്‍ വ്യക്തതയും കൃത്യതയുമുണ്ട്.
എന്നാല്‍, ചീഫ് ജസ്റ്റീസെന്ന നിലയിലുള്ള നിര്‍ണായക പദവിയി ലെ ചന്ദ്രചൂഡിന്റെറെ ചില പ്രധാന തീരുമാനങ്ങളെങ്കിലും സംശയിക്കപ്പെട്ടു. നിഷ്പക്ഷതയില്‍ നിഴലുകള്‍ വീണു.
ജഡ്ജി നിയമനങ്ങളിലും സര്‍ക്കാരിന്റെ സമ്മര്‍ദങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും കൊളീ ജിയം വഴങ്ങിയെന്ന സംശയം ബാക്കിയാണ്. ചന്ദ്രചൂഡിന്റെ കാലത്തെ 17 നിയമനങ്ങളില്‍ ഒരു വനി താ ജഡ്ജി പോലുമുണ്ടായില്ല.
സത്യത്തിനും നീതിക്കുംവേണ്ടി നിലപാടുകളെടുത്ത കേസുകളില്‍പോലും അന്തിമവിധിയില്‍ അതിനു വിപരീത തീരുമാനങ്ങളുണ്ടായെന്നതാണു പ്രധാന പരാതി.
നിയമലോകത്തു പലരെയും അദ്ദേഹം നിരാശരാക്കി. ഫലത്തില്‍ ജസ്റ്റീസ് ചന്ദ്രചൂഡ് വൈരുധ്യങ്ങളുടെ സമസ്യയായി. നീതിപീഠ ത്തിനു കൂടുതല്‍ തെളിമ നല്‍കാന്‍ പുതിയ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്നയ്ക്കു കഴിയുമെന്ന് ആശിക്കാം.